സ്വന്തം ചോര വെന്തുമരിച്ചു; രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളിൽ പലരും ചികിത്സയിൽ: വിതുമ്പി ഝാൻസി
Mail This Article
ലക്നൗ∙ ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മഹാബ സ്വദേശിയായ കുൽദീപ് മൂന്നു നവജാതശിശുക്കളെ രക്ഷപ്പെടുത്തി. പക്ഷേ, അപ്പോഴും പത്തു ദിവസങ്ങൾക്കുമുൻപു ജനിച്ച തന്റെ കുഞ്ഞിന് എന്തുപറ്റി എന്നതിൽ കുൽദീപിന് ഇന്നു രാവിലെയും അറിയില്ല. അപകടത്തിൽപ്പെട്ട 16 കുഞ്ഞുങ്ങളാണു ജീവനുവേണ്ടി ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്. സ്വന്തം ചോരയ്ക്ക് എന്തുപറ്റിയെന്നു പോലുമറിയാതെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ നിരവധിപ്പേർ ഇപ്പോഴും ആശ്വാസത്തിന്റെ കണികയെങ്കിലും തേടിക്കൊണ്ടിരിക്കുകയാണ്.
പതിവു പരിശോധനകൾക്കായാണ് കുൽദീപും ഭാര്യയും കുഞ്ഞുമായി ആശുപത്രിയിൽ എത്തിയത്. ഇരുവരും ലോബിയിൽ ഡോക്ടർമാർക്കായി കാത്തിരുന്നപ്പോഴായിരുന്നു തീപിടിത്തം. കുൽദീപ് ഉടൻതന്നെ ഓടിയെത്തി തന്റെ കണ്ണിൽപ്പെട്ട മൂന്നു കുഞ്ഞുങ്ങളെ രക്ഷിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ കൈ പൊള്ളിയതു പോലും അദ്ദേഹം വകവച്ചില്ല.
എന്നാൽ സ്വന്തം കുഞ്ഞ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലുമുള്ള വിവരം ഇപ്പോഴും കുൽദീപിന് അറിയാൻ സാധിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം മകൻ തീപിടിത്തത്തിൽ വെന്തുമരിച്ചത് അറിയാതെയാണ് മംഗൾ സിങ് രക്ഷാപ്രവർത്തനം നടത്തിയത്. 54 നവജാതശിശുക്കളായിരുന്നു എൻഐസിയുവിൽ ഉണ്ടായിരുന്നത്. ഇവരിൽ കുറച്ചു പേരെയെങ്കിലും രക്ഷിക്കാൻ സാധിച്ചെങ്കിലും മകൻ മരിച്ച ദുഃഖം കടിച്ചമർത്തി നിൽക്കുകയാണ് അദ്ദേഹം.
∙ രക്ഷിച്ചത് 25 പേരെ
പേരക്കുട്ടി ആശുപത്രിയിൽ ആയതിനെത്തുടർന്നാണ് കൃപാൽ സിങ് രജ്പുത് സ്ഥലത്തെത്തിയത്. തീപിടിത്തം കണ്ട് ഓടിക്കയറിയപ്പോൾ ഒരു ബെഡിൽത്തന്നെ ആറു കുട്ടികളെ കിടത്തിയിരിക്കുന്നത് കണ്ടു. ആകെ 18 ബെഡുകളിലായി 54 പേരെയാണ് അവിടെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആലോചിക്കാൻ നിൽക്കാതെ 25 കുഞ്ഞുങ്ങളെയാണ് കൃപാൽ സിങ് രജ്പുത് രക്ഷിച്ചത്. പക്ഷേ, ഇതിൽപ്പലർക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ദേശീയമാധ്യമങ്ങളോടു പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് യോഗി ആദിത്യനാഥ് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതം ലഭിക്കും. അതേസമയം, 10 നവജാത ശിശുക്കൾ കൊല്ലപ്പെടാനുണ്ടായ സംഭവത്തിനു പിന്നിൽ ഷോർട് സർക്യൂട്ടെന്നു സൂചന. വെള്ളിയാഴ്ച രാത്രി മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജിലെ നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻഐസിയു) രാത്രി 10.45നാണ് തീപിടിത്തമുണ്ടായത്.