ADVERTISEMENT

കുട്ടിക്കാലത്തു ചിത്രം വരയ്ക്കാൻ ഇഷ്ടമായിരുന്നു എന്നല്ലാതെ കലയുടെ ബാലപാഠം അഭ്യസിച്ചിട്ടാത്ത പെൺകുട്ടി ഇന്ത്യ ആർട് ഫെയർ ‘ആർട്ടിസ്റ്റ് ഇൻ റസിഡൻസ്’ അംഗീകാര നിറവിലാണിപ്പോൾ. ഡൽഹിയിലെ നാഷനൽ മ്യൂസിയത്തിൽ കസവു കൈത്തറി നൂലിഴകളിൽ കൊരുത്തിട്ട അക്ഷരങ്ങൾ കാഴ്ചക്കാരുമായി സംവദിക്കുന്നത് നാടിന്റെ സാംസ്കാരികത്തനിമ മാത്രമല്ല, ലിംഗ– ജാതി– ശരീര രാഷ്ട്രീയത്തിന്റെ അടരുകൾ കൂടിയാണ്. കലയുടെ വഴിയിൽ കൈത്തറിയെ കണ്ടെടുത്ത കഥ പറയുന്നു, ലക്ഷ്മി മാധവൻ എന്ന മലയാളി ആർട്ടിസ്റ്റ്.

 

വൈകിത്തുടങ്ങിയ കല

 

‘കേരളത്തിൽ ജനിച്ചു മുംബൈയിൽ താമസമാക്കിയ ലക്ഷ്മി മാധവൻ കോർപറേറ്റ് ലോകത്തു നിന്ന് കലയുടെ വഴിയിലേക്കിറങ്ങിയത് 27–ാം വയസ്സിലാണ്. ‘‘ഞാൻ കല പഠിച്ചിട്ടേയില്ല. മുംബൈയിൽ മീഡിയ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു ജോലി. വിവാഹത്തിനുശേഷം യൂറോപ്പിലേക്കുള്ള മാറ്റമാണ് വഴിത്തിരിവായത്. കോപ്പൻഹേഗനിലാണ് ഞങ്ങൾ പോയത്.കോപ്പൻഹേഗനിൽ ഫ്രഞ്ച്, ജർമൻ കലാകാരന്മാർക്കൊപ്പം കലാ പരിശീലനം നേടി. പിന്നീട് തിരികെ ഇന്ത്യയിലെത്തിയപ്പോൾ ആർട്ടിസ്റ്റ് ജിതിഷ് കല്ലാട്ടിനൊപ്പവും പരിശീലനം. പിന്നീട് കസവിലേക്കും കൈത്തറിയിലേക്കും എത്തി.

 

കസവും കലയും രാഷ്ട്രീയം

 

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ, ആലപ്പുഴയിൽ നടന്ന ‘ലോകമേ തറവാട്’ പ്രദർശനത്തിനു വേണ്ടി ഒരുക്കിയ ‘ഹാങ്ങിങ് ബൈ ത്രെഡ്’ എന്ന കലാസൃഷ്ടിക്കു വേണ്ടിയാണു ബാലരാമപുരത്തെ നെയ്ത്തുകാരെ തേടി ലക്ഷ്മി പോയത്. ‘വീട്’ എന്ന ആശയത്തിലുള്ള ആവിഷ്കാരമായിരുന്നു അത്.

 

‘‘അമ്മമ്മ എനിക്ക് വീട് ആയിരുന്നു. സത്യഭാമ എന്നാണു പേര്. കഞ്ഞിപ്പശയുള്ള കൈത്തറിയുടെ ഗന്ധമാണ് എനിക്ക് അമ്മമ്മ. അമ്മമ്മയുമായുള്ള സംസാരങ്ങൾ കൈത്തറിയിൽ നെയ്തെടുക്കാമെന്നാണ് ആലോചിച്ചത്. നമ്മുടെ ഭാഷ, സംസ്കാരം, ആഹാരരീതി ഇതെല്ലാം കനമില്ലാത്ത നൂലിഴകളിൽ തൂങ്ങിക്കിടക്കുകയാണ്. പുതിയ തലമുറയ്ക്ക് ഈ ബന്ധം ലഭിക്കണമെന്നില്ല. ഇതാണ് ‘ഹാങ്ങിങ് ബൈ ത്രെഡ്’ പറയാൻ ശ്രമിച്ചത്.

 

അമ്മമ്മയെന്ന ഗൃഹാതുരതമായ ഓർമകളിൽ നിന്ന് ശരീര, ജാതി രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയായി ലക്ഷ്മി കൈത്തറിയെ കണ്ടെത്തുന്നിടത്താണ് ഇതിനു രണ്ടാംഭാഗം ഒരുങ്ങിയതും ഡൽഹി ആർട് ഫെയർ ഉൾപ്പെടെ വിവിധ വേദികളിൽ ശ്രദ്ധനേടിയതും. EVERY- BODY, SOME-BODY, ANY-BODY, NO- BODY എന്ന രണ്ടാം പതിപ്പിൽ കൈത്തറിയുടെ ലിംഗ– ജാതി അടരുകൾ പകർത്തി ലക്ഷ്മി.

 

മുംബൈ ടു ബാലരാമപുരം

 

എനിക്ക് ജോലിക്ക് ആവശ്യമായ മെറ്റീരിയൽ സംഘടിപ്പിക്കാനാണ് ബാലരാമപുരത്ത് എത്തുന്നത്. പിന്നീട് അവിടെ നല്ല വ്യക്തി ബന്ധങ്ങളായി. അവിടെ നെയ്ത്തുകാരായ അരവിന്ദനും മാസ്റ്റർ വീവർ ആയ അച്ഛനും എന്നെ സഹായിക്കാൻ തയാറായി. അവരില്ലാതെ എന്റെ കലയില്ല.

 

എൻഎഫ്‌ടി

 

കോവിഡ് കാലത്ത് എൻഎഫ്‌ടിയുടെ ലോകത്തും ലക്ഷ്മി സാന്നിധ്യം അറിയിച്ചു. അക്കാലത്ത് പൂർത്തിയാക്കിയ 365 ചിത്രങ്ങൾ ഡിജിറ്റൈസ് ചെയ്തു. ലക്ഷ്മിയുടെ ആദ്യ എൻഎഫ്ടി വാങ്ങിയത് നടൻ പൃഥ്വിരാജാണ്. കലാലോകത്തെ പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്മി. ഒപ്പം കൈത്തറി മേഖലയിൽ നെയ്ത്തുകാർക്കു ഗുണകരമാകുന്ന രീതിയിൽ ‘നാനോ ലൂം’ ഉൾപ്പെടെ പദ്ധതികൾ തയാറാക്കുന്ന തിരക്കും. ഭർത്താവ് അശ്വിൻ ജോർജും മകൻ ഇഷാനും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com