‘പാലക്കാടിന്റെ സ്റ്റിയറിങ് എങ്ങോട്ട് തിരിയും ?’; ശങ്കരനാരായണന്റെ വളയം പിടിച്ച പ്രഭാകരൻ
Mail This Article
പാലക്കാട് ∙ കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുൻ ഗവർണർ കെ.ശങ്കരനാരായണന്റെ ഡ്രൈവറും പാചകക്കാരനുമായിരുന്ന ഒലവക്കോട് സ്വദേശി സി.പ്രഭാകരൻ ഇന്നും പാലക്കാട് നഗരത്തിൽ വളയം പിടിക്കുന്നുണ്ട്. വോട്ടെടുപ്പിന്റെ ആവേശം കണ്ടും കേട്ടും നഗരത്തിലൂടെ ടാക്സി ഓടിക്കുമ്പോൾ പ്രഭാകരന്റെ ഓർമകൾ പിന്നിലേക്കു പായും. 1977ൽ തൃത്താലയിൽനിന്നു വിജയിച്ച് ശങ്കരനാരായണൻ കൃഷി മന്ത്രി ആയിരിക്കെയാണ് അദ്ദേഹത്തിന്റെ സാരഥിയായി പ്രഭാകരൻ ഒപ്പം കൂടിയത്.
1980ൽ അദ്ദേഹം മണ്ഡലം മാറി ശ്രീകൃഷ്ണപുരത്തെത്തി സിപിഎമ്മിലെ എം.പി.കുഞ്ഞിനെ പരാജയപ്പെടുത്തി. 1982ൽ ഇ. പത്മനാഭനോടു ശങ്കരനാരായണൻ പരാജയപ്പെട്ടതോടെ പ്രഭാകരന്റെ ജോലി പോയി. ഒരു ട്രാവൽസിൽ ജോലിക്കു കയറിയെങ്കിലും ശങ്കരനാരായണനുമായി അടുപ്പം തുടർന്നു. ജീവിതം കരയ്‌ക്കെത്തിക്കാനുള്ള ഓട്ടത്തിനിടയിൽ പല ദുരന്തങ്ങളും നേരിട്ടെങ്കിലും അതൊന്നും ശങ്കരനാരായണനെ താൻ അറിയിച്ചിരുന്നില്ലെന്ന് പ്രഭാകരൻ പറയുന്നു.
പ്രാരാബ്ധങ്ങൾക്കിടെ രക്തസമ്മർദം കാരണം ശരീരത്തിന്റെ ഒരു വശം തളർന്നുപോയ ഭാര്യ കട്ടിലിൽ കിടന്നത് പന്ത്രണ്ട് വർഷം. ഇതിനിടെ കുടുംബ വീട് കൈക്കലാക്കിയ സഹോദരൻ തന്നെയും ഭാര്യയേയും രണ്ട് പെൺമക്കളെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പ്രഭാകരൻ പറയുന്നു. മരുന്നിനു മാത്രം മാസം പതിമൂവായിരം രൂപയോളം ചെലവാകുമായിരുന്നു. പന്ത്രണ്ട് വർഷവും ഭാര്യയെ കുഞ്ഞിനെ പരിപാലിക്കും പോലെ നോക്കി. 2020ൽ പ്രഭാകരനു കോവിഡ് പിടിപ്പെട്ടതിനു പിന്നാലെ ഭാര്യയ്ക്കും അസുഖം ബാധിച്ചു. നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പ്രഭാകരൻ ഭാര്യ മരിച്ച് സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് മരണവിവരം അറിയുന്നത്.
‘‘ശങ്കരനാരായണൻ സാറിന്റെ മരണമറിഞ്ഞ് അവസാനമായി കാണാൻ പോയപ്പോൾ വലിയ വിഷമമുണ്ടായിരുന്നു. വെജിറ്റേറിയൻ ഭക്ഷണത്തിനോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ താൽപര്യം. മോരു കറിയും ചീരയും ഉണ്ടെങ്കിൽ അതുമതി പ്രഭാകരാ എന്ന് എപ്പോഴും പറയുമായിരുന്നു. ടാക്സിയിൽ കയറുന്നവരോട് ഞാൻ രാഷ്ട്രീയം സംസാരിക്കാറില്ല. എന്നാൽ തിരഞ്ഞെടുപ്പ് ആയതോടെ എല്ലാവരും രാഷ്ട്രീയം പറയുകയാണ്. നഗരത്തിലെ കാഴ്ചകൾ കാണുമ്പോൾ അവർക്ക് മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ. മണ്ഡലത്തിൽ മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്നു തോന്നുന്നു’’ – പ്രഭാകരൻ പറഞ്ഞു.3500 രൂപ മാസവാടകയുള്ള ചെറിയ വീട്ടിലാണ് പ്രഭാകരൻ ഇപ്പോൾ താമസിക്കുന്നത്. ഭാര്യ പോയതിന്റെ ദുഃഖം മനസ്സിൽനിന്നു മാറിയിട്ടില്ല. അവസാനമായി ഒരുനോക്കു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമാണ് ബാക്കി.