റെയ്ഹാന്റെ ലോകം, രാജീവിന്റേയും; മുത്തച്ഛന്റെ വഴിയിൽ പ്രിയങ്കയുടെ മകൻ
Mail This Article
രാജീവ് ഗാന്ധിയുടെ വഴിയേ പ്രിയങ്ക ഗാന്ധിയുടെയും റോബർട് വാധ്രയുടെയും മകൻ റെയ്ഹാൻ രാജീവ് വാധ്രയും. രാഷ്ട്രീയത്തിലിറങ്ങും മുൻപ് രാജീവിന്റെ പ്രിയപ്പെട്ട ഹോബിയായിരുന്നു ഫൊട്ടോഗ്രഫി. മുത്തച്ഛന്റെ അതേ വഴിയിലാണു താനുമെന്ന് ഇരുപതുകാരൻ റെയ്ഹാന്റെ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു...
നാലു വർഷം മുൻപു കൂട്ടുകാർക്കൊപ്പം സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തുകൊണ്ടു തകർന്ന റെയ്ഹാന്റെ ഇടതുകണ്ണിലേക്ക് ഇനിയും വെളിച്ചം കടന്നു ചെന്നിട്ടില്ല. അന്നുമുതൽ കാണുന്ന കാഴ്ചകളിലെല്ലാം പാതിമറഞ്ഞ് ഇരുട്ടുണ്ട്. ഒരു കണ്ണിൽ ഇരുൾ വീണപ്പോഴും റെയ്ഹാൻ ക്യാമറ താഴെ വച്ചില്ല. വർഷങ്ങൾക്കു മുൻപ് അമ്മ ആദ്യമായി സമ്മാനിച്ച നാൾ മുതൽ അതു ജീവിതത്തിന്റെ ഭാഗമാണ്.
സംഭവബഹുലമായ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അലകടൽ എക്കാലവും റെയ്ഹാന്റെ കൺമുന്നിലുണ്ടായിരുന്നു. രാഷ്ട്രീയത്തിരമാലയുടെ സ്പർശമേൽക്കാതെ അമ്മ കാത്ത മകനാണ്. സ്വപ്നങ്ങളെ പിന്തുടരാൻ അമ്മ നൽകിയ ആത്മവിശ്വാസത്തിന്റെ കരംപിടിച്ച് കാഴ്ചകളുടെ ലോകത്തേക്ക് ഒരു കണ്ണിലെ വെളിച്ചവുമായി നടന്നിറങ്ങിയവൻ. കൺമുന്നിൽ തെളിഞ്ഞതും തേടി കണ്ടെത്തിയതുമെല്ലാം ക്യാമറയിൽ പകർത്തി. അവയെല്ലാം ചേർത്തുവച്ചു രാജ്യതലസ്ഥാനത്ത് ഫോട്ടോപ്രദർശനമൊരുക്കി.
പ്രദർശനം കാണാനെത്തിയ അമ്മ മകനെ ചേർത്തുപിടിച്ചു പറഞ്ഞു – ‘ജീവിതത്തിൽ സ്വന്തം വഴി കണ്ടെത്തിയ ഇവനെയോർത്ത് ഞാൻ അഭിമാനിക്കുന്നു’. പിന്നാലെ അമ്മയെടുത്ത സെൽഫിയിലേക്കു നോക്കി റെയ്ഹാൻ രാജീവ് വാധ്ര നിറഞ്ഞ മനസ്സോടെ ചിരിച്ചു. അമ്മ പ്രിയങ്ക ഗാന്ധിയുടെ അതേ നുണക്കുഴിച്ചിരി!
ഇരുപതാം വയസ്സിൽ ജീവിതത്തിലെ ആദ്യ ഫോട്ടോപ്രദർശനത്തിന്റെ അരങ്ങിലിരുന്ന് റെയ്ഹാൻ ‘മനോരമ’യോടു മനസ്സ് തുറന്നു.
അമ്മയ്ക്കൊപ്പം കാട്ടിൽ
അമ്മയാണ് എനിക്ക് ആദ്യമായി ക്യാമറ സമ്മാനിച്ചത്. അന്നെനിക്ക് 9 വയസ്സ്. രാജസ്ഥാനിലെ രത്തംബോർ കടുവാ സങ്കേതത്തെക്കുറിച്ച് അമ്മ ഒരു പുസ്തകം (രത്തംബോർ: ദ് ടൈഗേഴ്സ് റിലം) എഴുതുന്ന സമയമായിരുന്നു അത്. അമ്മയ്ക്കൊപ്പം രത്തംബോറിലേക്കു ഞാൻ നിരന്തരം യാത്രകൾ പോയി. കടുവയെ പിന്തുടരുന്നതിനായി ദിവസവും 10 മണിക്കൂർ വരെ അമ്മ ജീപ്പിൽ ഇരിക്കും; ഒപ്പം ഞാനും.
വന്യജീവികളുടെ ചിത്രമെടുക്കുന്നതിന്റെ ആദ്യപാഠങ്ങൾ അവിടെ വച്ച് അമ്മ പറഞ്ഞുതന്നു. ഒരു ചിത്രത്തിന്റെ പൂർണതയ്ക്കു വേണ്ട കാര്യങ്ങൾ പഠിപ്പിച്ചു. അമ്മയ്ക്കൊപ്പമുള്ള യാത്രകളിലൂടെ കാടിനെയും ഫൊട്ടോഗ്രഫിയെയും ഞാൻ സ്നേഹിച്ചു തുടങ്ങി. കാടിനെക്കുറിച്ചുള്ള 9 വയസ്സുകാരന്റെ കൗതുകം വന്യജീവി ചിത്രങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമായി വളർന്നു. പിന്നീടു വർഷത്തിൽ രണ്ടും മൂന്നും തവണ ഞാൻ കാടുകയറാൻ തുടങ്ങി. എന്റെ മനസ്സ് ഏറ്റവും ശാന്തമാകുന്നതു കാടിന്റെ മടിയിലിരിക്കുമ്പോഴാണെന്നു തിരിച്ചറിഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ രത്തംബോറിൽനിന്നു റെയ്ഹാൻ പകർത്തിയ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാട്ടുചെടികൾക്കിടയിൽ ഒളിച്ചിരിക്കുന്ന കടുവയുടെ തീക്ഷ്ണമായ കണ്ണിലേക്കു സൂക്ഷ്മമായി ഫോക്കസ് ചെയ്ത ചിത്രത്തിൽ റെയ്ഹാന്റെ പ്രതിഭ വെട്ടിത്തിളങ്ങി.
കാഴ്ച മറച്ച കളി
2017ൽ ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ പഠിക്കുമ്പോൾ, കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ അപകടത്തിന്റെ വേദന റെയ്ഹാന്റെ കണ്ണിൽ ഇന്നുമുണ്ട്. കുതിച്ചെത്തിയ പന്ത് ഇടതുകണ്ണിലേക്ക് ആഞ്ഞു പതിച്ചു. കണ്ണിൽ ഇരുട്ടു വീണു. യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കുകൾ മാറ്റിവച്ച് പ്രിയങ്ക മകനരികിലേക്ക് ഓടിയെത്തി. നാളുകൾ നീണ്ട ചികിൽസയ്ക്കുശേഷവും കണ്ണിലേക്കു വെളിച്ചം തിരിച്ചെത്തിയില്ല. എല്ലാമെല്ലാമായ ഫൊട്ടോഗ്രഫി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്നു ഭയപ്പെട്ട നാളുകൾ.
തളരരുതെന്നു പറഞ്ഞ് അമ്മ ചേർത്തുപിടിച്ചു. പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടു പോകണമെന്ന പ്രിയങ്കയുടെ വാക്കുകളിൽനിന്നു പ്രചോദനമുൾക്കൊണ്ട് റെയ്ഹാൻ വീണ്ടും ക്യാമറയെടുത്തു. ഒരു കണ്ണിൽ ഇരുട്ടും മറുകണ്ണിൽ വെളിച്ചവും കലർന്ന തന്റെ കാഴ്ചകൾ പോലെ തന്നെയാവണം താൻ പകർത്തുന്ന ചിത്രങ്ങളുമെന്നു തീരുമാനിച്ചു; കാഴ്ചകളിലെ ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമുകളിലേക്ക് അവൻ ക്യാമറ തിരിച്ചു.
ബിരുദ പഠനത്തിനായി ലണ്ടനിലെ എസ്ഒഎഎസ് സർവകലാശാലയിൽ (സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ്) പൊളിറ്റിക്കൽ സയൻസിനു ചേർന്നതോടെ, റെയ്ഹാൻ തന്റെ ഫൊട്ടോഗ്രഫിയുടെ രണ്ടാം അധ്യായം തുറന്നു. ഇന്ത്യയിലെ കാടുകളിൽനിന്നു ലണ്ടനിലെ നഗര ജീവിത കാഴ്ചകളിലേക്കു തന്റെ ഫ്രെയിമുകളെ പറിച്ചുനട്ടു.
വഴികാട്ടിയായി പ്രിയങ്കയും രാഹുലും
ഡൽഹി ബിക്കാനിർ ഹൗസിൽ ഈ മാസം 11 മുതൽ 18 വരെ പ്രദർശനമൊരുക്കാൻ തീരുമാനിച്ചപ്പോൾ റെയ്ഹാന്റെ പക്കൽ 10 വർഷത്തെ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു.
‘പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അമ്മയാണ് എന്നെ സഹായിച്ചത്. ഞാനെടുക്കുന്ന ചിത്രങ്ങളെ ഏറ്റവുമധികം പ്രോൽസാഹിപ്പിക്കുന്നതും വിമർശിക്കുന്നതും അമ്മയാണ്. അമ്മയുടെ അഭിപ്രായങ്ങൾ എനിക്കു വളരെ പ്രധാനമാണ്’.
പ്രദർശനത്തിനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്ത ശേഷം അമ്മയുടെ സഹോദരൻ രാഹുൽ ഗാന്ധിയെ സമീപിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് ഷോ മാതൃകയിൽ ഫോട്ടോപ്രദർശനമൊരുക്കുകയെന്ന ആശയം അദ്ദേഹം നൽകി. ചിത്രങ്ങൾ നിരത്തി വയ്ക്കുന്നതിനു പകരം, ഇരുട്ടുനിറഞ്ഞ മുറിയിലേക്കു കാഴ്ചക്കാരനെ കയറ്റിയ ശേഷം വെളിച്ചവും ശബ്ദവും നിയന്ത്രിച്ചു പ്രദർശനമൊരുക്കുകയെന്ന ആശയത്തെ അമ്മയും പിന്തുണച്ചു. ഇരുട്ട് പശ്ചാത്തലമൊരുക്കിയ പ്രദർശനത്തിനു പേരിട്ടു – ഡാർക് പെർസെപ്ഷൻ. അച്ഛൻ റോബർട് വാധ്രയും അനിയത്തി മിറായയും പ്രോൽസാഹനവുമായി ഒപ്പം നിന്നു.
ക്യാമറയെ പ്രണയിച്ച രാജീവ്
നെഹ്റു – ഗാന്ധി കുടുംബത്തിൽ ഫൊട്ടോഗ്രഫിയിൽ കമ്പമുണ്ടായിരുന്ന മറ്റൊരാൾ കൂടിയുണ്ടായിരുന്നു – റെയ്ഹാന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി. സോണിയയെക്കൂടാതെ രാജീവ് ഏറ്റവുമധികം പ്രണയിച്ചതു ക്യാമറയെ ആകാം. രാജീവിന്റെ ചിത്രങ്ങൾ കോർത്തിണക്കി 1994ൽ പുസ്തകം പുറത്തിറക്കിയപ്പോൾ അതിനു മറ്റൊരു പേര് സോണിയയ്ക്ക് ആലോചിക്കേണ്ടി വന്നില്ല – രാജീവിന്റെ ലോകം!
അതിൽ സോണിയ ഇങ്ങനെ എഴുതി – ‘വീട്ടിൽ വച്ച് രാജീവ് ഒട്ടേറെ ചിത്രങ്ങളെടുക്കുമായിരുന്നു. അമ്മയുടെയും (ഇന്ദിര ഗാന്ധി) സഹോദരന്റെയും (സഞ്ജയ് ഗാന്ധി) സുഹൃത്തുക്കളുടെയും വളർത്തു നായ്ക്കളുടെയുമൊക്കെ ചിത്രങ്ങൾ. രാഹുലും പ്രിയങ്കയും ഞാനുമായിരുന്നു ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഇഷ്ട മുഖങ്ങൾ. എന്റെ ചിത്രങ്ങളെടുക്കുന്നതിനോടു പൊതുവേ താൽപര്യമില്ലാത്തയാളാണു ഞാൻ. പക്ഷേ, രാജീവുള്ളപ്പോൾ അതായിരുന്നില്ല സ്ഥിതി. പരിഭവങ്ങളില്ലാതെ, സ്വസ്ഥമായ മനസ്സോടെ ഞാൻ രാജീവിനു മുന്നിൽ നിൽക്കുമായിരുന്നു...’
ഇന്ദിരയുടെ ജീവിതത്തിലെ അപൂർവ നിമിഷങ്ങളും രാജീവിന്റെ ശേഖരത്തിലുണ്ട്. ജോലിത്തിരക്കുകളിൽ മുഴുകുമ്പോഴുള്ള ഇന്ദിരയുടെ കാർക്കശ്യവും പ്രിയങ്കയുടെ കൈകൾ കോർത്തുപിടിച്ചു കളിക്കുമ്പോഴുള്ള വാൽസല്യവും രാജീവ് ക്യാമറയിൽ പകർത്തി.
1966 സെപ്റ്റംബർ ഏഴിനു പ്രധാനമന്ത്രിയുടെ ലെറ്റർ പാഡിൽ രാജീവിന് എഴുതിയ കത്തിൽ ഇന്ദിര ഇങ്ങനെ കുറിച്ചു:
ഡാർലിങ് രാജീവ്,
റേവ മഹാരാജാവ് കഴിഞ്ഞ ദിവസം വലിയൊരു കടുവയുടെ തോൽ സമ്മാനിച്ചു. ഓരോ തവണയും അതു കാണുമ്പോൾ എനിക്കു വിഷമം തോന്നും. കാട്ടിലൂടെ ഉഗ്രപ്രതാപിയായി നടക്കേണ്ടിയിരുന്ന കടുവയായിരുന്നില്ലേ അത്?
ഇപ്പോൾ കൂടുതൽ ആളുകൾ തോക്കിനു പകരം ക്യാമറയുമായി കാട്ടിലേക്കു പോകുന്നുവെന്നു കേൾക്കുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഒരുപാട് സ്നേഹത്തോടെ, മമ്മി.
ക്യാമറയുമായി കാടു കയറുന്നതു രാജീവിനെ സന്തോഷിപ്പിച്ചു. മണിക്കൂറുകളും ദിവസങ്ങളും ക്ഷമയോടെ കാത്തിരുന്ന് വന്യജീവികളുടെ സുന്ദര ദൃശ്യങ്ങൾ അദ്ദേഹം പകർത്തി.
കാലം കരുതിവച്ചിരിക്കുന്നത്?
ക്യാമറയോടുള്ള രാജീവിന്റെ പ്രണയം പ്രിയങ്ക വഴി റെയ്ഹാനിലേക്കെത്തി നിൽക്കുകയാണ്. രാജ്യത്തിന്റെ ഭരണരംഗത്ത് അധികാരമുദ്ര പതിപ്പിച്ച കുടുംബത്തിലെ ഇളമുറക്കാരനു രാഷ്ട്രീയത്തെക്കാൾ പ്രിയം ചിത്രങ്ങളെയാണ്.
എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിനു റെയ്ഹാൻ നൽകുന്ന ഉത്തരമിതാണ് – ലോകമറിയുന്ന പ്രഫഷനൽ ഫൊട്ടോഗ്രഫർ. ഭാവിയിൽ രാഷ്ട്രീയത്തിലിറങ്ങുമോ എന്നു ചോദിച്ചു. ഒരുവേള ആലോചിച്ച ശേഷം റെയ്ഹാൻ മറുപടി നൽകി: ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഫൊട്ടോഗ്രഫിയിലാണ്; കാലം എനിക്കായി എന്താണു കരുതിവച്ചിരിക്കുന്നതെന്ന് ആർക്കറിയാം!
എൺപതുകളുടെ തുടക്കത്തിൽ, സഞ്ജയ് ഗാന്ധിയുടെ മരണത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ രാജീവിനു ക്യാമറ മാറ്റിവയ്ക്കേണ്ടി വന്നു. കാലം രാജീവിനായി കരുതിവച്ചതു രാഷ്ട്രീയ വഴിയാണ്. റെയ്ഹാനിലുമുണ്ടൊരു രാജീവ്.
English Summary: Photo exhibition of Priyanka Gandhi's son Raihan Vadra