രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കോൺഗ്രസ്, ചേവായൂരിൽ കയ്യാങ്കളി– പ്രധാനവാർത്തകൾ
Mail This Article
ഉപതിരഞ്ഞെടുപ്പ് ആവശേത്തിനിടെ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കോൺഗ്രസ് സർജിക്കൽ സ്ട്രൈക്ക്. ബിജെപിയുടെ യുവനേതാവ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു. ബിജെപി നേതൃത്വത്തോട് ഇടഞ്ഞാണു സന്ദീപിന്റെ പാർട്ടിമാറ്റം. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു.
കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘കസേര കിട്ടിയില്ലെന്നു പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി, ‘മൊഹബത് കാ ദൂക്കാനിൽ’ വലിയ കസേരകൾ കിട്ടട്ടെ’ എന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതിൽ ഒരു വിഷമവും ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ഞങ്ങൾക്കു നയമാണ് പ്രധാനം. നയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പാർട്ടി നിലപാട് എടുക്കൂ. ഒരാൾ ഇങ്ങോട്ടു വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. ഇന്നലെ വരെ നിൽക്കുന്ന നിലപാടിൽനിന്നു മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും.
അതേസമയം, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് നാളെ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം.
ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. കുറുവാ സംഘം ശബരിമല സീസണിൽ സജീവമാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.