ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും; പമ്പയിൽനിന്ന് പ്രവേശനം ഉച്ചയ്ക്ക് ഒന്ന് മുതൽ
Mail This Article
തിരുവനന്തപുരം∙ ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 5ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറന്ന ശേഷം ആഴിയിൽ അഗ്നിപകരും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും വെളളിയാഴ്ച ചുമതലയേൽക്കും.
മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നു പൊലീസ് അറിയിച്ചു. വൃശ്ചിക മാസം 1 ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് നട തുറക്കുക.
‘ശബരിമലയിൽ പൊലീസുകാർക്ക് മാർഗനിർദേശം നൽകണം’
ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പൊലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. 18ാം പടി കയറുമ്പോൾ പൊലീസുകാരൻ കരണത്തടിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
റാന്നി ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവി മുഖാന്തരം സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് മനുഷ്യാവകാശ കമ്മിഷൻ പരാതി പരിഹരിച്ചത്. പരാതിക്കാരനു പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
അയ്യപ്പഭക്തരെ 18ാം പടി കയറാൻ ഒരു കൈ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്നും ഉത്തരവിൽ പറയുന്നു. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.