ശ്രീലങ്കയിൽ ഇടതു തരംഗം; മണ്ഡലകാലത്തിന് ആരംഭം– പ്രധാന വാർത്തകൾ
Mail This Article
ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യം മിന്നും വിജയം നേടിയതും മണ്ഡല– മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നതുമാണ് പ്രധാന വാർത്തകൾ. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിനാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നും ജയം. പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടി.225 അംഗ പാര്‍ലമെന്റില്‍ 137 സീറ്റുകളാണ് എന്‍പിപി നേടിയിരിക്കുന്നത്.
മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്നു. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറന്നത്.
കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം–വടക്കൻ പറവൂർ മേഖലകളിലെ പത്തോളം വീടുകളിൽ ഇന്നു പുലർച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു കേന്ദ്രസഹായം നിഷേധിക്കുന്നതിനെതിരെ 19ന് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണു യുഡിഎഫ് പ്രതിഷേധം.