ADVERTISEMENT

കൊച്ചി∙ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്കു കടന്നു കഴിഞ്ഞു. രാജ്യത്തെ 98% പിൻകോഡുകളിലും സാന്നിധ്യമുള്ള പേടിഎം, ഓഹരി വിപണിയിലുള്ള നിക്ഷേപം രാജ്യത്തിന്റെ മുക്കിലും മൂലയിലുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റോക് ബ്രോക്കിങ് ആരംഭിച്ചത്. കമ്പനിയുടെ ഇൻവെസ്റ്റ്മെന്റ് ആൻഡ് വെൽത്ത് മാനേജ്മെന്റ് വിഭാഗമായ പേടിഎം മണിയിലൂടെയാണു സേവനങ്ങൾ ലഭ്യമാകുക്കുന്നത്.

പേടിഎം മണി സിഇഒ വരുൺ ശ്രീധറുമായി നടത്തിയ പ്രത്യേക അഭിമുഖം

∙ പേടിഎമ്മിന്റെ പുതിയ സേവനത്തോടു നിക്ഷേപകരുടെ പ്രതികരണം എങ്ങനെ?

സമഗ്ര ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോം എന്ന നിലയിലാണ് പേടിഎം സ്റ്റോക് ബ്രോക്കിങ് സേവനത്തിലേക്കു കടന്നത്. പേടിഎം മണിയിലൂടെ സുരക്ഷിതവും വിശ്വസനീയവുമായ ഓഹരി വിൽപന–നിക്ഷേപ പ്ലാറ്റ്ഫോമാണ് ഒരുക്കുന്നത്. യുവ നിക്ഷേപകരെയും നിലവിലെ നിക്ഷേപകരെയും ആകർഷിക്കാൻ പ്ലാറ്റ്ഫോമിനു കഴിയും. മികച്ച പ്രതികരണം ഇപ്പോൾ ലഭിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം മാത്രം 10 ലക്ഷം നിക്ഷേപകർ എന്നതാണു ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമങ്ങളിൽനിന്നും ചെറുനഗരങ്ങളിൽ നിന്നുമുള്ള യുവ നിക്ഷേപകരെത്തുന്നതു പ്രതീക്ഷ പകരുന്നു.

രാജ്യത്തെ എല്ലാവരിലേക്കുമെത്തുന്ന തരത്തിൽ ഡിജിറ്റൽ നിക്ഷേപത്തിന്റെ ജനാധിപത്യവൽക്കരണം പേടിഎം സാധ്യമാക്കും. പ്ലാറ്റ്ഫോമിൽ മുൻകൂറായി നിക്ഷേപിച്ചത് 2.2 ലക്ഷം ആളുകളാണ്. ഇതിൽ 65 ശതമാനവും 18നും 35നും ഇടയിൽ പ്രായമുള്ളവരാണ്. ഇതു മില്ലേനിയൽസിന് ഓഹരി നിക്ഷേപത്തിലുള്ള വലിയ താൽപര്യം പ്രതിഫലിപ്പിക്കുന്ന കണക്കാണ്. മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഇക്വിറ്റി ബ്രോക്കർ ആയി കമ്പനി മാറും.

∙ ഈ നേട്ടം എങ്ങനെ സാധ്യമാകും?

ഏറ്റവും ലളിതമായ സ്റ്റോക് ബ്രോക്കിങ് പ്ലാറ്റ്ഫോം എന്നതാണ് ലക്ഷ്യത്തിലേക്കുള്ള മാർഗം സുഗമമാക്കുന്ന ഘടകം. മിനിറ്റുകൾക്കുള്ളിൽ ഏറ്റവും ലളിതമായ രീതിയിൽ ഓഹരി നിക്ഷേപവും വിൽപനയും സാധ്യമാകും. സാധാരണക്കാർക്ക് അവരുടെ വീട്ടിലെ വരുമാനത്തിന്റെ ചെറിയൊരു അംശം വരെ വളരെ എളുപ്പത്തിൽ നിക്ഷേപിക്കാം.

∙ സമഗ്ര ഡിജിറ്റൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് പേടിഎം എത്തിയതെങ്ങനെ?

കമ്മിഷനെടുക്കാത്ത ഡയറക്ട് മ്യൂച്വൽ ഫണ്ടോടെയാണ് പേടിഎം മണിയുടെ തുടക്കം. വളരെ ലളിതമായി മിനിറ്റുകൾക്കുള്ളിൽ എസ്ഐപി, മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താവുന്ന സാഹചര്യമൊരുക്കി. റെഗുലർ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനം കമ്മിഷൻ ഇവിടെ നിക്ഷേപകർക്കു ലാഭിക്കാം. പേടിഎം മണി നാഷനൽ പെൻഷൻ സ്കീമും ആരംഭിച്ചു. നിക്ഷേപകരുടെ റിട്ടയർമെന്റ് സുരക്ഷിതമാക്കുന്ന പെൻഷൻ സ്കീം ആരംഭിക്കുന്ന ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്ഫോമാണു പേടിഎം. പേടിഎം മണിയിലൂടെ സ്വർണം വാങ്ങാം. സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കാം.

∙ നിലവിൽ ഓഹരി നിക്ഷേപം രാജ്യത്തെ ചെറിയൊരു ശതമാനം ആളുകൾക്കു മാത്രമാണുള്ളത്. രാജ്യത്തെ സാധാരണക്കാരുടെ ഇടയിലേക്കും ഓഹരി നിക്ഷേപത്തിന്റെ സാധ്യതയെത്തിക്കുന്നതെങ്ങനെ?

പേടിഎമ്മിന്റെ ഉപയോക്താക്കളുടെ എണ്ണം തന്നെയാണിതിന്റെ ഉത്തരം. 70 ലക്ഷം ആളുകൾ നിലവിൽ പേടിഎം മണി സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിൽ 70 ശതമാനം ആളുകളും ഡിജിറ്റൽ നിക്ഷേപത്തിലേക്ക് ആദ്യമെത്തിയവരാണ്. സാങ്കേതികവിദ്യ യുവാക്കൾക്ക് പുതിയ നിക്ഷേപ അവസരങ്ങൾ നൽകുകയാണ്. ഏത് പോർട്ട്ഫോളിയോയിലുള്ള നിക്ഷേപവും നടത്താമെന്ന പ്രത്യേകതയുണ്ട്. 100 രൂപ മുതൽ നിക്ഷേപിച്ചു തുടങ്ങാം. 100% പേപ്പർരഹിത അക്കൗണ്ട്, ഡിജിറ്റൽ കെവൈസി എന്നിവയെല്ലാം ചെറുപ്പക്കാരെ ആകർഷിക്കുന്നവയാണ്.

മാർക്കറ്റ് റിസർച്ചിനുള്ള അവസരവും മാർക്കറ്റിലെ ചലനങ്ങൾ മനസ്സിലാക്കാനുള്ള വഴികളുമെല്ലാം ആപ്പിലുണ്ട്. കസ്റ്റമൈസ്ഡ് വാച്ച്ലിസ്റ്റ്, 50 സ്റ്റോക്കുകളുടെ പ്രൈസ് ലിസ്റ്റ് അലർട്ടുകൾ എന്നിവയും ഉപയോക്താക്കൾക്കു ലഭിക്കും. ഇടപാടുകൾക്കു പ്രത്യേക ഫീസോ, ഇൻവെസ്റ്റ്മെന്റ് ഫീസോ ഒന്നും ഈടാക്കുന്നില്ല.

English Summary: Paytm Money now facilitates investments in Initial Public Offers: Interview with varun sridhar CEO 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com