‘ശക്തമായ പാർലമെന്റിന് വേണ്ട ജനവിധിയുണ്ടാകും’: പ്രതീക്ഷയിൽ ദിസനായകെ, നിർണായകം
Mail This Article
കൊളംബോ∙ ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ് തീർത്തും സമാധാനപരം. പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യത്തിനു നിർണായകമാണ് ഫലം. കേവല ഭൂരിപക്ഷം നേടി നില സുരക്ഷിതമാക്കാന്‍ കഴിയുമെന്നാണ് അനുരയുടെ പ്രതീക്ഷ. ശക്തമായ പാർലമെന്റിനു വേണ്ട ജനവിധിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ദിസനായകെ സർക്കാരിന് സ്ഥിരത ഉറപ്പാക്കാൻ പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം വേണം. 2022 ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ശ്രീലങ്കൻ പാർലമെന്റിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിസനായകെയോടു പരാജയപ്പെട്ട റനിൽ വിക്രമസിംഗെയും രാജപക്സെ സഹോദരങ്ങളും മത്സരിക്കുന്നില്ല. 1977നു ശേഷം ഇതാദ്യമായാണു വിക്രമസിംഗെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുന്നത്. സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 79% പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ വോട്ടിങ് ശതമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. 65% പേർ വോട്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പു നടന്നത്.
1.71 കോടി വോട്ടർമാരാണ് വോട്ടു രേഖപ്പെടുത്തിയത്. 22 മണ്ഡലങ്ങളിൽ നിന്നായി 196 പേരെയാണ് ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള 29 സീറ്റ്, ലഭിച്ച ആകെ വോട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് വീതിച്ചു നൽകും. 8,800 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിൽ ദിസനായകെയുടെ പാർട്ടിയായ ജന വിമുക്തി പെരമുന (ജെവിപി) ഉൾപ്പെടുന്ന നാഷനൽ പീപ്പിൾസ് പവർ സഖ്യം വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനം.