ADVERTISEMENT

പത്തനംതിട്ട∙ നാളെ (നവംബർ 15) ശബരിമല നടതുറക്കും. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തീയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിങ് കഴിഞ്ഞു. 30ന് ഉച്ചയ്ക്ക് ശേഷമുള്ള ഏതാനും സ്ലോട്ടുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ സംവിധാനം വഴി സമയക്രമം ലഭിക്കുന്നത്. അതേസമയം, പതിനായിരം പേർക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽനിന്ന് സ്പോട് ബുക്കിങ്ങിനുള്ള അവസരമുണ്ട്. 

വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ഏതെങ്കിലും കാരണവശാൽ യാത്ര മാറ്റിവച്ചാൽ ബുക്കിങ് റദ്ദാക്കണം. അങ്ങനെ വരുമ്പോൾ സ്പോട് ബുക്കിങ്ങിലേക്ക് മാറും.  റദ്ദാക്കിയില്ലെങ്കിൽ പിന്നീട് ഇവർക്ക് അവസരം ലഭിക്കില്ല. സ്പോട് ബുക്കിങ്ങിന് ആധാറോ പകർപ്പോ ഹാജരാക്കണം. ആധാറില്ലെങ്കിൽ വോട്ടർ ഐഡിയോ പാസ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ബുക്കിങ് സാധ്യമാകൂ. ഇതിനായി പമ്പയിൽ  7 കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.  നിലയ്ക്കലിൽ മൂന്നിടങ്ങളിലായി 8000 പേർക്കും പമ്പയിൽ ഏഴായിരം പേർക്കും വിരി വയ്ക്കാൻ സൗകര്യമുണ്ട്.

മണ്ഡല മകരവിളക്കുകാലത്ത് സന്നിധാനത്ത് തിരക്കു വർധിച്ചാൽ ദർശന സമയം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ അറിയിച്ചു. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതൽ രാത്രി 11 വരെയുമാണു മണ്ഡലകാലത്തെ ദർശന സമയം.

പുതിയ മേൽശാന്തിമാർ നാളെ സ്ഥാനമേൽക്കും

അയ്യപ്പ സന്നിധിയിലെ പുതിയ മേൽശാന്തിമാരായ എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം നാളെ വൈകിട്ട് 6നു നടക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ചു ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിഷേകമാണു നടക്കുന്നത്.

കൊല്ലം ശക്തികുളങ്ങര കന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ്.അരുൺകുമാർ നമ്പൂതിരി (51), കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (54) എന്നിവർ പുറപ്പെടാശാന്തിമാരായാണു മലകയറുന്നത്.

English Summary:

Sabarimala Temple Opens Tomorrow: Virtual Queue Full for November, Spot Booking Available at Sabarimala Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com