നെറ്റിപ്പട്ടം ചാർത്തിയ പോരാട്ടം
Mail This Article
ശരീരം തളർത്തുന്ന രോഗത്തിന്റെ രൂപത്തിലാണു തൃശൂർ ഞമനേങ്ങാട് സ്വദേശി പി.പി.ഷിംനയെയും സഹോദരനെയും വിധി തോൽപിക്കാൻ ശ്രമിച്ചത്. ഷിംന പൊരുതി.. അതിജീവനത്തിനായി പാടുപെടുന്ന തന്റെ കുടുംബത്തിന് അത് അത്യാവശ്യമാണെന്ന തിരിച്ചറിവു നൽകിയ ധൈര്യമായിരുന്നു കൂട്ട്. തളർന്നതെങ്കിലും അവളുടെ കൈകളാണ് ഇന്ന് ഒരു കുടുംബത്തെ പുലർത്തുന്നത്. തന്നെയും സഹോദരനെയും ബാധിച്ച മസ്കുലർ ഡിസ്ട്രോഫി എന്ന അസുഖത്തിന്റെ വേദനകൾക്കപ്പുറം കുടുംബത്തിനു തണലാകുന്നതിന്റെ സന്തോഷത്തിലാണ് ഷിംന.
പത്താം വയസ്സിലെത്തിയ ദുരന്തം
10 –ാം വയസ്സിലാണു ഷിംനയ്ക്കു മസ്കുലർ ഡിസ്ട്രോഫി (എസ്എംഎ) ബാധിക്കുന്നത്. ആദ്യമൊക്കെ പിടിച്ചുപിടിച്ചാണെങ്കിലും അവൾ നടന്നു. പിന്നെ അതിനും സാധിക്കാതെയായി. വീൽച്ചെയറിലായി. ഏറെക്കുറെ ശരീരവും മുഴുവൻ അവശനിലയാണ്. പല ശാരീരിക അസ്വസ്ഥതകളമുണ്ട്. കോടികൾ വേണം മരുന്നിന്റെ ഒരു ഡോസിന്. അതുപക്ഷേ കുട്ടികളിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. 34 വയസ്സിനിടയ്ക്കു വിവിധ ചികിത്സകൾ പയറ്റി നോക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല.
മക്കളുടെ പ്രാഥമികാവശ്യങ്ങൾക്കു പോലും പരസഹായം കൂടിയേ തീരൂ എന്ന സ്ഥിതിയായതോടെ ബീഡിത്തൊഴിലാളിയായിരുന്ന അമ്മ ഗീതയ്ക്കും കിണർ പണിക്കു പോയിരുന്ന അച്ഛൻ പുരുഷോത്തമനും ജോലിക്കു പോകാനാകാതെയായി. മൊബൈൽ റീചാർജ് ചെയ്തു കൊടുത്താണ് പിന്നീട് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഷിംനയുടെ അതേ രോഗമുള്ള അനിയനും ശ്വാസകോശരോഗ ബാധിതയായ ചേച്ചിയുമടക്കം മൂന്നു പേരുടെയും ആരോഗ്യത്തെ കോവിഡ് കാലം ബാധിക്കുമെന്ന ആശങ്കയുണ്ടായതോടെ ആ ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. അതോടെ വരുമാനം നിലച്ചു. താനും സഹോദരനും കാരണം അച്ഛനും അമ്മയ്ക്കും ജോലിക്കു പോകാൻ സാധിക്കുന്നില്ലെന്നോർത്ത് ഷിംന വല്ലാതെ വേദനിച്ചു. അങ്ങനെയാണ് എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന് ഷിംന ഉറപ്പിച്ചത്. 17 വയസ്സു മുതൽ ലോട്ടറി വിൽപന, ട്യൂഷനെടുക്കൽ, പാവനിർമാണം അങ്ങനെ ഒട്ടേറെ ജോലികൾ ചെയ്തു. ഇപ്പോൾ ഷിംന നിർമിക്കുന്ന അലങ്കാര നെറ്റിപ്പട്ടങ്ങളാണ് ഈ വീടിന്റെ സന്തോഷവും വരുമാനമാർഗവും.
യുട്യൂബ് വഴിയാണ് നെറ്റിപ്പട്ട നിർമാണം ഷിംന പഠിച്ചത്. രണ്ടു വർഷമായി ഈ ജോലി ചെയ്യുന്നു. ചലിപ്പിക്കാനാകുന്ന കൈപ്പത്തി മാത്രം ഉപയോഗിച്ച് നെറ്റിപ്പട്ടനിർമാണം ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ, തോൽക്കാൻ തനിക്കാകില്ലെന്ന ഉറച്ച ബോധ്യം അവളുടെ ഉള്ളിലുണ്ടായിരുന്നു. കൈപ്പത്തിയുടെ ഭാഗമൊഴിച്ച് കൈകൾ സ്വയം ചലിപ്പിക്കാൻ പോലും അവൾക്കാകില്ല. തുണിമുറിച്ചെടുക്കുന്നതു പോലുള്ള ജോലി ചെയ്യാൻ അച്ഛൻ സഹായിക്കും. നല്ല ക്ഷമ വേണ്ട ജോലിയാണ്. അഞ്ചടിയുള്ള നെറ്റിപ്പട്ടം ചെയ്യാൻ ഒരാഴ്ചയിൽ കൂടുതൽ സമയം വേണം. ഒന്നരയടിയുടേതിന് മൂന്നു ദിവസവും. വലുപ്പത്തിനനുസരിച്ച് വ്യത്യാസം വരും. 300 രൂപ മുതലാണ് നെറ്റിപ്പട്ടത്തിന്റെ വില. അഞ്ചടി വലുപ്പമുള്ളതിന് 10,000 രൂപ. ആവശ്യത്തിനനുസരിച്ച് അതിലും വലുതും നിർമിച്ചു നൽകും. പ്ലസ്ടുവരെ പഠിച്ച ഷിംന ഇതിനു പുറമേ കീചെയിനുകളും നിർമിക്കാറുണ്ട്. പലരും സഹായിച്ചാണ് സ്വന്തമായി ഒരു വീടായത്.
രോഗം സഹോദരനു നേരെയും
ഷിംനയ്ക്കു ശേഷമാണ് സഹോദരൻ ഷിബിനെയും ഇതേ രോഗം ബാധിക്കുന്നത്. നടക്കുമ്പോൾ ഇടയ്ക്കിടെ വീഴുകയും പടികൾ കയറാനുള്ള ബുദ്ധിമുട്ടും നടത്തത്തിലെ വ്യാത്യാസവുമെല്ലാം കണ്ടപ്പോൾ സംശയം തോന്നി. ഷിംനയെക്കാൾ ബുദ്ധിമുട്ടുണ്ടായിരുന്നു ഷിബിന്. ആരെങ്കിലും ചെറുതായൊന്നു തട്ടിയാൽ പോലും അവൻ മറിഞ്ഞുവീഴും. സ്കൂളിൽനിന്നു വരുമ്പോൾ മിക്കപ്പോഴും ശരീരത്തിൽ ചോരയുണ്ടാകും. വീഴ്ചകൾ കൂടിയപ്പോൾ ആറാം ക്ലാസിൽ പഠിത്തം അവസാനിപ്പിക്കേണ്ടി വന്നു. അവൻ നന്നായി വരയ്ക്കുമായിരുന്നു. പക്ഷേ പിന്നീട് കൈകളും തളർന്നു. ക്രിക്കറ്റ് പ്രേമിയാണ് ഈ മുപ്പത്തിരണ്ടുകാരൻ. കൈപ്പത്തി ഉപയോഗിച്ച് ലാപ്ടോപ് ഉപയോഗിക്കുന്നുണ്ട്. അതിൽ ചില്ലറ ജോലികളും ചെയ്യും. ഇവർക്ക് സഹോദരികൂടിയുണ്ട്. വിവാഹിതയായ അവർ ശ്വാസകോശരോഗത്തിന് 14 വർഷമായി ചികിത്സ തേടുന്നുണ്ട്.
കൊലുസ്സിട്ട ചിരി
നൃത്തത്തോട് വലിയ ഇഷ്ടമുണ്ടായിരുന്നു ഷിംനയ്ക്ക്. സ്കൂൾ കാലത്തൊക്കെ ക്ലാസിക്കൽ ഡാൻസ് കണ്ണിമചിമ്മാതെ നോക്കിനിൽക്കുമായിരുന്നു. വീട്ടിലെത്തിയശേഷം പലതവണ ചുവടുവയ്ക്കാൻ ശ്രമിച്ചു. പലപ്പോഴും വീണു. പക്ഷേ, ഉള്ളിലെ ഇഷ്ടം മായാതെകിടന്നു. ശരീരത്തിൽ പടരുന്ന വേദനയുടെയും അസ്വസ്ഥയുടെയും മുന്നിൽ പോലും തോറ്റിട്ടില്ല. എന്നാലും..ഇപ്പോഴും യുട്യൂബിലും മറ്റും കൂടുതൽ തിരയുന്നത് നൃത്ത വിഡിയോകളാണ്.
പത്തുപതിനഞ്ചുവയസ്സുവരെ മാത്രമേ ജീവിക്കൂ എന്നു ഡോക്ടർമാർ വിധിയെഴുതിയ തങ്ങൾ രണ്ടുപേരെയും തളരാതെ പിടിച്ചുനിർത്തിയ അച്ഛനമ്മമാർക്ക് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യണമെന്ന ചിന്തമാത്രമാണ് ഇപ്പോൾ ഷിംനയ്ക്കുള്ളത്. അവരുടെ സ്നേഹവും കരുതലുമാണ് തന്റെ ചിരിയുടെ പിന്നിലെന്നു അവൾ പറയുന്നു. ഓരോ മണിയും ചേർത്തൊട്ടിച്ച് ഷിംന ഒരുക്കുന്ന അലങ്കാര നെറ്റിപ്പട്ടങ്ങൾ ജീവിക്കാനുള്ള പെടാപ്പാടിന്റെ ഭാഗമാണ്. പലരും അത് വിദേശങ്ങളിലേക്കുപോലും കൊണ്ടുപോയിട്ടുണ്ടെന്നു പറയുമ്പോൾ ആത്മവിശ്വാസം നിറഞ്ഞൊരു സന്തോഷമുണ്ട് ഷിംനയുടെ മുഖത്ത്. ഷിംനയുടെ നമ്പർ– 9745497031
നെറ്റിപ്പട്ടം കെട്ടിയ സ്വപ്നങ്ങൾ ..
ദുരിതങ്ങൾക്കിടയിലും ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുന്ന ഷിംനയുടെയും ഷിബിന്റെയും കഥയുമായി നെറ്റിപ്പട്ടം കെട്ടിയ സ്വപ്നങ്ങൾ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. ഷംന തിരൂരാണു എഴുതുന്നത്.
English Summary : Sunday Special about Thrissur native Shimna