ADVERTISEMENT

കഴിഞ്ഞ ഒരു മാസമായി അഖിൽ ഉറങ്ങുമ്പോഴെല്ലാം കാണുന്നതു പാമ്പുകളെയാണ്. 2018 ൽ സ്വന്തം നാടായ ആലപ്പുഴയിൽ വലിയ പ്രളയത്തെ നേരിൽക്കണ്ട അഖിൽ, ജീവൻ പണയം വച്ചു പ്രളയത്തെ അതിജീവിച്ചത് ഒരു മാസം മുൻപു തിരുവനന്തപുരം വെള്ളായണിയിൽ വച്ചാണ്.

നിയമപരമല്ലാത്ത അറിയിപ്പ്: ഈ കഥയും കഥാപാത്രങ്ങളും യഥാർഥമാണ്. ഈ കഥയിൽ ഒരു പാമ്പിനെ അറിയാതെ ചവിട്ടി വേദനിപ്പിച്ചിട്ടുണ്ട്

വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട്, മുട്ടറ്റം വെള്ളത്തിൽ നിന്ന അഖിൽ പി.ധർമജൻ തിരിഞ്ഞു നോക്കി. വെള്ളായണി അപ്പു വെള്ളപ്പൊക്കത്തിലേക്കു ചാടി തന്റെ പിന്നാലെ നീന്തുകയാണ്. റോഡും തോടും തിരിച്ചറിയാനാകാത്ത ഒഴുക്ക്. തിരക്കിൽ നിന്നു മാറി സ്വസ്ഥമായി തിരക്കഥയെഴുതാൻ വെള്ളായണിയിൽ എത്തിയപ്പോൾ മുതൽ അഖിലിനൊപ്പം കൂടിയ നായയാണ് വെള്ളായണി അപ്പു. കാലുകൾക്കു നീളം കുറഞ്ഞ സങ്കരയിനം. ഒത്തിരി അപകടങ്ങളെ അതിജീവിച്ച് വളർന്നവൻ. പെട്ടെന്നാണ് അവൻ റോഡിൽ നിന്നു തോട്ടിലേക്കുള്ള ഒഴുക്കിലേക്കു വഴുതിയത്. ഒരു നിമിഷം അഖിൽ ഞെട്ടി. ജീവൻ രക്ഷിക്കാൻ അരയ്ക്കൊപ്പം വെള്ളത്തിലൂടെ താൻ കരയിലേക്ക് എടുത്തു കൊണ്ടുവന്ന അപ്പു ഒഴുക്കിൽപ്പെട്ടു പോകുന്നു.

അഖിൽ പിന്നാലെ ഓടി. ഒപ്പം, നാട്ടുകാരനായ ഒരു വയോധികനും. തോട്ടിലെ ഒതുക്കു കല്ലുകളിൽ പിടിച്ചു നിന്നും വീണ്ടും ഒഴുകിയും അപ്പു ഏറെ ദൂരമെത്തിയിരുന്നു. അവിടെ തോട്ടിൽ നിന്നു പാടത്തിലേക്ക് ഒരു ചുഴിക്കപ്പുറം തോട് വഴിതെറ്റി ഒഴുകുകയായിരുന്നു. അപ്പുവും ആ ഒഴുക്കിൽപ്പെട്ടു മുങ്ങി. ‘മോനേ, അതു വിഷമുള്ള പാമ്പാണ്, മാറിക്കോ’

അപ്പുവിനെ നഷ്ടമാകുന്നതിന്റെ സങ്കടത്തിൽ നിന്ന് അഖിലിനെ വിളിച്ചുണർത്തിയത് ഒപ്പം ഓടിയെത്തിയ ആ അമ്മാവന്റെ ശബ്ദമാണ്. തോട്ടിലെ ഒഴുക്കിലൂടെ ഒരു മൂർഖൻ കരയിലേക്കു നീന്തുന്നു. അമ്മാവൻ തോടിന്റെ കല്ലു കെട്ടിലൂടെ പിന്നാക്കം നടന്നു; ചെളി വരമ്പത്തൂടെ അഖിലും. പെട്ടെന്ന് എന്തിലോ ചവിട്ടി വഴുക്കിയതു പോലെ, പൊടുന്നനെ കാലിൽ ഒരു കടി. ഉൾമനസ്സിൽ ഒരു പാമ്പിന്റെ ശീൽക്കാരം. ചളിവരമ്പിൽ കിടക്കുകയായിരുന്ന മറ്റൊരു പാമ്പ് ആയിരുന്നു അത്. അഖിൽ ഉയർന്നു ചാടി. അതേ വേഗത്തിൽ പുളഞ്ഞു ചാടി പാമ്പ് വീണ്ടും കാലിൽ രണ്ടു തവണ കൂടി കടിച്ചു.

‘മോനേ, മൂർഖനാണ്...’ കടിച്ചതിനു പിന്നാലെ തോട്ടിലേക്കു ചാടിയ പാമ്പിന്റെ ഒച്ചയോടൊപ്പം പേരറിയാത്ത ആ അമ്മാവന്റെ ശബ്ദം വീണ്ടും അഖിലിന്റെ മനസ്സിലേക്കു വീണു...

തീർന്നു... ജീവിതം ഇവിടെ തീർന്നു.. സ്വപ്നങ്ങൾ, ചെയ്തു തീർക്കാൻ കാത്തു വച്ച കാര്യങ്ങൾ... അച്ഛൻ.. അമ്മ... കൂട്ടുകാർ... ചിന്തകൾ പെരുവെള്ളം പോലെ ഒലിച്ചിറങ്ങി.

‘എല്ലാ ദുരന്തവും വെറും വാർത്ത മാത്രമാണ്; നമ്മളെ ബാധിക്കുന്നതു വരെ മാത്രം!’

എന്ന മുഖവുരയോടെയാണ് 2018 ലെ പ്രളയം ചിത്രീകരിച്ച ‘2018: എവരിവൺ ഈസ് എ ഹീറോ’ എന്ന സിനിമയുടെ തുടക്കം. തിയറ്ററുകളിൽ പ്രേക്ഷക പ്രളയം സൃഷ്ടിച്ച സിനിമയ്ക്ക് ഓസ്കർ നാമനിർദേശം ലഭിച്ചിട്ട് അന്ന് ഏതാനും ദിവസമേ ആയിട്ടുള്ളൂ. ആ സിനിമയുടെ തിരക്കഥാകൃത്തും യുവ നോവലിസ്റ്റുമായ ആലപ്പുഴ പാതിരപ്പള്ളി സ്വദേശി അഖിൽ പി.ധർമജൻ തിരുവനന്തപുരത്തെ വെള്ളായണി ആറാട്ടുകടവ് എന്ന ഗ്രാമത്തിൽ എത്തിയത് പുതിയ ഹൊറർ സിനിമയുടെ തിരക്കഥ എഴുതാനാണ്.

‘മുൻപ് ഒരു പരിപാടിക്കെത്തിയപ്പോൾ കണ്ട ഈ ഗ്രാമത്തിലേക്ക് യാദൃശ്ചികമായി വീണ്ടും എത്തിയപ്പോൾ വലിയ സന്തോഷം തോന്നി’– അഖിൽ പറഞ്ഞു. പുതിയ സിനിമയുടെ സംവിധായകൻ ശ്യാം ഗിരിജയും ഒപ്പമുണ്ടായിരുന്നു. തോടും കായലും പാടങ്ങളും സംഗമിക്കുന്ന ഗ്രാമത്തിലെ രണ്ടു മാസത്തെ ജീവതം ഒട്ടേറെ കൗതുകങ്ങൾ നിറഞ്ഞതായിരുന്നു.

‘ആ ഗ്രാമത്തിൽ ആദ്യം പരിചയപ്പെട്ടവരിലൊരാളായിരുന്നു വെള്ളായണി അപ്പു എന്ന നായ. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോഴാണ് അപ്പു അതുവഴി പോകുന്നതു കണ്ടത്. പ്രത്യേക ശബ്ദത്തിൽ വിളിച്ചപ്പോൾ അവൻ ഓടിയെത്തി. ഭക്ഷണം കൊടുത്തപ്പോൾ ഞങ്ങളുടെ ചങ്ങാതിയായി’– അഖിൽ പറയുന്നു.

നീർക്കോലി, മൂർഖൻ, ശംഖുവരയൻ, അണലി

‘കിരീടം’ എന്ന സിനിമയിലൂടെ പ്രശസ്തമായ കിരീടം പാലത്തിന് അടുത്തായിരുന്നു അഖിലും ശ്യാമും താമസിച്ച വീട്. ഒരു സായാഹ്ന സവാരിക്കിടയിൽ വെളിച്ചമില്ലാത്ത വഴിയിൽ മൊബൈൽ ഫോണിന്റെ ഫ്ലാഷ് തെളിച്ചപ്പോൾ ഒരു കയർ പോലെ കുറുകെ കിടക്കുന്നു ഒരു പാമ്പ്. ആകെ പേടിച്ചുപോയി. പിറ്റേന്ന് തുണി അലക്കാൻ വീടിനു പുറത്തു നിൽക്കുമ്പോൾ കാലിനടുത്തു കൂടി മറ്റൊരു പാമ്പ് ആരെയും പേടിക്കാതെ ഇഴഞ്ഞു പോയി. പിന്നീട് അതൊരു പതിവായി. നീർക്കോലി, മൂർഖൻ, ശംഖുവരയൻ, അണലി... നാട്ടുകാർ പല പേരുകളും പറഞ്ഞു.

എന്നും കാണാൻ തുടങ്ങിയതോടെ പാമ്പിനോടുള്ള ഭയവും അമ്പരപ്പും മാറി. ‘ഒരു ദിവസം പുറത്തു പോയി വന്നപ്പോൾ ശ്യാമിന്റെ സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നു. വാതിൽ തുറന്നു കിടക്കുന്നു. വാതിലിനിടയിലൂടെ ഒരു വാൽ കണ്ടു. പാമ്പ് ആണെന്നു ‍ഞാൻ; അല്ല, അരണയാണെന്നു മറ്റുള്ളവർ. വാതിൽ തുറന്നു നോക്കിയപ്പോൾ പാമ്പ്! പാമ്പിനെ കണ്ടതിന്റെ പേടിയെക്കാൾ എന്റെ വാദം ജയിച്ചു എന്നതായിരുന്നു ഞങ്ങളുടെ ഭാവം’.

പല ദിവസവും അഖിലിന്റെ വാട്സാപ്പിൽ വീട്ടുമുറ്റത്തെ പലയിനം പാമ്പുകളുെട സ്റ്റേറ്റസ് കണ്ടപ്പോൾ സുഹൃത്തുക്കളും അമ്പരന്നു, ഇവനു പാമ്പിനെ പേടിയില്ലേ? മഴയുള്ള രാത്രികൾ കഴിയുമ്പോൾ വീട്ടു മുറ്റത്തു വിശ്രമിക്കുന്ന പാമ്പുകൾ പതിവു കാഴ്ചയായി.

വെള്ളപ്പൊക്കത്തിൽ

‘2018’ എന്ന സിനിമയിൽ, സുധീഷ് അവതരിപ്പിച്ച വർഗീസ് എന്ന കഥാപാത്രത്തിന്റെ വീടിനു ചുറ്റും രാത്രി വെള്ളം നിറയുന്നതിന്റെ വേദനിപ്പിക്കുന്ന രംഗങ്ങൾ എഴുതുമ്പോൾ ജീവിതത്തിൽ എന്നെങ്കിലും ആ അനുഭവം നേരിടേണ്ടി വരുമെന്ന് അഖിൽ കരുതിയില്ല. ഒടുവിൽ ആ ദിവസവും എത്തി.

ഒക്ടോബർ 14. രാത്രി മഴയോടൊപ്പമാണ് അഖിലും ശ്യാമും വീട്ടിലേക്കു വന്നു കയറിയത്; ഒപ്പം അപ്പുവും. മഴത്തണുപ്പിൽ വിറയ്ക്കുന്ന അപ്പുവിനു കിടക്കാൻ പുറത്തു തുണി വിരിച്ചു. അഖിലും ശ്യാമും കിടക്കാൻ പോയി. 

15 ന് പുലർച്ചെ മൂന്നു മണി. പുറത്ത് അപ്പു കുരയ്ക്കുന്ന ശബ്ദം. വലിയ ബഹളം. വാതിൽ തുറന്നപ്പോൾ അകലെ നാട്ടുകാരിൽ ചിലർ ടോർച്ച് തെളിച്ചു വിളിക്കുന്നു. പുറത്തെ കാഴ്ച കണ്ടു ഞെട്ടി; മുറ്റത്തെ മൂന്നു പടികളും നിറഞ്ഞു വീടിനുള്ളിലേക്കു വെള്ളം കയറാനൊരുങ്ങുന്നു. തോട്ടിൽ നിന്നും കായലിൽ നിന്നും വെള്ളം കുത്തിയൊലിക്കുന്നു. സ്കൂട്ടർ വെള്ളത്തിൽ മുങ്ങി.

‘വെള്ളത്തിൽ ഇറങ്ങല്ലേ, ഷോക്ക് അടിക്കും–’ അകലെ നിന്ന് മുന്നറിയിപ്പ്. ഉടൻ കെഎസ്ഇബിയിൽ വിളിച്ചെങ്കിലും അവർ ഒഴികഴിവു പറയുന്നു. അവസ്ഥ ഷൂട്ട് ചെയ്ത് വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പിന്നെയും അര മണിക്കൂറിലേറെ കഴിഞ്ഞ് വൈദ്യുതി ഓഫ് ആയി.

വെള്ളം വീണ്ടും ഉയർന്നു. വെള്ളത്തിലൂടെ വീട്ടിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ കമ്പ് കൊണ്ട് തള്ളി വിട്ടു. വീട്ടു സാധനങ്ങൾ തട്ടിൻപുറത്തേക്കു മാറ്റി. അഖിലും ശ്യാമും രക്ഷപ്പെടാൻ ബാഗ് തയാറാക്കി. ‌നാട്ടുകാരിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാംപിലേക്കു മാറി. തോടും റോഡും കായലും പാടവുമെല്ലാം വെള്ളപ്പരപ്പിനടിയിലാണ്. പതിവായി നടക്കുന്ന വഴി അഖിലിനും ശ്യാമിനും ആത്മവിശ്വാസം കൂടി.

‘അപ്പോഴാണ് അപ്പുവിനെക്കുറിച്ച് ഓർത്തത്. അവനെ വീട്ടിലാക്കി പോയാൽ ഇനി എന്ന് തിരിച്ചെത്തുമെന്നറിയില്ല. അവൻ പട്ടിണിയാകും. അപ്പുവിനെ കരയ്ക്കെത്തിക്കാൻ തീരുമാനിച്ചു ഞാൻ അവനെയുമെടുത്ത് നടന്നു. ഒന്നര കിലോമീറ്റർ അകലെയുള്ള റോഡിലേക്ക് പലയിടത്തും അരയൊപ്പവും മുട്ടൊപ്പവും വെള്ളമാണ്. അവനെ പ്രധാന റോഡിൽ എത്തിച്ചു. മടങ്ങുമ്പോഴാണ് അവൻ തിരികെ നീന്തി അപകടത്തിൽപ്പെട്ടത്’– അഖിൽ ഓർമിച്ചു.

അപ്പുവിനൊപ്പം അഖിൽ പി. ധർമജൻ
അപ്പുവിനൊപ്പം അഖിൽ പി. ധർമജൻ

മരണം വന്നു ‘ഹായ്’ പറഞ്ഞപ്പോൾ

പാമ്പു കടിയേറ്റെന്നു തിരിച്ചറിഞ്ഞ്, ഒപ്പമുണ്ടായിരുന്ന പേരറിയാത്ത ആ അമ്മാവൻ ഉടുമുണ്ട് കീറി കാലിൽ കെട്ടാൻ കൊടുത്തു. മരിച്ചു പോകുമെന്ന ചിന്തയിൽ അഖിൽ കാലിൽ പാമ്പു കടിയേറ്റതിനു മുകളിൽ തുണി വരിഞ്ഞു മുറുക്കി.

‘ആകെ പേടിയായി. പാമ്പിനെ കണ്ടുകണ്ട് പേടി മാറിയെന്ന അഹങ്കാരം ചോർന്നുപോയി. കാലിൽ ചോരയൊലിക്കുന്നു. വീട്ടിലായിരുന്ന ശ്യാം ചേട്ടനെ വിളിക്കാൻ അമ്മാവനെ പറഞ്ഞു വിട്ടു, ഒപ്പം, എന്റെ ഫോൺ എടുക്കാൻ ഓർമിപ്പിക്കുകയും ചെയ്തു–’ അഖിൽ ആ നിമിഷങ്ങളിലൂടെ വീണ്ടും കടന്നുപോയി.

‘മോൻ ആ പാലത്തിന്റെ കൈവരിയിൽ ഇരിക്കണം’ എന്ന് ഓർമിപ്പിച്ച ശേഷം അമ്മാവൻ വീട്ടിലേക്ക് ഓടി.

‘ശരീരം വിറയ്ക്കുന്നു.. തല ചുറ്റുന്നു... ജീവിതം അവസാനിച്ചോ? പരിഭ്രമിക്കരുതെന്നു മനസ്സിനോടു പറയുന്നുണ്ടെങ്കിലും ഹൃദയമിടിപ്പ് ഉയരുന്നു.

അച്ഛനോടും അമ്മയോടും സംസാരിക്കണം, കൂട്ടുകാരെ വിളിക്കണം.. ചിന്തകൾ പലവഴി പായുന്നു. ജീവിതം ഇത്രപെട്ടെന്ന് അവസാനിക്കുമെന്ന് ആരു കരുതാൻ! എവിടെയെല്ലാം പോകാനുണ്ട്, എന്തൊക്കെ ചെയ്യാനുണ്ട്, പുതിയ നോവൽ പ്രസിദ്ധീകരിക്കണം, തിരക്കഥ പൂർത്തിയാക്കണം... എനിക്കു മാത്രം അറിയുന്ന എത്രയെത്ര കഥകൾ മനസ്സിൽ എഴുതാൻ കിടക്കുന്നു...

ശൂന്യതയും വെള്ളവും മാത്രം മുന്നിൽ. പാലത്തിനു മുന്നിൽ ഞാൻ തളർന്നിരുന്നു. ആശ്വസിപ്പിക്കാൻ പോലും ആരുമില്ല. കാലിൽ കട്ടുറുമ്പു കടിക്കുന്നതു പോലെ കടുത്ത വേദന. ശരീരം ആകെ നനഞ്ഞു’– സർപ്പ സ്മരണയിൽ അഖിൽ വീണ്ടും പുളഞ്ഞു. അൽപനേരത്തിനുള്ളിൽ ശ്യാം അവിടേക്ക് ഓടിയെത്തി. ഒപ്പം, ആംബുലൻസ് സഹായവും തേടിയിരുന്നു. വൈകാതെ തന്നെ ആംബുലൻസ് എത്തി. ശ്യാമും ആ അമ്മാവനും ചേർന്ന് ആംബുലൻസിലേക്കു കയറ്റുമ്പോൾ അകലെ പ്രതീക്ഷയുടെ ഒരു കാഴ്ച അഖിലിനെ തേടിയെത്തി– ഒഴുക്കിൽ മുങ്ങിയ വെള്ളായണി അപ്പു കരയിലേക്കു ചാടിക്കയറി, മേലാകെ കുടഞ്ഞ് നന്ദിസൂചകമായി തന്നെ നോക്കുന്ന കാഴ്ച.

വിഷമേൽക്കാത്ത സർപ്പദംശനം, ഉറക്കത്തിലെത്തുന്ന പാമ്പുകൾ

‘മോനേ, വെള്ളായണിയിൽ വെള്ളം കയറിയെന്നു വാർത്ത കാണിക്കുന്നു. കുഴപ്പമില്ലല്ലോ?’– ആംബുലൻസിൽ ആശുപത്രിയിലേക്കു പായുമ്പോൾ അഖിലിന്റെ ഫോണിലേക്ക് അച്ഛന്റെ അന്വേഷണമെത്തി. ‘കുഴപ്പമൊന്നും ഇല്ല, എന്നെ ഒരു നീർക്കോലി കടിച്ചു, ആശുപത്രിയിലാണ്, ആരും പേടിക്കേണ്ട’ എന്ന ഒരു ‘നുണ’യിൽ വീട്ടുകാരുടെ ആശങ്ക മാറ്റി.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞു, ‘ഭാഗ്യമാണ്, വിഷം കയറിയില്ലെന്നാണു തോന്നുന്നത്!’. മൂന്നു തവണ മൂർഖന്റെ കടിയേറ്റിട്ടും വിഷം കയറാത്തത് എന്ത് അദ്ഭുതമാണെന്ന് ആലോചിക്കുന്നതിനിടയിൽ ഉറക്കം കണ്ണുകളെ തഴുകുന്നു. ‘ഉറങ്ങരുത്, പരിശോധനകളെല്ലാം കഴിയുന്നതു വരെ ഉറങ്ങരുത്..’ ഡോക്ടർമാർ പറഞ്ഞു. പല തവണയായി പരിശോധനകൾ പൂർത്തിയാക്കി. പതിയെ അഖിൽ രണ്ടാം ജന്മത്തിലേക്കു നടക്കാൻ തുടങ്ങി. അതിനിടയിൽ ഡോക്ടർമാരുടെ കാലു പിടിച്ച് ഒരു കോളജിൽ ഏറ്റിരുന്ന പരിപാടിക്കു പോകാനും സമയം കണ്ടെത്തിയെന്ന് അഖിൽ പറയുന്നു.

ജീവിതത്തിലേക്കുള്ള രണ്ടാം വരവിൽ അഖിലിന്റെ ജീവിതവും ചിന്തകളും മാറി. ‘കഷ്ടപ്പാട് അറിഞ്ഞു വളർന്നതിനാൽ പണം ചെലവഴിക്കാൻ എനിക്കു പിശുക്കുണ്ടായിരുന്നു. എന്നാൽ, ജീവിതത്തിലെ നല്ല കാര്യങ്ങൾക്കു വേണ്ടി സമയവും പണവും ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കാൻ നേരത്തു നമുക്കു വലിയ വിഷമം തോന്നുമെന്ന് എനിക്കു കിട്ടിയ തിരിച്ചറിവാണ്. നന്നായി വ്യായാമം ചെയ്യാൻ തുടങ്ങി. നല്ല ഭക്ഷണം കഴിക്കാനും സ്നേഹിക്കുന്നവരെ കുറച്ചു നേരമെങ്കിലും വിളിച്ചു സംസാരിക്കാനും സഹോദരന്റെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങിക്കൊടുക്കാനും തുടങ്ങിയിട്ടുണ്ട്–’ അഖിൽ പറഞ്ഞു.

പാമ്പു കടിയേറ്റ ശേഷമുള്ള ഉറക്കമെല്ലാം ഞെട്ടിയുണരുന്നതു പാമ്പുകളെ സ്വപ്നം കണ്ടാണ്. ‘പാമ്പ് കടിയേറ്റതിനു ശേഷം ആശുപത്രിയിലെത്തുന്നതു വരെയുള്ള സമയം നന്നായി പേടിച്ചതാണ് കാരണമെന്നാണു ഡോക്ടർ പറയുന്നത്. അതുകൊണ്ട് മനസ്സിനു സന്തോഷം നൽകുന്ന കാര്യങ്ങൾക്കു കൂടുതൽ സയമം ചെലവഴിക്കുന്നു. പുതിയ സിനിമ, നോവൽ...’ പുതിയ പദ്ധതികളിലൂടെ അഖിൽ ‘രണ്ടാം ജന്മ’ത്തിലേക്ക് ഇഴഞ്ഞു നീങ്ങുകയാണ്. 

English Summary:

Sunday Special about Akhil P. Dharmajan's second flood experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com