ADVERTISEMENT

കറൻസി നോട്ടുകളിൽനിന്ന് ഡിജിറ്റൽ രൂപത്തിലേക്കു മാറുന്ന പണത്തിന്റെ ഭാവിയെക്കുറിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഈശ്വർ പ്രസാദിന്റെ നിരീക്ഷണങ്ങൾ

ലോകത്തെ ആദ്യത്തെ സെൻട്രൽ ബാങ്ക് ആയ സ്വീഡനിലെ റിക്സ്‍ബാങ്ക് 1668ൽ കറൻസി നോട്ടുകൾ അച്ചടിച്ചപ്പോൾ രാജ്യം നാണയവിനിമയത്തിലെ പുതിയൊരു വിപ്ലവത്തിൽ പങ്കുചേരുകയായിരുന്നു. 2030 ആകുമ്പോഴേക്കും രാജ്യത്തു വിനിമയത്തിലുള്ള  അവസാനത്തെ കറൻസി നോട്ടും തിരികെയെത്തുമെന്നാണ് റിക്സ്ബാങ്കിന്റെ പ്രതീക്ഷ. അത് മറ്റൊരു നാണയവിപ്ലവത്തിന്റെ ഭാഗമാണ്. അച്ചടിച്ചതും കമ്മട്ടത്തിലടിച്ചതുമായ നാണയങ്ങളിൽ നിന്നു ഡിജിറ്റൽ കറൻസിയിലേക്കുള്ള പരിണാമം ആദ്യം പൂർത്തിയാകുന്ന രാജ്യമായിരിക്കും സ്വീഡൻ.

വിപ്ലവം ജയിക്കുമ്പോൾ സ്വർണനാണയം മുതൽ ബിറ്റ്‍കോയിൻ വരെ വിനിമയത്തിനായി മനുഷ്യർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കറൻസികളുടെ ഭാവി എന്തായിരിക്കും ? സർക്കാർ കറൻസികൾ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളുടെ ഡിജിറ്റൽ വോലറ്റിലേക്കും ക്രിപ്റ്റോകറൻസികളിലേക്കും കുടിയേറുമ്പോൾ ലോകസമ്പദ്‍വ്യവസ്ഥയെ നിയന്ത്രിക്കുന്ന സെൻട്രൽ ബാങ്കുകളുടെ പ്രസക്തി എന്തായിരിക്കും ?

യുഎസിലെ കോണെൽ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസർ ഈശ്വർ പ്രസാദ് രചിച്ച ദ് ഫ്യൂച്ചർ ഓഫ് മണി- ഹൗ ദ് ഡിജിറ്റൽ റവല്യൂഷൻ ഈസ് ട്രാൻസ്ഫോമിങ് കറൻസീസ് ആൻഡ് ഫിനാൻസ് എന്ന പുസ്തകം  കറൻസി എന്ന വിനിമയമാധ്യമത്തിന്റെ ഭാവി വിശകലനം ചെയ്യുന്നുണ്ട്. 

ഭൗതിക നാണയങ്ങളും കറൻസികളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്.  പകരം ആ സ്ഥാനം ഏറ്റെടുക്കുന്നത് ബിറ്റ്കോയിനും എഥെറിയവും പോലുള്ള സ്വകാര്യ-സ്വതന്ത്ര ക്രിപ്റ്റോകറൻസികളായിരിക്കും എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ലോകത്തെ സെൻട്രൻ ബാങ്കുകൾ ഈ വിപ്ലവത്തിൽ പങ്കുചേരുകയും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സിബിഡിസി) മുഖ്യധാരയിലെത്തുകയും ചെയ്യാതെ കറൻസിയുടെ പരിണാമം പൂർത്തിയാവില്ലെന്ന് ഈശ്വർ പ്രസാദ് പറയുന്നു.

ഭൗതിക നാണയങ്ങളും കറൻസികളും അധികം വൈകാതെ പണവിനിമയ സംവിധാനത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും ഡിജിറ്റൽ കറൻസികൾ സമ്പദ്‍വ്യസ്ഥയുടെ നെടുംതൂണായി മാറുമെന്നും അദ്ദേഹം വിലയിരുത്തുന്നു. 

രൂപ അടിസ്ഥാനമായി ഒരു കേന്ദ്രീകൃത ഡിജിറ്റൽ കറൻസി വേണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരീക്ഷണം കറൻസിയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. സ്വീഡനു പുറമേ ചൈനയും ജപ്പാനും ഇതിനോടകം അവരവരുടെ സെൻട്രൽ ബാങ്കുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ കറൻസികളുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും തങ്ങളുടെ ഡിജിറ്റൽ കറൻസി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ റിസർവ് ബാങ്കും കേന്ദ്രീകൃത ഡിജിറ്റൽ കറൻസി എന്ന ആശയം സ്വീകരിക്കുന്നതോടെ ഡിജിറ്റൽ കറൻസി വിപ്ലവം കൂടുതൽ കരുത്താർജിക്കും.

സിബിഡിസികൾ മുഖ്യധാരയിൽ രംഗപ്രവേശം ചെയ്യുന്നതോടെ സ്വകാര്യ ഡിജിറ്റൽ കറൻസികളുമായുള്ള മത്സരം വർധിക്കും. വിശ്വാസ്യതയും സുസ്ഥിരതയും സിബിഡിസിയെ കൂടുതൽ സ്വീകാര്യമാക്കും.

സിബിഡിസികൾക്കൊപ്പം നിന്നു മത്സരിക്കാൻ ഫെയ്സ്ബുക്, ആമസോൺ തുടങ്ങിയ ടെക് ഭീമന്മാരുടെ ഡിജിറ്റൽ കറൻസികൾ കൂടിയെത്തുമ്പോൾ ക്രിപ്റ്റോകറൻസി  സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടും.

വിനിമയത്തിന്റെ വേഗം, ഇടപാടുകളിലെ സുതാര്യത എന്നിവ വർധിക്കുകയും ഇടപാടുകൾക്കുള്ള ഫീസ് കുറയുകയും ചെയ്യുന്നതോടെ ഡിജിറ്റൽ കറൻസിയുടെ ജനകീയ വിപ്ലവം ആരംഭിക്കും. കയറ്റിറക്കുമതി രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇതു സഹായകമാകും. പ്രവാസികൾ നാട്ടിലേക്കു പണമയയ്ക്കുന്നത് കൂടുതൽ വേഗത്തിലും കുറഞ്ഞ ചെലവിലും സാധ്യമാകും. വിദേശത്തും സ്വദേശത്തും കൂടുതൽ സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസാധ്യതകൾ ഒരുങ്ങും.

ധനകാര്യവിപണിയിൽ ജനാധിപത്യം വരുന്നതോടെ ബാങ്കിങ് സേവനങ്ങൾക്കു പുറത്തുള്ളവരിലേക്കും ധനകാര്യ സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രചാരം വർധിക്കും. മാസശമ്പളമായി ലഭിക്കുന്ന പണം കരുതി വയ്ക്കാനും നിക്ഷേപിക്കാനും ബാങ്കിൽ സേവിങ്സ് അക്കൗണ്ടിന്റെ പോലും ആവശ്യം വരില്ല. ഡിജിറ്റൽ രൂപയിൽ ലഭിക്കുന്ന ശമ്പളം നിലവിലുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായതിനാൽ ഏതൊരാൾക്കും അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമായിരിക്കും. വിനിമയ ചാർജ് വളരെക്കുറവായിരിക്കുമെന്നത് ചെറുകിട സംരംഭങ്ങൾക്ക് സഹായകമാകും.

ഡിജിറ്റൽ രൂപ കൊണ്ട് സർക്കാരിനുള്ള നേട്ടം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാമെന്നതാണ്. രഹസ്യ ഇടപാടുകൾ അസാധ്യമാണെന്നതുകൊണ്ട് കള്ളപ്പണ ഇടപാടുകളോ ലഹരിക്കടത്തോ ഡിജിറ്റൽ രൂപ ഉപയോഗിച്ച് അസാധ്യമാണ്. ഓരോ രൂപയും എന്തിന് ഉപയോഗിക്കുന്നു എന്നത് ഡിജിറ്റലായി തന്നെ വിലയിരുത്തപ്പെടുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും. നിലവിൽ രേഖപ്പെടുത്താതെ പോകുന്ന ആയിരക്കണക്കിന് അനൗദ്യോഗിക പണമിടപാടുകളും ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥയിൽ ഔദ്യോഗികമാകും.

ഡിജിറ്റൽ പണമിടപാടുകളിലേക്കും ക്രിപ്റ്റോകറൻസിയിലേക്കുമുള്ള മാറ്റം അതിനെക്കാൾ വലിയ മാറ്റങ്ങളുടെ തുടക്കം മാത്രമാണെന്ന് തന്റെ പുസ്തകത്തിൽ ഈശ്വർ പ്രസാദ് അടിവരയിട്ടു പറയുന്നു. സിബിഡിസികളും സ്വകാര്യ ഡിജിറ്റൽ കറൻസിയുമെല്ലാം ചേരുന്ന ഡിജിറ്റൽ സമ്പദ്‍വ്യവസ്ഥയായിരിക്കും ഇനിയങ്ങോട്ട് ലോകത്ത് സ്വാധീനശക്തിയാവുക എന്നതാണ് അദ്ദേഹത്തിന്റെ ആശയങ്ങളുടെ സംഗ്രഹം.

 

English Summary: Eswar prasad on Digital Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com