‘2024’ ആവർത്തിച്ചാൽ പ്രിയങ്ക രാഹുലിനു പിന്നിൽ; 5 ലക്ഷം കടക്കാൻ ‘അദ്ഭുതം’ സംഭവിക്കണം: മുന്നണികൾക്ക് ലക്ഷ്യം പലത്
Mail This Article
പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞതോടെ, വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്കു 5 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമെന്ന യുഡിഎഫ് അവകാശവാദം യാഥാർഥ്യമാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഭൂരിപക്ഷം 5 ലക്ഷത്തിനു മുകളിൽ കടക്കണമെങ്കിൽ പോൾ ചെയ്തതിന്റെ 70 ശതമാനത്തിനു മുകളിൽ വോട്ടു പ്രിയങ്കയ്ക്കു ലഭിക്കണം. എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടു വിഹിതം കുത്തനെ ഇടിയുകയും വേണം.
വയനാടിന്റെ ചരിത്രത്തിൽ കോൺഗ്രസിനു ഏറ്റവും കൂടിയ വോട്ടു വിഹിതം ലഭിച്ചത് 2019ലാണ്. അന്ന് രാഹുൽ ഗാന്ധിക്ക് ആകെ പോൾ ചെയ്തതിന്റെ 64.94% വോട്ടു ലഭിച്ചു. ഭൂരിപക്ഷം 4.31 ലക്ഷമെന്ന റെക്കോർഡ് കടക്കുകയും ചെയ്തു. അന്ന് ഇടതുപക്ഷത്തിനു ലഭിച്ചതു 25.24% വോട്ടാണ്. ബിജെപിക്കു ലഭിച്ചതു 7.25%. അതേ രീതിയിൽ വോട്ടു വിഹിതം വിഭജിച്ചാൽ പ്രിയങ്കയ്ക്കു ലഭിക്കാവുന്ന ഭൂരിപക്ഷം 3.78 ലക്ഷമാണ്. 4 ലക്ഷമെന്ന കടമ്പ കടക്കണമെങ്കിൽ തന്നെ 2019നെ മറികടക്കുന്ന രീതിയിൽ വോട്ടു വിഹിതം നേടണമെന്നു ചുരുക്കം. ഇത്തവണ വയനാട്ടിലാകെ പോൾ ചെയ്തതു 9,52,543 വോട്ടാണ്. പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 1.32 ലക്ഷം വോട്ടുകളുടെ കുറവ്.
∙ 2024 ആവർത്തിച്ചാൽ രാഹുലിനു പിന്നിൽ
എട്ടു മാസം മുൻപു നടന്ന പൊതു തിരഞ്ഞെടുപ്പിലെ വോട്ടിങ് രീതി അതേപടി ആവർത്തിച്ചാൽ അന്നു രാഹുലിനു ലഭിച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്കു ഇത്തവണയുണ്ടാകില്ല. ആകെ വോട്ടിൽ വൻ കുറവു വന്നതു തന്നെ കാരണം. ഏപ്രിലിൽ രാഹുൽ ഗാന്ധിക്ക് 59.69, ആനി രാജയ്ക്ക് 26.09, കെ.സുരേന്ദ്രന് 13.00 ശതമാനം വോട്ടു വീതമാണു ലഭിച്ചത്. വോട്ടുവിഹിതം അതേപടി ആവർത്തിച്ചാൽ പ്രിയങ്കയ്ക്കു പ്രതീക്ഷിക്കാവുന്ന ഭൂരിപക്ഷം 3.20 ലക്ഷം. രാഹുലിനു 3.60 ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
∙ പാളിയോ എല്ലാ കണക്കുകളും
മൂന്നു മുന്നണികളും വ്യത്യസ്ത ലക്ഷ്യം കുറിച്ചാണു തിരഞ്ഞെടുപ്പിനിറങ്ങിയത്. 5 ലക്ഷം ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്റെ ഉന്നം. മണ്ഡലത്തിൽ എൽഡിഎഫ് ഏറ്റവും മികച്ച പ്രകടനം നടത്തിയത് 2014ൽ സത്യൻ മൊകേരി മത്സരിച്ചപ്പോഴാണ്. ആകെ വോട്ട് മൂന്നു ലക്ഷത്തിനു മുകളിൽ പോയ അന്നത്തെ പ്രകടനം ആവർത്തിക്കുകയെന്നതായിരുന്നു ഇടതു മുന്നണിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ നേടിയ 1.41 വോട്ട് മറികടക്കുകയായിരുന്നു ബിജെപി ലക്ഷ്യം. പോളിങ് ശതമാനം കുറഞ്ഞതോടെ കണക്കു കൂട്ടലെല്ലാം പാളിയോയെന്ന ആശങ്ക മൂന്നു ക്യാംപുകളിലുമുണ്ട്.
∙ജില്ലയിൽ കുറവ് 55953 വോട്ട്
ഏപ്രിലിൽ നടന്ന പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിലെ 3 മണ്ഡലങ്ങളിൽ മാത്രം കുറഞ്ഞതു 55,953 വോട്ടാണ്. നിലമ്പൂരിൽ 20988, വണ്ടൂരിൽ 20016, ഏറനാട് 14949 വോട്ടുകൾ വീതമാണു കുറഞ്ഞത്. കഴിഞ്ഞ തവണ ഈ 3 മണ്ഡലങ്ങളിൽ നിന്നായി 1.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണു രാഹുൽ ഗാന്ധിക്കു ലഭിച്ചത്. ഇത്തവണ 2 ലക്ഷത്തിനു മുകളിലായിരുന്നു യുഡിഎഫ് പ്രതീക്ഷ. പോളിങ് കുറഞ്ഞതോടെ, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമെങ്കിലും ലഭിച്ചാൽ മതിയായിരുന്നുവെന്ന രീതിയിലേക്ക് യുഡിഎഫ് മനസ്സൊരുക്കിയിട്ടുണ്ട്.
പ്രതീക്ഷ, കണക്കു കൂട്ടൽ
∙യുഡിഎഫ്
ഇടതു കേന്ദ്രങ്ങളിലെ തണുപ്പൻ മട്ടാണ് പോളിങ് കുറയാൻ കാരണം. ഇതര ജില്ലകളിലും സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവർ വോട്ടു ചെയ്യാനെത്താത്തതും കുറവിനു കാരണമായി. പ്രിയങ്കയ്ക്ക് 5 ലക്ഷം ഭൂരിപക്ഷമെന്ന പ്രചാരണം, തങ്ങളെത്തിയില്ലെങ്കിലും യുഡിഎഫ് വൻ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന ഉദാസീനത ഒരു ചെറിയ വിഭാഗത്തിലെങ്കിലും ഉടലെടുക്കാൻ കാരണമായി. രാഹുൽ ഗാന്ധി 2019ൽ നേടിയ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. 4 ലക്ഷത്തിനു മുകളിൽ ഉറപ്പായും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.
∙എൽഡിഎഫ്
ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ച കോൺഗ്രസിനോടുള്ള മടുപ്പാണ് പോളിങ് കുറയാൻ കാരണമായത്. പ്രിയങ്കയ്ക്കു വൻ ഭൂരിപക്ഷമെന്ന പ്രചാരണം യുഡിഎഫ് വോട്ടർമാർക്കിടയിൽ തന്നെ മടുപ്പുളവാക്കി. മണ്ഡലത്തിലെ വികസന മുരടിപ്പിനോടു ജനം പ്രതികരിച്ചതും പോളിങ് കുറയാൻ കാരണമായി. 3 ലക്ഷത്തിനു മുകളിൽ വോട്ടു ലഭിക്കുമെന്നു പ്രതീക്ഷ. പ്രിയങ്കയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തിനു താഴെവരെയാകാം. രാഹുൽ ഗാന്ധിക്കു 2019ൽ ലഭിച്ച ഭൂരിപക്ഷം ഒരു കാരണവശാലും മറികടക്കില്ല.
∙ബിജെപി
യുഡിഎഫിനോടും എൽഡിഎഫിനോടുമുള്ള മടുപ്പ് പോളിങ് കുറയാൻ കാരണമായി. മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒരു വിഭാഗത്തെ വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു. കഴിഞ്ഞ തവണ കെ.സുരേന്ദ്രൻ നേടിയതിനേക്കാൾ വോട്ടു ലഭിക്കുമെന്നു പ്രതീക്ഷ. ഒരു ലക്ഷത്തിൽ കുറയാത്ത വോട്ടു ഉറപ്പായും കണക്കുകൂട്ടുന്നു.