ജയരാജന്റെ ആത്മകഥയിൽ വാദപ്രതിവാദം, കുത്തനെ ഇടിഞ്ഞ് സ്വർണവില– പ്രധാന വാർത്തകൾ
Mail This Article
ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലുണ്ടായ വഴിത്തിരിവും സ്വർണവില കുത്തനെ ഇടിയുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ശബരിമല നട നാളെ തുറക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വാർത്തകളിൽ നിറഞ്ഞു.
എൽഡിഎഫിന്റെ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ പൊതുസമൂഹത്തോടു പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണെന്നു ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സരിൻ ഉത്തമ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചുവെന്നും ജയരാജൻ പറഞ്ഞു. അതേസമയം, പി.സരിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അതിനിടെ, വിവാദത്തിൽ കൂടുതലൊന്നും പറയാതെ ഡിസി ബുക്സ് ഉടമ രവി ഡി.സി. പുസ്തക പ്രസാധനത്തിനു സഹായിക്കുന്ന സ്ഥാപനം മാത്രമാണ് ഡിസിയെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയ്ക്കു വ്യാജരേഖയുണ്ടാക്കി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സച്ചിന്‍ ദാസിനെയാണു തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മാപ്പുസാക്ഷിയാക്കിയത്. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. സെപ്റ്റംബർ 23നുശേഷം ആദ്യമായാണ് പവൻവില 56,000 രൂപയ്ക്കും ഗ്രാം വില 7,000 രൂപയ്ക്കും താഴെ എത്തുന്നത്.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു.