ADVERTISEMENT

ചാക്കോയോടു യാത്ര ചോദിക്കാൻ തോന്നിയില്ല. റൂം വിട്ടിറങ്ങുമ്പോൾ അദ്ദേഹം താഴെ ലാഘവ ചിത്തനായി പല്ലു തേച്ചു കൊണ്ടിരിക്കുകയായിരുന്നു ആ നനുത്ത പ്രഭാതത്തിൽ. പിന്നീടൊരു ദിവസം മനോരമ ദിനപത്രം കണ്ടു ഞാൻ ഞെട്ടി. അതിൽ  ചാക്കോയുടെ ചിത്രം... 

കുറുപ്പ് സിനിമ ഇറങ്ങിയപ്പോൾ പ്രധാന കഥാപാത്രമായ ചാക്കോ വീണ്ടും ഓർമയിലേക്കെത്തി. നാലുനാൾ ‌നീണ്ടുനിന്ന സൗഹൃദം എന്നേ അതെക്കുറിച്ചു പറയാനുള്ളൂ. വളരെ ചെറിയ ഇടവേളയിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്ത കാലം. സിനിമ ‘സുറുമയിട്ട കണ്ണുകൾ’ – സംവിധാനം എസ്. കൊന്നനാട്ട്. പി.എ. മുഹമ്മദ് കോയയുടെ കഥ. വിജയരാഘവന്റെ അരങ്ങേറ്റ ചിത്രം.

ശോഭന പരമേശ്വരൻനായരുടെ സിനിമകളിലൊക്കെ ഉണ്ടായിരുന്ന സുനന്ദ നായിക.

പൊന്നാനിക്കാരായ മനോഹരൻ, ശ്രീധരൻ ഇവരായിരുന്നു നിർമാതാക്കൾ. ഒരു സുഹൃത്തുവഴി എത്തിപ്പെട്ടു. ആദ്യത്തെ റിലീസിങ് സ്റ്റേഷൻ പാലക്കാട് ന്യൂ തിയറ്റർ. അന്ന് മൈക്ക് അനൗൺസ്മെന്റൊക്കെ ഉള്ള കാലം. നാലഞ്ചു നാളുകൾക്ക് മുൻപ് റെപ്രസന്റേറ്റീവ് റിലീസിങ് സ്റ്റേഷനിൽ എത്തണം.

പല ചുമതലകളും വഹിക്കാനുണ്ട്. അനൗൺസ്മെന്റ് സ്വയം ഏറ്റെടുത്തു. മോശമായില്ല എന്നു തോന്നുന്നു. പക്ഷേ, സിനിമ എട്ടു നിലയിൽ പൊട്ടി. മൂന്നോ നാലോ ദിവസം കൊണ്ട് സിനിമ ഹോൾഡ് ഓവറായി. 

അടുത്ത സ്റ്റേഷനായിരുന്നു വർക്കല S.R. ഇന്നവിടെ ഇങ്ങിനെ രണ്ടു തിയറ്ററുകൾ ഉണ്ടോ എന്നറിയില്ല. അവിടെ സുമുഖനായ ചെറുപ്പക്കാരനാണ് ഓണർ. ജോഷിയുടെ ആദ്യത്തെ സിനിമ. അവരുടെ ബന്ധുക്കൾ ആണ് പ്രൊഡ്യൂസ് ചെയ്തത്. സാധാരണയായി സിനിമയുടെ പ്രതിനിധികൾക്കൊരു മുറി കൊട്ടകയിലുണ്ടാവും. എന്തുകൊണ്ടോ രണ്ടാമതു വന്ന എനിക്ക് അന്നവിടെ ഒഴിവ് ഉണ്ടായിരുന്നില്ല. മുനോദ് & വിജയ എന്ന റിലീസിങ് കമ്പനിയുടെ സിനിമയുമായാണ് ചാക്കോയുടെ വരവ്. മനോരമയിൽ പരമ്പരയായി പ്രസിദ്ധീകരിച്ച നോവൽ. പേരോർമയില്ല. അന്ന് അത് ഒരു ട്രെൻഡ് ആയിരുന്നു. സിനിമ ആഴ്ചകളോളം പ്രദർശിപ്പിക്കും. ചാക്കോ നമ്മൾ പോയിക്കഴിഞ്ഞാലും അവിടെയുണ്ടാവുമെന്നുറപ്പ്. നമ്മുടെ സിനിമ മൂന്നാമത്തെയോ രണ്ടാമത്തെയോ ദിവസം ചുരുട്ടിക്കെട്ടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹം അങ്ങിനെയൊരു ഈഗോ കാണിച്ചില്ല. ഞങ്ങൾ കുറെ അടുത്തു. പരസ്പരം സംസാരിച്ചു. നവവരനാണ്. കല്യാണം കഴിച്ച് അധികനാളുകളായിട്ടില്ല. ഞങ്ങൾ ഒരേ ഹോട്ടലിൽനിന്നു രാത്രി ഭക്ഷണം കഴിച്ചു. തനിയെ ആണ് ബില്ല് കൊടുത്തിരുന്നത്. ചാക്കോ ഭക്ഷണത്തിൽ ഏറെ മിതത്വം പാലിച്ചു. രണ്ടു വയറുകൾ കഴിയാൻ ഇങ്ങിനെയുള്ള ജോലിയിൽ നിന്നുള്ള തുച്ഛവരുമാനം പോരാ എന്ന വിശ്വാസമുള്ള പോലെ.

സുകുമാരക്കുറുപ്പ്, ചാക്കോ

എനിക്കു നാലാം ദിവസം അവിടെനിന്നു പടിയിറങ്ങേണ്ടി വന്നു.

ചാക്കോയോടു യാത്ര ചോദിക്കാൻ തോന്നിയില്ല. റൂം വിട്ടിറങ്ങുമ്പോൾ അദ്ദേഹം താഴെ ലാഘവ ചിത്തനായി പല്ലു തേച്ചു കൊണ്ടിരിക്കുകയായിരുന്നു ആ നനുത്ത പ്രഭാതത്തിൽ.

പിന്നീടൊരു ദിവസം മനോരമ ദിനപത്രം കണ്ടു ഞാൻ ഞെട്ടി. അതിൽ  ചാക്കോയുടെ ചിത്രം. പിന്നാലെ സുകുമാരക്കുറുപ്പിനെക്കുറിച്ചു വായിക്കുന്നു.  ഈ ചാക്കോയെ ഞാൻ അറിയും എന്നു വീട്ടിൽ പറഞ്ഞിരുന്നു. വർഷങ്ങൾ കഴിഞ്ഞു. കുറുപ്പ് പിടികിട്ടാപ്പുള്ളിയായി തുടരുന്നു. ഇപ്പോൾ അതെക്കുറിച്ചൊരു സിനിമയുമിറങ്ങി.  

ഇതൊന്നും പരസ്യപ്പെടുത്താത്തതു കൊണ്ടു സിനിമയുടെ അണിയറക്കാരൊന്നും തേടി വന്നില്ല. ഈയിടെ സുഹൃത്തിനോട് ഈ കഥ പറഞ്ഞപ്പോൾ, ഇപ്പോൾ നീയിതൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? നിന്റെ കയ്യിൽ തെളിവുണ്ടോ എന്നാണദ്ദേഹം ചോദിച്ചത്. 

സുഹൃത്തേ ഒരു തെളിവുമില്ല. പക്ഷേ, സത്യം സ്വർണപ്പാത്രത്തിൽ മൂടിയാലും അതെങ്ങനെയല്ലാതാവുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. 

Content highlights: Sukumara kurup

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com