ADVERTISEMENT

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍ എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതലയായിരിക്കും ഇവർക്ക്.

മസ്കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സർക്കാരിന്റെ കീഴിലെ ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ 'മാലിന്യങ്ങളെയും' തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) മസ്കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.

ഡോജിന്റെ ഓരോ പ്രവർത്തനവും ഓൺലൈനിൽ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങൾക്ക് തോന്നിയാൽ അറിയിക്കണമെന്നും ഇലോൺ മസ്ക് എക്സിൽ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്സിലൂടെ ശരിവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്കുണ്ടായിരുന്നു. 38കാരനായ വിവേക് രാമസ്വാമി തുടക്കത്തിൽ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനു വേണ്ടി മാറുകയും പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു. വിവേക് തന്റെ കാബിനറ്റിലുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തേ നൽകിയിരുന്നു.

കേരളത്തിന്റെ വിവേക്

പാലക്കാട് വടക്കഞ്ചേരി സ്വദേശി വി.ജി. രാമസ്വാമിയുടെയും ഗീത രാമസ്വാമിയുടെയും മകനാണ് വിവേക്. തൃപ്പൂണിത്തുറയാണ് ഗീതയുടെ സ്വദേശം. തമിഴാണ് കുടുംബത്തിൽ സംസാരിക്കുന്നതെങ്കിലും വിവേകിന് മലയാളവും അറിയാം.

English Summary:

Elon Musk & Vivek Ramaswamy to Lead Trump's Government Efficiency Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com