‘വന്ന ആൾക്കാൾ മുഴുവൻ ഇതിനകത്ത് നിൽക്കണമെന്നില്ല’; പാലക്കാട്ട് ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ജയിച്ച അവസാന എംഎൽഎ
Mail This Article
പാലക്കാട്∙ 2006ൽ ആഞ്ഞടിച്ച ഇടതു തരംഗത്തിലാണ് സിപിഎമ്മിന് പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് അവസാനമായി ഒരു എംഎൽഎയെ ലഭിച്ചത്. പിന്നീട് ഇടതു തരംഗങ്ങൾ രണ്ടു തവണ തുടർച്ചയായി ഉണ്ടായപ്പോഴും 2011ൽ ഒപ്പത്തിനൊപ്പമുള്ള മത്സരം ഉണ്ടായപ്പോഴും പാലക്കാട് ഷാഫി പറമ്പിലിനൊപ്പം നിന്നു. സിപിഎമ്മിന്റെ പക്കൽനിന്നു മണ്ഡലം പോയി എന്നതിനപ്പുറം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചതു തുടർച്ചയായ മൂന്നാം സ്ഥാനവും ബിജെപിയുടെ വളർച്ചയുമാണ്. ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മണ്ഡലത്തിൽനിന്നു വിജയിച്ച അവസാന എംഎൽഎയാണ് കെ.കെ. ദിവാകരൻ. ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ സരിൻ മത്സരിക്കുന്നത് സ്റ്റെതസ്കോപ്പ് അടയാളത്തിലാണ്. പാലക്കാട്ട് തിരഞ്ഞെടുപ്പ് ആവേശം അവസാനിക്കാറുമ്പോഴും മാധ്യമങ്ങൾക്കു മുന്നിൽ വരാതെ നിശബ്ദ പ്രവർത്തനം നടത്തുകയാണ് ദിവാകരൻ. അദ്ദേഹം മനോരമ ഓൺലൈനോടു സംസാരിക്കുന്നു.
∙ പാലക്കാടുനിന്നുള്ള സിപിഎമ്മിന്റെ അവസാന എംഎൽഎ ആയിരുന്നല്ലോ താങ്കൾ. പിന്നീടു മണ്ഡലത്തിൽ തുടർച്ചയായി യുഡിഎഫാണു വിജയിക്കുന്നത്. ബിജെപിയും വളർന്നു. എന്താണ് സംഭവിച്ചത്?
പ്രധാനമായും മണ്ഡല പുനർനിർണയമാണു കാരണം. 2006ൽ ആയിരത്തിൽപ്പരം വോട്ടുകൾക്കാണു ഞാൻ വിജയിച്ചത്. മണ്ഡലം പുനർനിർണയിച്ചതോടെ ഞങ്ങൾക്കു സ്വാധീനമുണ്ടായിരുന്ന പല സ്ഥലങ്ങളും പോയി. പകരം വന്ന സ്ഥലങ്ങളിൽ ഞങ്ങൾക്ക് വോട്ടുകളുണ്ട്. പക്ഷേ, എത്ര ഭൂരിപക്ഷം അവിടെയൊക്കെ നേടിയാലും പോയ സ്ഥലങ്ങളുടെ അടുത്ത് അവയൊന്നും എത്തില്ല.
∙ മണ്ഡലത്തിൽ ബിജെപി ഇത്തരത്തിൽ വളരുമെന്ന് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ?
ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു. പലപ്പോഴും പരോക്ഷമായും പ്രത്യക്ഷമായും സിപിഎമ്മിനെ എതിർക്കാൻ ബിജിപിയും കോൺഗ്രസ് കൂട്ടുപിടിച്ചിരുന്നു. പരസ്പരം സഹകരിച്ചുള്ള എതിർപ്പായിരുന്നു അവർക്ക് പാലക്കാട്ടെ സിപിഎമ്മിനോട് ഉണ്ടായിരുന്നത്. ബിജെപിയെ കോൺഗ്രസ് വിമർശിക്കാറില്ലായിരുന്നു. വ്യത്യസ്തമായ വോട്ടിങ് പാറ്റേണിന് അതൊക്കെ സഹായിച്ചിട്ടുണ്ട്. കൃഷ്ണകുമാർ ഏതു കാലത്തും മത്സരിക്കുന്ന ഒരാളാണ്. അയാൾക്കു തീരെ സ്വാധീനമില്ലെന്നു പറയുന്നതു ശരിയല്ല. അൽപ്പമൊക്കെ സ്വാധീനമുണ്ട്. ബിജെപി വളരുന്നതിന്റെ ഭവിഷ്യത്ത് കോൺഗ്രസ് അനുഭവിക്കും.
∙ ആദ്യ മത്സരത്തിൽ എ.വി. ഗോപിനാഥിനെ ആണല്ലോ പരാജയപ്പെടുത്തിയത്?
എന്നെ നിർബന്ധിച്ചു മത്സരിപ്പിച്ചതാണ്. എനിക്കു മത്സരിക്കാൻ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. അന്ന് ഗോപിനാഥിനൊപ്പം ഒ. രാജഗോപാലും എതിരാളിയായി ഉണ്ടായിരുന്നു എന്ന് ഓർമിക്കണം.
∙ കെ. ശങ്കരനാരായണൻ ആയിരുന്നല്ലോ മണ്ഡലത്തിൽ അതിനു മുൻപ് എംഎൽഎ ആയിരുന്നത്?
അദ്ദേഹം വളരെ സ്നേഹസമ്പന്നനായിരുന്നു. തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം വീട്ടിൽ പോയപ്പോൾ വലിയ സ്വീകരണം തന്നു. ഭക്ഷണം കഴിപ്പിച്ചിട്ടാണ് വിട്ടത്. ഞാൻ വിളിക്കുന്ന പരിപാടികളിലൊക്കെ അദ്ദേഹം വരുമായിരുന്നു.
∙ 2011ൽ തോൽവി പ്രതീക്ഷിച്ചിരുന്നോ?
ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മുൻപ് അപകടത്തിലേക്കാണെന്ന് എനിക്ക് തോന്നി. മണ്ഡലം പുനർനിർണയം നടത്തിയതിലെ പ്രശ്നങ്ങൾ അപ്പോഴാണു മനസ്സിലാക്കിയത്. കൂട്ടിച്ചേർത്ത സ്ഥലങ്ങളിൽ എനിക്കുള്ള ബന്ധം പരിമിതമായിരുന്നു.
∙ എംഎൽഎ എന്ന നിലയിൽ ഷാഫി പറമ്പിലിന്റെ 13 വർഷത്തെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ?
കുറേക്കൂടി കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ അടുപ്പക്കാരോടാണ് ഷാഫി താൽപര്യം കാണിച്ചത്.
∙ ഷാഫി മണ്ഡലം വിട്ടുപോയത് പാലക്കാടിനു നഷ്ടമായിരിക്കുമോ?
ഒരു നഷ്ടവുമില്ല. അദ്ദേഹത്തിനു തന്നെ ഉറപ്പാണ് ഇത്തവണ ജയിക്കില്ലെന്ന്. ഷാഫിക്കും കോൺഗ്രസിനും പ്രതീക്ഷയില്ല.
∙ 2011ൽ പരാജയപ്പെട്ടപ്പോൾ പാർലമെന്ററി പ്രവർത്തനം പിന്നെ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നോ?
എന്റെ മേഖല അതല്ലെന്ന് എനിക്ക് അറിയാമായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനം അഖിലേന്ത്യ തലത്തിൽ നടത്തുകയാണ് ഇപ്പോൾ.
∙ അവസാന നിമിഷം കോൺഗ്രസിൽനിന്നു വന്ന സരിന്റെ സ്ഥാനാർഥിത്വത്തെ എങ്ങനെ നോക്കിക്കാണുന്നു?
സരിൻ കോൺഗ്രസുകാരൻ ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ആ രാഷ്ട്രീയത്തിൽ അയാൾക്കെതിരെ ഒരു ആരോപണമോ ആക്ഷേപങ്ങളോ വന്നിട്ടില്ല. കോൺഗ്രസ് എടുക്കുന്ന രാഷ്ട്രീയ സമീപനങ്ങളെ അദ്ദേഹം എതിർത്തിരുന്നു. സരിനു നല്ല പിന്തുണ കിട്ടുന്നുണ്ട്. പിണറായി ചിരിക്കാറില്ലെങ്കിലും പറയുന്ന കാര്യങ്ങൾ നടപ്പാക്കും എന്നാണു വോട്ടർമാർ പറയുന്നത്.
∙ രാഹുൽ മാങ്കൂട്ടത്തിലിനെ എങ്ങനെ വിലയിരുത്തുന്നു?
അവരുടെ പാർട്ടിക്കുള്ളിൽ തന്നെ ആക്ഷേപമുണ്ടല്ലോ.
∙ പാലക്കാടുനിന്ന് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ഇനി എന്നാണ് ഒരു എംഎൽഎ ഉണ്ടാവുക?
ഓരോ സമയത്തെയും കാര്യങ്ങൾ അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്.
∙ സിപിഎമ്മിന് സ്വതന്ത്രരെ കൂടെക്കൂട്ടി പല തിക്താനുഭവങ്ങളുമുണ്ട്. ഏറ്റവും ഒടുവിൽ അൻവർ വരെ?
അതൊക്കെ ഉണ്ടാകും. വന്ന ആൾക്കാൾ മുഴുവൻ ഇതിനകത്തു തന്നെ നിൽക്കണമെന്നില്ല. വന്ന ആൾ വന്ന പോലെ പോയിട്ടുണ്ടാകും. പക്ഷേ കുറച്ചുപോരെ പോയിട്ടുള്ളൂ എന്ന് ഓർക്കണം. പാർട്ടിയുടെ ഉയർന്ന ഘടകങ്ങളിൽ വരെ എത്തിയ ആൾക്കാരുണ്ട്. നമ്മുടെ രാഷ്ട്രീയം അംഗീകരിക്കുന്നുണ്ടോ അതാണ് പ്രധാന ചോദ്യം.