ADVERTISEMENT

ഗായത്രിയിലെ രാജാമണി മുതൽ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻവരെ... സോമൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ എത്രയെത്ര...നടൻ എം.ജി. സോമൻ ഓർമയായിട്ട് 25 വർഷം. ഭാര്യ സുജാതയുടെ സ്മരണകളിൽ സോമൻ.

‘വൈകുന്നേരങ്ങളിൽ ഏകനായി കടലിലേക്കു നോക്കിയിരിക്കുന്നത് എനിക്കേറെയിഷ്ടമാണ്. യേശുദാസിന്റെ വിരഹഗാനങ്ങൾ കേൾക്കുക, ജീവിതഗന്ധിയായ നുറുങ്ങുകഥകൾ വായിക്കുക, എന്നെ സ്നേഹിക്കുന്ന ആരാധകരുടെ സൃഷ്ടിപരമായ വിമർശനങ്ങളടങ്ങുന്ന കത്തുകൾ മറിച്ചുനോക്കുക തുടങ്ങി ഇഷ്ടങ്ങളേറെയുണ്ട്. മനസ്സിനിണങ്ങിയ കൂട്ടുകാരോടൊപ്പമുള്ള സൊള്ളലും നാടക ക്യാംപിലെ ജീവിതവും ഞാൻ ആസ്വദിക്കുന്നു.’ വർഷങ്ങൾക്കു മുൻപ് ഒരു വാരികയോട് എം.ജി.സോമൻ പങ്കുവച്ച ഇഷ്ടങ്ങളിൽ ചിലതാണിവ.

‘സിനിമയിലെ വില്ലൻ വേഷങ്ങൾക്കപ്പുറം മനുഷ്യസ്നേഹിയായ ഒരു സോമനുണ്ടായിരുന്നു. ജനിച്ചു വളർന്ന നാട്ടിലെ പുഴക്കരയിലുള്ള ദേവീക്ഷേത്രത്തിൽ സന്ധ്യാസമയത്ത് ദർശനം നടത്താൻ ഇഷ്ടപ്പെടുന്ന, മഴ പെയ്യുന്നത് ആവോളം നോക്കിയിരിക്കുന്ന, തികച്ചും മനുഷ്യസ്നേഹിയായൊരാൾ. സസ്യാഹാരം മാത്രം ഇഷ്ടപ്പെടുന്ന, നാടകരംഗത്തെ സുഹൃത്തുക്കൾക്കൊപ്പം തിരുവല്ലയിലെ അശോക ഹോട്ടലിൽ മണിക്കൂറുകൾ കഥ പറഞ്ഞിരിക്കുന്ന സോമൻ.’ എം.ജി.സോമനെപ്പറ്റിയുള്ള ഓർമകൾ പങ്കുവയ്ക്കുമ്പോൾ ഭാര്യ സുജാത  വർഷങ്ങൾ ഒരുപാട് പിന്നോട്ടു പോകുന്നു. ജീവിതത്തിൽനിന്ന് അദ്ദേഹം പടിയിറങ്ങിപ്പോയിട്ട് നാളെ 25 വർഷമാകുന്നു. ഇന്നും മലയാളികളുടെ മനസ്സിൽ ഗായത്രിയിലെ രാജാമണി മുതൽ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻവരെ, അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കുന്നു.

എയർ ഫോഴ്സിലേക്ക്

ചങ്ങനാശേരി എസ്ബി കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണു കോട്ടയത്ത്  എയർ ഫോഴ്സിലേക്കുള്ള സിലക്‌ഷൻ ക്യാംപിൽ കൂട്ടുകാർക്കൊപ്പം പങ്കെടുക്കുന്നത്. സിലക്‌ഷൻ ലഭിച്ചശേഷമാണു വിവരം വീട്ടിൽ അവതരിപ്പിച്ചത്. ഏകമകനായതുകൊണ്ട് മാതാപിതാക്കൾക്ക് അദ്ദേഹം വീടുവിട്ടു പോകുന്നതിൽ എതിർപ്പുണ്ടായിരുന്നു. പഞ്ചാബിലെ അംബാലയിൽ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു.

sujatha-soman
സുജാത സോമൻ

1968ൽ ആയിരുന്നു സുജാതയും സോമനും തമ്മിലുള്ള വിവാഹം. വിവാഹശേഷം അദ്ദേഹത്തോടൊപ്പം അംബാലയിലേക്കു സുജാതയും പോയി. അവിടത്തെ പരിപാടികളിലും ഓണാഘോഷങ്ങളിലുമൊക്കെ അദ്ദേഹവും സംഘവും നാടകം അവതരിപ്പിച്ചിരുന്നു. എല്ലാക്കാലവും നാടകവും അഭിനയവും അദ്ദേഹത്തെ ഭ്രമിപ്പിച്ചു. സഹപ്രവർത്തകർ ‘പത്മശ്രീ’ സോമൻ എന്നാണു വിളിച്ചിരുന്നതെന്ന് സുജാത ഓർമിക്കുന്നു. പിന്നീട് ജോലി ചെയ്ത ആദംപൂരിലും ഒപ്പം സുജാതയുണ്ടായിരുന്നു. 10 വർഷം എയർ ഫോഴ്സിൽ എയർമാനായി ജോലി ചെയ്തശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. സിനിമാ നടൻ സോമനെക്കാൾ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ സോമനെയാണ് സുജാതയ്ക്കിഷ്ടം.

നാടകമായിരുന്നു ഉലകം

തിരുവല്ലയിലെ സ്കൂൾ പഠനകാലം മുതൽ നാടകരംഗത്തു സജീവമായിരുന്നു. തിരുമൂലപുരത്തെ ആസാദ് ക്ലബ്ബിനുവേണ്ടി ചെറുപ്പത്തിൽതന്നെ അരങ്ങിലെത്തി. എയർ ഫോഴ്സിലെ ജോലി മതിയാക്കി നാട്ടിലെത്തിയ സോമന് നാടകജീവിതത്തിലേക്കുള്ള വഴി തുറന്നത് മേക്കപ്പ് ആർട്ടിസ്റ്റ് ജി.കെ.പിള്ളയുമായുള്ള കണ്ടുമുട്ടലാണ്. പ്രഫഷനൽ നാടകങ്ങളിൽ അഭിനയിക്കാനുള്ള താൽപര്യത്തെപ്പറ്റി സോമൻ അദ്ദേഹത്തോടാണ് ആദ്യം പറഞ്ഞത്.  ബന്ധുവും നാടക നടനുമായ പുത്തില്ലം ഭാസിയോട് ജി.കെ.പിള്ള സംസാരിച്ചു. അദ്ദേഹം അന്ന് കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ തിയറ്റേഴ്സിൽ പ്രവർത്തിക്കുകയായിരുന്നു. അടുത്ത നാടകത്തിൽ പരിഗണിക്കാമെന്ന് ഉറപ്പു കിട്ടി. ജയശ്രീ തിയറ്റേഴ്സിന്റെ ‘ഭഗത്‌ സിങ്’ എന്ന നാടകം വേദികളിൽനിന്നു വേദികളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്ന സമയം. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ രാജ്ഗുരുവിനെ അവതരിപ്പിച്ച നടൻ നാടകത്തിൽനിന്ന് പിന്മാറി. ഒട്ടേറെ ബുക്കിങ് ഉണ്ടായിരുന്ന നാടകം അതോടെ പ്രതിസന്ധിയിലായി.

ഭാസി സോമന്റെ കാര്യം കൊട്ടാരക്കര ശ്രീധരൻ നായരോടു പറഞ്ഞു. ഉടൻ കൂട്ടിക്കൊണ്ടുവരൂ എന്ന് ശ്രീധരൻ നായർ. അന്നുതന്നെ തിരുവല്ലയിൽനിന്ന് അദ്ദേഹത്തെയുംകൂട്ടി കൊട്ടാരക്കരയിലെത്തി. ഭഗത് സിങ്ങിലെ രാജ്ഗുരുവായി സോമൻ തന്റെ ആദ്യ പ്രഫഷനൽ നാടകത്തിൽ വേഷമിട്ടു. കായംകുളത്തായിരുന്നു വേദി. സോമന്റെ പ്രകടനത്തിനു വൻ പ്രശംസയാണ് ലഭിച്ചത്. സി. ബാബുവിന്റെ ശരം, കേരള ആർട്സ് തിയറ്റേഴ്സിന്റെ രാമരാജ്യം തുടങ്ങി ഒട്ടേറെ നാടകങ്ങളിൽ പിന്നീടു വേഷമിട്ടു.

‘ഗായത്രി’യെന്ന വിജയമന്ത്രം

മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥയെഴുതി പി.എൻ.മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിന്റെ കാസ്റ്റിങ് നടക്കുന്ന സമയം. ചിത്രത്തിലെ ‘നിഷേധിയായ ബ്രാഹ്മണ പയ്യന്റെ’ വേഷം ചെയ്യാൻ പലരെയും പരിഗണിച്ചെങ്കിലും മലയാറ്റൂരിനും മേനോനും തൃപ്തി വന്നില്ല. സോമനന്ന് രാമരാജ്യം എന്ന നാടകത്തിന്റെ തിരക്കിലായിരുന്നു. തിരുവനന്തപുരത്തെ വേദിയിൽ നാടകം അവതരിപ്പിച്ചപ്പോൾ മലയാറ്റൂരിന്റെ ഭാര്യ വേണി നാടകം കാണാനിടയായി. മലയാറ്റൂരിനോട് ഗായത്രിയിൽ അദ്ദേഹത്തെ പരിഗണിച്ചുകൂടേയെന്നു ചോദിച്ചതും വേണിയാണ്. സോമനെ കണ്ടപ്പോൾ മലയാറ്റൂരിനും ബോധിച്ചു. അങ്ങനെ രാജാമണിയെന്ന ബ്രാഹ്മണ പയ്യനായി അദ്ദേഹം അഭ്രപാളിയിലേക്ക് ചുവടുമാറി. പിന്നീട് നാനൂറോളം ചിത്രങ്ങളിൽ പകരംവയ്ക്കാനില്ലാത്ത ഭാവപ്പകർച്ചകളിലൂടെ സിനിമയ്ക്കു പ്രിയങ്കരനായി.    ഐ.വി.ശശിയുടെ ‘ഇതാ ഇവിടെ വരെ’യിലെ വിശ്വനാഥനും ‘ചട്ടക്കാരി’യിലെ റിച്ചാർഡും ‘ഒരു വിളിപ്പാടകലെ’യിലെ മേജർ ഉണ്ണിക്കൃഷ്ണനും സോമൻ ചെയ്തതിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

‘ഒന്നിച്ചു സിനിമ കാണാനും നാടകങ്ങൾ കാണാനും പോയിരുന്നു. സ്വയം സംരംഭകയായി ഭദ്ര സ്പൈസസ് എന്ന കറി പൗഡർ ബ്രാൻഡ് ആരംഭിക്കുമ്പോൾ പിന്തുണയായി അദ്ദേഹമുണ്ടായിരുന്നു. ഇന്ന്, 69–ാം വയസ്സിലും മുടക്കമില്ലാതെ കമ്പനിക്കാര്യങ്ങളിൽ സജീവമായി നിൽക്കാൻ കഴിയുന്നത് അദ്ദേഹം അന്നു നൽകിയ ധൈര്യത്തിന്റെ പിൻബലത്തിലാണ്’ സുജാത പറയുന്നു. തിരുവല്ല തിരുമൂലപുരത്തെ വീട്ടിൽ നിറയെ സോമന്റെ ചിത്രങ്ങളാണ്. അദ്ദേഹം നേടിയ പുരസ്കാരങ്ങളുടെ പ്രഭയാണ്. അതിനു നടുവിൽ ഓർമകൾ ചേർത്തുപിടിച്ചു സുജാതയും. 

English Summary: Remembering M.G. Soman on his 25th death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com