ADVERTISEMENT

തിരുവനന്തപുരം∙ മുനമ്പം സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. നാളെ വൈകീട്ട് നാല് മണിയ്ക്ക് ഓൺലൈൻ വഴിയായിരിക്കും ചർച്ച നടത്തുക. മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരസമിതിക്കാരെ മുഖ്യമന്ത്രിക്ക് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ജുഡീഷ്യൽ കമ്മീഷനെതിരെ നേരത്തെ സമരക്കാർ രംഗത്തെത്തിയിരുന്നു. ജുഡീഷ്യൽ കമ്മിഷനെ വച്ചത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകുമെന്നുമായിരുന്നു സമരസമിതി പ്രവർത്തകരുടെ പ്രതികരണം.

ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യൽ കമ്മിഷനെ വയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ പരിശോധിക്കുമെന്നും യോഗത്തിന് ശേഷം മന്ത്രിമാർ ഉറപ്പ് നൽകിയിട്ടുണ്ട്. സമരം പിൻവലിക്കണമെന്നാണ് സർക്കാരിന്റെ അഭ്യർഥന.

അതേസമയം ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം നടത്തണമെന്ന സർക്കാരിന്റെ തീരുമാനം തള്ളി മുനമ്പം സമര സമിതി രംഗത്തെത്തി. 2008ൽ നിയോഗിച്ച നിസ്സാർ കമ്മിഷൻ ജുഡീഷ്യൽ കമ്മിഷൻ ആയിരുന്നുവെന്നും തുടർന്ന്  2022ൽ മുനമ്പം നിവാസികൾ അറിയാതെയാണ് ഭൂമി വഖഫ് ബോർഡിലേക്ക് എഴുതിയെടുത്തതെന്നും സമരസമിതി ആരോപിച്ചു. തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മിഷനെ വയ്ക്കുന്നതെന്നാണ് സമരസമിതിയുടെ ആരോപണം. 33 വർഷം റവന്യൂ അവകാശങ്ങൾ ഉണ്ടായിരുന്ന ഭൂമിയെക്കുറിച്ച് കമ്മിഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നത് ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ നിഷേധമാണെന്നും സമര സമിതി ആരോപിച്ചു.

English Summary:

Munambam Issue - CM Pinarayi VIjayan to placate protesters; Online discussion tomorrow evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com