ADVERTISEMENT

നേർത്ത മഞ്ഞിന്റെ പുതപ്പിൽ ഉറങ്ങിയുണരാൻ മടിച്ചുകിടക്കുന്നു ഞായറാഴ്ച ബെംഗളൂരു നഗരം. തലേന്നു രാത്രി നഗരത്തിന് പതിവിലുമേറെ ചെറുപ്പമായിരുന്നു. ജയനഗർ പാലസ് ഗ്രൗണ്ടിൽ കെ–പോപ്പിന്റെ പുതുതാളത്തിൽ വേദിയെ തീപിടിപ്പിച്ച കൊറിയൻ ഗേൾ ബാൻഡ് സംഘത്തിലെ നാലു പേർ പുലർച്ചെ തന്നെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു നാട്ടിലേക്കു മടങ്ങി. പക്ഷേ, തിരികെപ്പോകാൻ ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട്, ആ സംഘത്തിലൊരാൾ ബെംഗളൂരുവിൽ തങ്ങി.

ഗാന്ധിനഗറിലെ ഹോളിഡേ ഇൻ ഹോട്ടലിൽ 1406ാം നമ്പർ മുറിയുടെ കോളിങ് ബെൽ അമർത്തിയപ്പോൾ വാതിൽ തുറന്നത് അതിസുന്ദരമായൊരു മുഖം. ആന്യോഹാസെയോ !!! കൊറിയൻ ഭാഷയിലെ ‘ഹലോ’, അതു പറഞ്ഞ കൊച്ചു സുന്ദരിയുടെ നിറഞ്ഞചിരിയും കണ്ണുകളിലെ തിളക്കവും. ഇന്ത്യയിലെ ആദ്യ കെ–പോപ് താരമായ മലയാളി പെൺകുട്ടിയാണിത്. തിരുവനന്തപുരം സ്വദേശി ഗൗതമിയെന്ന ‘ആമി’ ഇന്ന് കെപോപ് ആരാധകരുടെ ‘ആരിയ’യാണ്.

കഴിഞ്ഞ ഏപ്രിൽ 11ന് ദക്ഷിണ കൊറിയയിലെ വേദിയിൽ ‘കീപ്പിങ് ദ് ഫയർ’ എന്ന് ആടിപ്പാടി X:IN ഗേൾ ബാൻഡ് ആദ്യ ചുവടുകൾ വച്ചപ്പോൾ ‘തീപ്പൊരി’ വീണതു മലയാളി ഹൃദയങ്ങളിലാണ്. കെ പോപ് ആരാധകർ ഏറെയുള്ള സംസ്ഥാനത്തെ ചെറുപ്പക്കാരുടെ മോഹം ‘മലയാളിക്ക്’ സാധ്യമായെന്ന സന്തോഷം. ആ സ്വപ്നം സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട് കൃത്യം ഒരു വർഷത്തിനുശേഷം ബാൻഡിന്റെ ആദ്യത്തെ ‘വിദേശപര്യടനം’ സ്വന്തം നാട്ടിലായതിന്റെ ആഹ്ലാദത്തിലാണ് ആരിയ.

നാടു മിസ് ചെയ്തു; ആഹാരവും

‘‘സോളിൽ പോയി ഒരുവർഷത്തിനുള്ളിൽ തന്നെ മടങ്ങി വന്നു നാട്ടിൽ പെർഫോം ചെയ്യാനായതിൽ വളരെ സന്തോഷമുണ്ട്. വീട്ടുകാരെ ഒരുപാട് മിസ് ചെയ്തിരുന്നു, ഇപ്പോൾ അവരെയെല്ലാം കാണാനും സാധിച്ചു. അതുപോലെ നമ്മുടെ ഭക്ഷണവും മിസ് ചെയ്തു. ഇവിടെ വന്നാൽ എന്തൊക്കെ കഴിക്കണമെന്ന് ബാൻഡിലെ എല്ലാവരോടും ബിൽഡപ്പൊക്കെ കൊടുത്തിട്ടു വന്നതാണ് ഞാൻ. ഇനി എപ്പോഴും എപ്പോഴും വരണമെന്നു തോന്നുന്നു.’’ ആര്യ പറയുന്നു.

2017ൽ ആരിയയുടെ മനസ്സിൽ കയറിക്കൂടിയതാണ് കൊറിയൻ സംഗീതം. അഞ്ചാം ക്ലാസ് വരെ പഠനം തിരുവന്തപുരത്തായിരുന്നെങ്കിലും പിന്നീട് കുടുംബസമേതം മുംബൈയിലേക്കു താമസം മാറി. സ്കൂൾ വിട്ടു വന്നാൽ ടിവിയിൽ പാട്ടുകൾ കാണും. ഒരിക്കൽ കേട്ട പാട്ടിന്റെ ഭാഷ അപരിചിതമായി തോന്നി. കേൾക്കാൻ രസമുണ്ട്, അതിലേറെയുണ്ട് കാണാൻ. അങ്ങനെ കണ്ടാസ്വദിച്ചത് ബിടിഎസ് എന്ന ലോക പ്രശസ്ത കെ– പോപ് ബാൻഡിന്റെ ‘ബ്ലഡ്, സ്വെറ്റ്, ടിയേഴ്സ്’!. കെ–പോപ്പിന്റെ ലോകത്തേക്കുള്ള ആമിയുടെ യാത്രയുടെ തുടക്കം ബിടിഎസിൽ നിന്നായിരുന്നു.

മേൽവിലാസം എന്ന സിനിമയിൽ പാർഥിപനും ആമിയും (ആരിയ)
മേൽവിലാസം എന്ന സിനിമയിൽ പാർഥിപനും ആമിയും (ആരിയ)

മലയാളിപ്പെൺകുട്ടിയുടെ കൊറിയൻ ട്രിപ് !

എക്സ് ഇൻ ബാൻഡിലെ റാപ്പറും വോക്കലിസ്റ്റുമാണ് ആരിയ. ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഈ ഇരുപതുകാരിയാണ്. കെപോപ് ഗ്രൂപ്പുകളിലെ ഇളയ അംഗത്തെ വിളിക്കുന്ന ‘മക്നെ’ എന്ന  ചെല്ലപ്പേരും ആരിയയ്ക്കു സ്വന്തം. ബെംഗളൂരുവിലെ കെ വേവ് വേദിയിൽ ആരിയയുടെ പേര് ആർത്തുവിളിച്ചാണ് ആരാധകർ എക്സ് ഇൻ സംഘത്തെ വരവേറ്റത്. 

‘‘കൊറിയയിൽ ഒരുപാടു ബാൻഡുകളുണ്ടല്ലോ. ഞങ്ങളുടേത് പുതിയ സംഘമാണ്. കൊറിയൻ ആരാധകരുണ്ടെങ്കിലും അതിനെക്കാൾ വലിയ സ്വീകരണമാണ് ഇവിടെ കിട്ടിയത്. കൊറിയയിൽ  അരങ്ങേറിയ സമയത്തും ഇന്ത്യയിൽ നിന്ന് ഒരുപാട് പിന്തുണ കിട്ടി. ചൈനയിലും പാക്കിസ്ഥാനിലും ആരാധകരുമുണ്ട്. അതു വലിയ അതിശയമായി.’’, ആരിയ പറയുന്നു.

ആദ്യ കൊറിയൻ യാത്ര സ്കൂളിൽ നിന്ന്

മുംബൈയിൽ ആരിയ പഠിച്ച സ്കൂളിന്റെ ഫൗണ്ടർ കൊറിയൻ സ്വദേശിയാണ്. ആദ്യമായി ദക്ഷിണ കൊറിയയിൽ പോകാനുള്ള അവസരം തേടിയെത്തിയത് സ്കൂൾ വഴിയാണ്. സാംസ്കാരിക പരിപാടിയുടെ ഭാഗമായി രണ്ടുപേർക്കു സോളിലേക്കു പോകാനുള്ള അവസരം കിട്ടിയതിൽ ഒരാൾ ആമി ആയത് വെറും നിമിത്തമായിരുന്നില്ലെന്ന് പിന്നീടു ജീവിതം തെളിയിച്ചു. 

മുറിയടച്ചിരുന്ന് കൊറിയൻ സംഗീതം സ്വന്തമായി പരിശീലിക്കുകയായിരുന്നു ആദ്യം. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും യുട്യൂബ് വിഡിയോ കണ്ടു പാടിപ്പഠിച്ചു. കൊറിയൻ ഏജൻസികളിലേക്ക് അപേക്ഷ അയച്ചു തുടങ്ങി. പാട്ടും നൃത്തവും റിക്കോർഡ് ചെയ്തയയ്ക്കണം. അതിനിടെ കോവിഡും ലോക്‌ഡൗണും എത്തി. കോവിഡ് കൊടുമ്പിരിക്കൊണ്ടപ്പോൾ മുംബൈയിലെ അവസ്ഥ ഭീകരമായതിനാൽ ആമിയും കുടുംബവും കാറിൽ നാട്ടിലേക്ക് പുറപ്പെട്ടു. പിന്നീടുള്ള നാളുകൾ തിരുവനന്തപുരത്തെ വീട്ടിൽ. ഈ സമയം ഓൺലൈൻ ആയി പാശ്ചാത്യസംഗീതം പഠനം തുടങ്ങി. ഗിറ്റാറിലും പരിശീലനം നേടി. തിരുവനന്തപുരത്തെ വീട്ടിലിരുന്നാണ് ഓഡിഷനു വേണ്ടിയുള്ള വോക്കൽ റിക്കോഡിങ് നടത്തിയത്.

‘‘മൂന്നു ഘട്ടമായാണ് ഓഡിഷൻ നടത്താറുള്ളത്. ആദ്യം റിക്കോർഡിങ് അയ്ക്കണം. സിലക്‌ഷൻ ആയെങ്കിൽ സൂം വഴി ഓഡിഷൻ നടക്കും. ഇതിൽ നിന്നു തിരഞ്ഞെടുക്കുന്നവരോട് അടുത്തതായി നേരിട്ടുള്ള ഓഡിഷന് സോളിൽ എത്താനാണു പറയുക. എനിക്കു പക്ഷേ അവസാന റൗണ്ട് ഉണ്ടായില്ല. സൂം കോൾ കഴിഞ്ഞശേഷം സിലക്‌ഷൻ കിട്ടി. പരിശീലനത്തിനായി നേരിട്ടു കമ്പനിയിൽ എത്താനാണു പറഞ്ഞത്’’

സ്വപ്നദൂരം താണ്ടി ആദ്യ വേദിയിലേക്ക്

സോളിലേക്കു തനിച്ചുള്ള യാത്രയുടെ ഓർമകൾ ചോദിച്ചാൽ ചിരിയോടെയാണ് ഉത്തരം, ‘‘ഞാൻ നല്ല ഉറക്കമായിരുന്നു. വിയറ്റ്‌നാമിൽ ലേ ഓവറുണ്ടായിരുന്നു. അവിടെയും നല്ലതുപോലെ ഉറങ്ങി’’. മുംബൈയിലെ സ്കൂളിലുണ്ടായിരുന്ന അധ്യാപകന്റെ വീട് സോളിലായിരുന്നു. അതുകൊണ്ടു തന്നെ വലിയ നഗരത്തിൽ മകൾ ഒറ്റപ്പെടുമോയെന്ന പേടിയുണ്ടായില്ലെന്ന് ആരിയയുടെ അമ്മയും കൂട്ടിച്ചേർക്കുന്നു.

പക്ഷേ, ഒറ്റപ്പെടാനോ വെറുതെയിരിക്കാനോയുള്ള സമയം ആമിക്ക് അവിടെയുണ്ടായില്ല. കമ്പനിയിലെത്തി ആദ്യദിനം തന്നെ സന്തോഷവും അമ്പരപ്പും ഒരുപോലെ സമ്മാനിച്ച വാർത്തയറിഞ്ഞു–  പരിശീലനം തുടങ്ങുംമുമ്പേ തന്നെ ആരിയയെ അരങ്ങേറ്റ സംഘത്തിൽ (ഡെബ്യൂ ൈലനപ്) ഉൾപ്പെടുത്തിയിരുന്നു. ചെറിയ സമയത്തിനുള്ളിൽ ഭാഷയുൾപ്പെടെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും കഠിനാധ്വാനം ചെയ്യാൻ ഉറപ്പിച്ചു. ആരിയ ഭാഷ പഠിച്ചെടുത്ത വേഗം കണ്ടപ്പോൾ എസ്ക്രോ എന്റർടെയ്ൻമെന്റ് കമ്പനി സിഇഒ പറഞ്ഞു, ‘‘നിനക്കു ട്യൂട്ടറിന്റെ ആവശ്യമില്ലല്ലോ!’’

ഫോളോ യുവർ ഡ്രീംസ് (ടുമോറോ– ബിടിഎസ്)

Follow your Dreams like a breaker

Even if it breaks down,

Don't ever run backwards, never!

ബിടിഎസിന്റെ പാട്ടുകളിൽ ആരിയയ്ക്ക് ഏറെ പ്രചോദനം പകർന്നത് ‘നാളെ’ (ടുമോറോ) എന്ന ഗാനത്തിന്റെ വരികളാണ്. അന്യദേശത്ത് വീട്ടുകാരിൽ നിന്ന് ഏറെയകലെ, പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ ഏറെ കഠിനമായ പരിശീലനം. ‘‘പലപ്പോഴും കരഞ്ഞു, ഹോം സിക്ക് ആയിരുന്നു. പക്ഷേ തിരിച്ചുപോകണം എന്നൊന്നും തോന്നിയില്ല. ’’, ആരിയ പറഞ്ഞു. 

കഴിഞ്ഞവർഷം ഒക്ടോബറിൽ സോളിലെത്തി, ആറു മാസം പിന്നിട്ടപ്പോൾ ബാൻഡിന്റെ പ്രീ–റിലീസ് സിംഗിൾ ആയ ‘ഹു ആം ഐ’ പുറത്തിറങ്ങി, ആരിയയുടെ പിറന്നാൾ ദിനമായ മാർച്ച് 12ന്! ആമിയെന്ന പേരു സ്റ്റേജ് നെയിം ആക്കണമെന്നുണ്ടായെങ്കിലും ബിടിഎസ് ‘ആർമി’യുടെ പേരിനോടു സാമ്യംവരുന്നതിനാൽ  ‘ആരിയ’ എന്ന പേരു സ്വീകരിച്ചു. ഏപ്രിൽ 11ന് സോളിലെ വേദിയിൽ ബാൻഡിന്റെ അരങ്ങേറ്റം. 

ഇന്ത്യയിൽ നിന്നു സമ്മാനമായി ഡയറി മിൽക്ക് ചോക്ളേറ്റുകളും ജുംകകളും കൊണ്ടുവന്ന പെൺകുട്ടിയോട് ബാൻഡിലെ മറ്റംഗങ്ങൾക്കും പ്രത്യേക കരുതലുണ്ട്. കെപോപ് ബാൻഡുകളുടെ രീതിയനുസരിച്ച് ബാൻഡിലെ അംഗങ്ങളെല്ലാം ഒരുമിച്ച് ഒരു വീട്ടിലാണ് താമസിക്കുക. ആഹാരവും മറ്റു ജോലികളും പങ്കിട്ടു ചെയ്യും, രാവിലെ കമ്പനിയിലേക്കു പോകുന്നതും വരുന്നതും ഒരുമിച്ച് തന്നെ.

നാട്ടിലെ ‘മേൽവിലാസം’ ബുസാനിലും

2011ൽ പുറത്തിറങ്ങിയ മാധവ് രാംദാസിന്റെ ‘മേൽവിലാസം’ എന്ന സിനിമയിൽ നായകൻ പാർഥിപന്റെ മകൾ ‘അമ്മു’ എന്ന കഥാപാത്രമായി ശ്രദ്ധനേടിയിരുന്നു ആമി. ഏറെ നിരൂപകപ്രശംസ നേടിയ ചിത്രം 2017ൽ ബുസാൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. സീരിയൽ രംഗത്തും ഡോക്യൂമെന്ററികളിലും സജീവമായിരുന്ന ആമി 2013ൽ പുറത്തിറങ്ങിയ ‘താങ്ക്‌യൂ’ എന്ന സിനിമയ്ക്കു ശേഷം മുംബൈയിലേക്കു പോയതോടെ അഭിനയം നിർത്തി.

‘‘പാർഥിപൻ അങ്കിളുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. ചെന്നൈയിൽ വരണമെന്നും സിനിമ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്, കലാരംഗത്തു തുടരാൻ ആഗ്രഹിക്കുന്നതിനാൽ അഭിനയിക്കാനുള്ള അവസരങ്ങളും, കമ്പനിയുടെ അനുമതിയോടെ ചെയ്യണമെന്നുണ്ട്. കൊറിയയിൽ ഓൺലൈനായി പഠനം തുടരാനുള്ള ഒരുക്കത്തിലാണ്’’, ആരിയ പറയുന്നു.

ആമി കത്തെഴുതി; പ്രപഞ്ചം കാത്തിരുന്നു

‘‘ടു ദ് ഫ്യൂച്ചർ കെപോപ് 

ഐഡൽ ആമി,’’ – വീട്ടിലെ പുസ്തകങ്ങൾ ഒതുക്കുന്നതിനിടെ ആമിയുടെ ജേണൽ വായിക്കാനിടയായ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചമാണ് അമ്മയ്ക്ക്. ഭാവിയിലെ താരമാകുന്ന ആമിക്ക്, പഴയ ആമിയെഴുതുന്ന കത്തിൽ എല്ലാം മുൻകൂട്ടി പറഞ്ഞതുപോലെ.

കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനികളുടെ കണിശമായ സ്വകാര്യതാ നിയമങ്ങളുള്ളതിനാൽ ആമിയെ ചേർത്തുപിടിച്ച് ‘ഇതാ എന്റെ മകൾ അവളുടെ സ്വപ്നം സാധിച്ചു, എന്ന് ആഘോഷിക്കാനാകില്ല’ കുടുംബത്തിന്. പക്ഷേ മകൾ മനസ്സിൽ ലക്ഷ്യമിട്ടത്, തനിയെ നേടിയെന്ന ആഹ്ലാദം നിറഞ്ഞൊഴുകുന്നു അമ്മയുടെ വാക്കുകളിൽ. ‘‘ഒരുകാര്യവും ഞങ്ങൾ അറിഞ്ഞിട്ടില്ല. കെ പോപ് എന്ന ആഗ്രഹമുണ്ട്, പ്ലസ്‍ടുവിനുശേഷം അതിനായി ഒരുവർഷം ബ്രേക്ക് എടുക്കണം എന്നവൾ പറഞ്ഞപ്പോഴും കാര്യമാക്കിയില്ല. സിലക്‌ഷൻ കിട്ടിയെന്നു മോൾ പറഞ്ഞപ്പോഴാണ് ഇതെല്ലാം അറിയുന്നത്. ഈ സന്തോഷം വിവരിക്കാനാകില്ല’’, അവർ പറയുന്നു.

English Summary:

Sunday Special about life of K-pop star, a Malayalee girl named Aria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com