ADVERTISEMENT

കൊച്ചി ∙ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് മുനമ്പത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് എറണാകുളം കേന്ദ്രീകരിച്ചുള്ള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി പ്രശ്നത്തെ മുൻനിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സമിതി പ്രസിഡന്റ് ഷരീഫ് ഹാജി പുത്തൻപുരയും കൺവീനർ മുജീബ് റഹ്മാനും അഡ്വ. അലിയാർ മുവാറ്റുപുഴയും അടക്കമുള്ള ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇതിനെ മുസ്‍ലിം–ക്രിസ്ത്യൻ സമുദായ പ്രശ്നമായി മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് അവർ പറഞ്ഞു. വഖഫ് ഭൂമിയിൽ തങ്ങൾ നടത്തിയിട്ടുള്ള  ക്രമക്കേടുകൾ പുറത്തു വരാതിരിക്കാനാണ് മുസ്‍ലിം സമുദായത്തിന്റെ പേരിൽ ചില ആളുകളും സംഘടനകളും വിഷയത്തിൽ ഇടപെടുന്നത് എന്നും സമിതി ആരോപിച്ചു.

‘‘വഖഫ് ഭൂമിയായി റജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞാൽ അത് സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയാണ്. പിന്നെ സർക്കാരാണ് അതിന്റെ അവകാശി. ആ രീതിയിൽ വഖഫ് ഭൂമിയാണ് മുനമ്പത്തേത്. അത് സർക്കാരിൽ നിക്ഷിപ്തമാണ്. പരമ്പരാഗതമായി ഇവിടെ കുടികിടപ്പവകാശമുള്ളവരെ അവിടെ തന്നെ തുടരാൻ അനുവദിക്കണം. ബാക്കി വഖഫിന് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികളുണ്ടാകണം. പാവപ്പെട്ടവരും കുറച്ചു സ്ഥലം മാത്രമുള്ളവരേയും പുനരധിവസിപ്പിക്കണം. അതിനുള്ള തുക ഈ ഭൂമി അനധികൃതമായി വിറ്റ ഫാറൂഖ് കോളജിൽ നിന്ന് തന്നെ ഈടാക്കുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. മുനമ്പത്ത് ഭൂമി സ്വന്തമാക്കിയിട്ടുള്ള വന്‍കിടക്കാരെ സംരക്ഷിക്കുന്ന നടപടികളുണ്ടാകരുത്. സാധുക്കളും സാധാരണക്കാരുമായ ആളുകളെ മുൻനിർത്തി വർഗീയ ധ്രുവീകരണം നടത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്’’ – സമിതി പ്രവർത്തകർ പറഞ്ഞു. 

‘‘ഇത് സർക്കാരിനോ വ്യക്തികള്‍ക്കോ പരിഹരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സമിതി പറഞ്ഞു. നിയമപരമായ പരിഹാരം മാത്രമാണ് മുനമ്പത്തും ബാക്കിയുള്ള വഖഫ് സ്ഥലങ്ങളിലും സാധ്യമാവുക. 1950 മുതൽ നിലനിൽക്കുന്ന കേസും കാര്യങ്ങളുമാണ്. അതുകൊണ്ട് തന്നെ അത് നിയമപരമായി തീരണം. അവിടെ താമസിക്കുന്നവരെ മുഴുവൻ ഇറക്കിവിട്ട് ഭൂമി പിടിച്ചെടുക്കണമെന്ന് തങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.’’ – സമിതി പ്രവർത്തകർ പറഞ്ഞു. 22ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ തങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ അറിയിച്ചു.

English Summary:

Waqf Land Dispute: Committee Alleges Politicization and Communalization in Munambam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com