ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ദുരന്തനിവാരണത്തിനു കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പു നേട്ടത്തിനു വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

‘‘വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇതു നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വാദം. കേട്ടതു പാതി കേൾക്കാത്തതു പാതി കോൺഗ്രസും അതിനെ പിന്തുണച്ചു. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയിൽ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവയ്ക്കാൻ അനുവദിച്ചതും സർക്കാർ മറച്ചുവച്ചു. എയർ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം നൽകിയ പിഡിഎൻഎ റിപ്പോർട്ട് പരിശോധിച്ചു വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്നുറപ്പാണ്’’ – സുരേന്ദ്രൻ പറഞ്ഞു.

എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും എത്ര രൂപ വയനാടിനു വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ ജനങ്ങളോട് പറയണം. ഇല്ലാത്ത കാര്യത്തിനു വേണ്ടി ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിച്ചതിനു ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനമേറ്റു വാങ്ങേണ്ടി വന്നത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കപടത വ്യക്തമാക്കുന്നതാണ്. ഒരു മുന്നറിയിപ്പു പോലും നൽകാതെയാണ് എൽഡിഎഫും യുഡിഎഫും ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിച്ചത്. കേരളത്തെ കയ്യയച്ച് സഹായിക്കാൻ തയാറായി നിൽക്കുന്ന പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണമാണ് രണ്ട് മുന്നണികളും നടത്തിയത്. ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച ഭരണ-പ്രതിപക്ഷം നാടിനെ ഒറ്റുകൊടുക്കുന്നവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

K. Surendran criticizes Kerala government – He speak against government and opposition regarding Wayanad disaster relief.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com