വായുഗണനിലവാര സൂചിക ‘സിവിയർ’ കാറ്റഗറിയിൽ; കടുത്ത നിയന്ത്രണങ്ങളുമായി ഡൽഹി
Mail This Article
ന്യൂഡൽഹി∙ വായുഗണനിലവാര സൂചിക ‘അതീവഗുരുതര’ (സിവിയർ) വിഭാഗത്തിൽ എത്തിയതിന് പിന്നാലെ കടുത്ത നടപടികളുമായി ഡൽഹി. ഗ്രെയ്ഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ടത്തിന് കീഴിൽ വെള്ളിയാഴ്ച മുതൽ മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ജിആർഎപി 3 നടപ്പിലാക്കില്ലെന്നായിരുന്നു വ്യാഴാഴ്ച രാവിലെ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞത്.
പ്രധാനമല്ലാത്ത നിർമാണ പ്രവർത്തനങ്ങളും പൊളിക്കൽ നടപടികളും നിർത്തിവയ്ക്കാൻ നിർദേശം നൽകി. രാജ്യസുരക്ഷ, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായുള്ള നിർമാണ പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ല. ബസ് സർവീസുകൾക്കും നിയന്ത്രണമുണ്ട്. റോഡിലെ പൊടി കുറയ്ക്കാൻ കൂടുതൽ വെള്ളം തളിക്കുന്ന യന്ത്രങ്ങൾ വിന്യസിക്കും. അടിയന്തര ഉപയോഗത്തിന് മാത്രമായി ഡീസൽ ജനറേറ്റർ സെറ്റുകൾ പരിമിതപ്പെടുത്തും. ബിഎസ് 6ന് താഴെയുള്ള ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക 400ന് മുകളിൽ കടന്നിരുന്നു. വ്യാഴാഴ്ച രാവിലെ വായുഗുണനിലവാര തോത് 428ൽ എത്തിയിരുന്നു.
വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിയുന്നത്രയും വീടുകൾക്ക് ഉള്ളിൽ കഴിയാനാണ് ഡോക്ടർമാർ നൽകുന്ന നിർദേശം. വായുഗുണനിലവാരം മോശമാകുന്ന രാവിലെയും വൈകിട്ടും പുറത്തിറങ്ങിയുള്ള പ്രവർത്തനങ്ങള്‍ കുറയ്ക്കാനാണ് ഡോക്ർമാർ നൽകുന്ന നിർദേശം. പുറത്ത് പോകുമ്പോള്‍ എൻ95 മാസ്ക് ധരിക്കുന്നതും ശീലമാക്കണം.