മനോഹരം; ആരും അനാഥരല്ലാത്ത മനോഹരന്റെ പുലരിയുടെ കഥ!
Mail This Article
മക്കളൊക്കെ എവിടെവരെയായി എന്നു ചോദിക്കുന്നവരോട്, കുറച്ചുസമയം തരുമെങ്കിൽ പറഞ്ഞുതരാമെന്നാവും കെ.മനോഹരന്റെ മറുപടി. മക്കൾ 37 പേരുണ്ട്. ഡോക്ടറും നഴ്സും എൻജിനീയറും എന്നുവേണ്ട മിക്ക മേഖലകളിലും ഉന്നത വിജയം നേടിയവരാണ് എല്ലാവരും. ഇത്രയും മക്കളോയെന്നു സംശയിക്കുമ്പോഴാണ്, അവിശ്വസനീയവും അത്രമേൽ ഹൃദയം തൊടുന്നതുമായ ജീവിതത്തിന്റെ കഥ തുടങ്ങുന്നത്.
കുഞ്ഞുങ്ങൾ ദൈവത്തെപ്പോലെയാണെന്നൂ മനോഹരനു പറഞ്ഞു കൊടുത്തത് അമ്മയാണ്. വീടുകളിൽ പോയി പ്രസവ ചികിത്സ നടത്തിയിരുന്ന അമ്മ മീനാക്ഷിയമ്മയുടെ സഹായിയായി ചെറുപ്പത്തിലേ കൂടെക്കൂടി. സൗജന്യമായി അമ്മ നടത്തിയിരുന്ന ചികിത്സയും കുഞ്ഞുങ്ങളോടുള്ള കരുതലും കണ്ടു വളർന്നതാകാം തന്നെ ഈ വഴി നടത്തിയതെന്നു മനോഹരൻ വിശ്വസിക്കുന്നു. അനാഥത്വത്തിൽ നിന്നു ജീവിതത്തിന്റെ മനോഹാരിതയിലേക്കു കൈപിടിച്ച ഈ മനുഷ്യനെ 37 മക്കളും ചേർത്തുപിടിക്കുമ്പോൾ അച്ഛൻ എന്ന പദത്തിന് അമ്മയെപ്പോലെ മൂല്യമേറുന്നു. രക്തബന്ധം മാത്രമല്ല കുടുംബം എന്നു പഠിപ്പിക്കുന്നതാണു കൊല്ലം പുത്തൻകുളം മീനമ്പലം ‘പുലരി’യിൽ കെ.മനോഹരൻ എന്ന അറുപത്തേഴുകാരന്റെ ജീവിതം.
ആ ദുരന്തത്തിന്റെ ഓർമയ്ക്ക്
17 വർഷം നാവികസേനയിലും പിന്നീട് 23 വർഷം ചവറ ഐആർഇയിലും ഉദ്യോഗസ്ഥനായിരുന്നു മനോഹരൻ. 11 വർഷം മുൻപു മരിച്ച ഭാര്യ രമണി ആർ.നായർ സർക്കാർ സർവീസിൽ നഴ്സായിരുന്നു. ഓസ്ട്രേലിയയിൽ ഉദ്യോഗസ്ഥനായ അരുൺ മനോഹറും അയർലൻഡിലുള്ള കിരൺ മനോഹറുമാണ് മക്കൾ.
ഇരുപതാം വയസ്സിൽ നാവികസേനയിൽ ജോലി ലഭിച്ചു സ്വന്തം വരുമാനമായ നാൾ മുതൽ നിർധന കുട്ടികളുടെ വിദ്യാഭ്യാസച്ചെലവു വഹിച്ചു തുടങ്ങി. ചെറിയ തോതിൽ തുടങ്ങിയ സഹായങ്ങൾക്കു ഗൗരവം വരുന്നത് ഒരു ദുരന്തത്തിനു സാക്ഷിയാവുന്നതോടെയാണ്. 1988 ജൂലൈ 8. അന്ന് കൊല്ലം തേവള്ളിയിലെ കേരള നേവൽ എൻസിസി യൂണിറ്റിൽ പെറ്റി ഓഫിസർ ആൻഡ് ചീഫ് ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി ചെയ്യുകയാണു മനോഹരൻ. ഉച്ചകഴിഞ്ഞു രണ്ടു മണി. എൻസിസി കെഡറ്റുകൾക്കുള്ള ബോട്ടിങ് പരിശീലനം നടക്കുമ്പോഴാണു കമാൻഡിങ് ഓഫിസറുടെ സന്ദേശമെത്തുന്നത്. എല്ലാവരും അഷ്ടമുടി കായലിലേക്ക് ഉടൻ എത്താനായിരുന്നു നിർദേശം. ഏഴു സഹപ്രവർത്തകർക്കൊപ്പം കായലിലൂടെ സഞ്ചരിക്കുമ്പോൾ ദൂരെ പെരുമൺ പാലത്തിനു സമീപത്തായി വിശ്വസിക്കാനാകാത്ത കാഴ്ച കണ്ടു. ഒരു ട്രെയിനിന്റെ മൂന്നു ബോഗികൾ തലകീഴായി കായലിലേക്കു വീണു കിടക്കുന്നു. ബോട്ടിൽ ബോഗികൾക്ക് അടുത്തെത്തുമ്പോൾ ജീവനു വേണ്ടിയുള്ള നിലവിളി മാത്രമായി ചുറ്റും. ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി കരുതിയിരുന്ന കാർപ്പെന്റർ ബാഗാണു കയ്യിലുള്ള ഏക ആയുധം. അതുപയോഗിച്ചു ബോഗികൾ കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന 11 പേരെയാണ് അന്നു മനോഹരൻ രക്ഷിച്ചത്. ഫ്ലാനലിൽ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനും അന്നു മനോഹരൻ രക്ഷകനായി. ഇന്ന് പാലക്കാട് ജില്ലയിലെ ഒരു മെഡിക്കൽ കോളജിൽ ഡോക്ടറാണ് മനോഹരൻ രക്ഷിച്ച ആ കുഞ്ഞ്.
പെരുമണിലെ ഈ വലിയ ദുരന്തത്തിനു സാക്ഷിയായ ശേഷം മനോഹരൻ തന്റെ ജീവിതം കൊണ്ടു വഴികാട്ടിയായത് ഒട്ടേറെ കുഞ്ഞുസ്വപ്നങ്ങൾക്ക്. ഇരുട്ടിന്റെ അനുഭവങ്ങൾക്കപ്പുറത്തു പ്രതീക്ഷയുടെ ‘പുലരി’യായി അവർക്ക് മനോഹരന്റെ വീട്..
ജയസൂര്യയ്ക്ക് തണൽ
ജോലിയിൽ നിന്നു വിരമിക്കുമ്പോൾ കൊല്ലത്തു കടവൂരിലാണു താമസം. ഭാര്യ രമണി ഇതിനിടെ കാൻസർ രോഗത്തെത്തുടർന്നു മരിച്ചു. മക്കൾ പഠനത്തിനായി വിദേശത്തും. കൊല്ലത്തെ ചിൽഡ്രൻസ് ഹോം വല്ലപ്പോഴും സന്ദർശിച്ചിരുന്നയാളെ സ്ഥിരം സന്ദർശകനാക്കിയത് അന്നത്തെ ചെയർമാൻ സി.ജെ.ആന്റണിയാണ്. കുട്ടികളുടെ ഏതാവശ്യത്തിനും സഹായം തേടി ആന്റണി ആദ്യമെത്തുന്നത് മനോഹരനു മുന്നിലായിരുന്നു. അക്കാലത്താണ് ആ സംഭവം ഉണ്ടാകുന്നത്.
ജയസൂര്യ എന്ന പിഞ്ചുകുഞ്ഞിനെ സി.ജെ.ആന്റണി ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ടുവന്നതു തെരുവിലെ നാടോടി സംഘത്തിൽ നിന്നാണ്. പഠിക്കാൻ മിടുക്കനായിരുന്ന ജയസൂര്യയ്ക്കു 18 വയസ്സായതോടെയാണു പ്രതിസന്ധി തുടങ്ങുന്നത്.
18 തികഞ്ഞാൽ അവരെ കേന്ദ്രത്തിൽ നിർത്താൻ അനുവാദമില്ല. അവനെ തെരുവിലേക്കു മടക്കി അയയ്ക്കും മുൻപ് അവസാന പ്രതീക്ഷയായി ആന്റണി മനോഹരനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. അരമണിക്കൂറിനകം മനോഹരൻ എത്തി. ജയസൂര്യയെ ഫോസ്റ്റർ കെയർ സംവിധാനത്തിലൂടെ ഏറ്റെടുത്തു. കടവൂരിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന അവനോട് തുടർന്നു പഠിക്കാൻ നിർദേശിച്ചു. കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിൽ ബിഎസ്ഡബ്ല്യുവിന് അഡ്മിഷൻ നേടി. തുടർന്ന് എംഎസ്ഡബ്ല്യുവും പൂർത്തിയാക്കിയ ജയസൂര്യ ഇന്നു കോട്ടയം തിരുവഞ്ചൂരിലെ ശിശുഭവനിൽ കൗൺസിലറാണ്.
ശാലിനിയുമെത്തി
ചെറുപ്പം മുതൽ ശിശുസംരക്ഷണ കേന്ദ്രത്തിലായിരുന്നു ശാലിനി. 18 തികഞ്ഞപ്പോൾ പെൺകുട്ടികൾക്കായുള്ള ആഫ്റ്റർ കെയർ ഹോമിലേക്കു മാറ്റി. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. തുടർന്നു പഠിക്കണമെന്ന മോഹം തിരിച്ചറിഞ്ഞാണു മനോഹരൻ ശാലിനിയെ ‘പുലരി’യിലേക്കു കൂട്ടുന്നത്. ജയസൂര്യ വീട്ടിലുള്ളപ്പോൾത്തന്നെയാണു ശാലിനിയും എത്തുന്നത്. ജയസൂര്യയ്ക്കൊപ്പം തന്നെ ശാലിനിയെയും രാജഗിരി കോളജിൽ ബിഎ സോഷ്യോളജിക്കു ചേർത്തു. പിന്നീട് എംഎസ്ഡബ്ല്യുവിന് കാലടി ശ്രീശങ്കര കോളജിലും. കോളജിലും ഹോസ്റ്റലിലും മനോഹരൻ മകളെ കാണാൻ പതിവായി എത്തും. മറ്റു കുട്ടികളെപ്പോലെയോ അവരെക്കാൾ അധികമോ സുരക്ഷിതത്വ ബോധത്തോടെയായിരുന്നു ശാലിനിയുടെ പിന്നീടുള്ള ജീവിതം.
അക്കാലത്ത് കോളജിലെ പിടിഎ പ്രസിഡന്റുമായിരുന്നു ശാലിനിയുടെ ‘അച്ഛൻ’. പഠനം പൂർത്തിയാക്കിയ ശാലിനി തൃശൂർ ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കിനു പോയ കാലത്താണ് അവിടുത്തെ സൂപ്രണ്ട് ജോൺ പോളിന്റെ വിവാഹാലോചനയുമായി എത്തുന്നത്. തൃശൂർ ചിൽഡ്രൻസ് ഹോം അന്തേവാസിയായിരുന്ന ജോൺ പോളും എംഎസ്ഡബ്ല്യു ബിരുദധാരിയാണ്. പയ്യനെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊടുവിൽ അച്ഛൻ സമ്മതം മൂളി. പുലരിയുടെ മുറ്റത്തു വലിയ പന്തലിട്ടു ഗംഭീരമായി വിവാഹ നിശ്ചയം നടത്തി. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു വിവാഹം. ഇരുവരും ഇപ്പോൾ കാനഡയിൽ തൊഴിൽ തേടിപ്പോകാനുള്ള തയാറെടുപ്പിലാണ്.
ഡോക്ടർ, നഴ്സ്
എബിന്റെ കഥ വ്യത്യസ്തമാണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് പഠനം തുടരാനാകാത്ത ഘട്ടത്തിലാണ് എബിൻ മനോഹരനെക്കുറിച്ച് അറിയുന്നത്. പ്ലസ്ടു പാസായ അവനു ഡോക്ടറാകണമെന്നായിരുന്നു മോഹം. എൻട്രൻസ് പരിശീലനത്തിനു പോകാനും പുസ്തകം വാങ്ങാനും പണമില്ല. മനോഹരൻ അവന്റെ പഠനച്ചെലവു വഹിക്കാമെന്നേറ്റു. കോട്ടയത്തെ പരിശീലന കേന്ദ്രത്തിലയച്ചു. എൻട്രൻസ് വിജയിച്ച എബിന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചപ്പോഴും സഹായം തുടർന്നു. ഹൗസ് സർജൻസി ചെയ്യുകയാണ് ഇപ്പോൾ.
മനോഹരന്റെ മക്കളിൽ ഡോക്ടറാകുന്ന ആദ്യ ആളല്ല എബിൻ. ‘പുലരി’യിൽ 6 ഡോക്ടർമാർ കൂടിയുണ്ട്. ചിലർ പഠനം പൂർത്തിയാക്കിക്കഴിഞ്ഞു, ചിലർ തുടരുന്നു. ഡോക്ടർമാർ മാത്രമല്ല, നഴ്സുമാരുമുണ്ട്.
ലക്ഷ്മി, ശാരദ, ചൈതന്യ– ചെറുപ്പത്തിലേ അനാഥരായ ഈ സഹോദരിമാർ നഴ്സുമാരായത് മനോഹരന്റെ കരുതലിലാണ്. ഇതിൽ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു. ശാരദയും ചൈതന്യയും പഠനം തുടരുന്നു.
കൂട്ടിന് ഒരു കുഞ്ഞ്
നെയ്യാറ്റിൻകര സ്വദേശി വിജയലക്ഷ്മിക്കു പറയാനുള്ളതു വേറിട്ടൊരു കഥയാണ്. അർഥമില്ലാതെ തീർന്നു പോകുമായിരുന്ന തന്റെ ജീവിതത്തിനു മനോഹരൻ വഴികാട്ടിയ കഥ. വിജയലക്ഷ്മിയുടെ ഭർത്താവ് നാരായണൻ നായർ മനോഹരനൊപ്പം നാവികസേനയിൽ ജോലി ചെയ്തിരുന്നയാളാണ്. വിവാഹം കഴിഞ്ഞ് ഏറെനാൾ കഴിയും മുൻപ് വിജയലക്ഷ്മിക്ക് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ശാരീരിക അസ്വസ്ഥതകൾ കടുത്തതോടെ അവർ സ്കൂൾ അധ്യാപികയുടെ ജോലി ഉപേക്ഷിച്ചു. അക്കാലത്താണ് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനെക്കുറിച്ചു ചിന്തിച്ചത്. ഭർത്താവ് ഉടൻ മനോഹരന്റെ ഉപദേശം തേടി. ചിൽഡ്രൻസ് ഹോമിൽ നിന്നു ഫോസ്റ്റർ കെയർ സംവിധാനത്തിലൂടെ അവർ ഏറ്റെടുത്ത ആൺകുട്ടി ഇന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
പുലരിയിലെ നന്മയുടെ കഥകൾ ഇവിടെ അവസാനിക്കുന്നില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട പതിനാലുകാരൻ മനോഹരനോടൊപ്പമുണ്ട്.
‘പഠിക്കാൻ മിടുക്കനാണ്. ഡോക്ടർ ആവണമെന്നാണൂ മോഹം. കൃഷിയിലും മിടുക്കുണ്ട്.’ വിളഞ്ഞു കിടക്കുന്ന പാവലും പയറുമൊക്കെ ചൂണ്ടി മനോഹരൻ പറയുന്നു. ‘‘പത്താം ക്ലാസ് കഴിയട്ടെ, അഭിരുചിയനുസരിച്ചു പഠിക്കാൻ വിടണം.’’
പുലരിയിലെ അത്ഭുത കാഴ്ചകളിൽ നിന്നു യാത്ര പറഞ്ഞിറങ്ങുമ്പോൾ മനോഹരനും ഒപ്പം കൂടി. ‘ബാങ്കിലേക്കൊന്നു പോകണം. ഇന്നു രണ്ടു പേരുടെ ഫീസ് അടയ്ക്കാനുള്ള ദിവസമാണ്.’ നന്മനനിറഞ്ഞ ഈ മനുഷ്യനെ, മനോഹരൻ എന്നല്ലാതെ എന്തു വിളിക്കാൻ...
English Summary: Life story of Manoharan