ADVERTISEMENT

വിഭയ്ക്ക് അന്ന് 5 വയസ്സേയുള്ളൂ. അമ്മ ഇട്ടുകൊടുക്കുന്ന ബനിയനും ട്രൗസറിനും പകരം പട്ടുപാവാട ഇടാനായിരുന്നു ആഗ്രഹം. താനൊരു ആൺകുട്ടിയാണെന്ന ബോധ്യം വളർന്നതോടെ ഉള്ളിലെ പെണ്ണാകാനുള്ള മോഹം അടിച്ചമർത്താൻ ശ്രമിച്ചു. തന്റെയുള്ളിൽ ഒരു പെണ്ണാവാൻ കൊതിക്കുന്ന ഹൃദയമുണ്ടെന്നു പറയാനോ സ്വയം അംഗീകരിക്കാനോ കഴിയാതെ അതൊരു ഭയമായി വളർന്നു. ആൺശരീരത്താൽ‍ ചുറ്റപ്പെട്ട തന്റെ ആത്മാവിനെ അതിവിദഗ്ധമായി ഒളിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇരുപതു വർഷത്തോളം അതു നീണ്ടു.

സമൂഹം ട്രാൻസ്ജെൻഡർ വ്യക്തികളെ നോക്കുന്ന രീതി തന്നെയാണു വിഭയുടെ ഭയത്തിന്റെ ഉറവിടം. കുടുംബത്തോടൊപ്പമുള്ള ഉത്തരേന്ത്യൻ ട്രെയിൻ യാത്രകളിലാണ് ആദ്യമായി ട്രാൻസ്ജെൻഡർ വ്യക്തികളെ കാണുന്നത്. സാരിത്തുമ്പ് അരയിൽ വലിച്ചു കുത്തി, തലയിൽ പൂക്കൾ വച്ച് മേക്കപ്പണിഞ്ഞ് കൈതട്ടി വിളിച്ചുകൊണ്ട് അവർ കടന്നുവരും. അവരെ നോക്കുന്ന കണ്ണുകളിലെല്ലാം പുച്ഛവും അറപ്പും ദേഷ്യവും. എത്രയും വേഗം അവർ മാറിപ്പോകാൻ ബാഗിൽ നിന്നു ചില്ലറത്തുട്ടെടുത്തു കൊടുക്കുന്ന പട്ടാളക്കാരനായ കെ.ജി രാധാകൃഷ്ണന്റെ തിടുക്കവും വിഭ കണ്ടിട്ടുണ്ട്. അന്നു ട്രാൻസ്‍‍ജെൻഡർ എന്ന വാക്കു പോലും പരിചിതമല്ല. 

ആർക്കും ഒരു സംശയവും തോന്നരുത് എന്ന നിർബന്ധമുണ്ടായിരുന്നതിനാൽ ഉശിരുള്ള ആൺകുട്ടിയാവാനുള്ള ശ്രമമായിരുന്നു പിന്നീട്. അടിയുണ്ടാക്കുക, ബഹളം വയ്ക്കുക, പെൺകുട്ടികളോടു ഇഷ്ടമാണെന്നു പറയുക അങ്ങനെ കൗമാരക്കാലത്തെ എല്ലാ ‘ആൺരസങ്ങളും’ അനുഭവിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം ഉള്ളിലൊരാൾ താനിങ്ങനെയല്ലെന്നു പറയുന്നുണ്ടായിരുന്നു.

പഠനത്തിൽ എന്നും മിടുക്കനായിരുന്നു വിപിൻ. ഡോ.ആർ.വിപിൻ എംബിബിഎസ് എന്ന ബോർഡ് പാലക്കാട്ടെ അകത്തേത്തറയിലുള്ള വീടിനു മുൻപിൽ പതിക്കുന്നതോർത്ത് അച്ഛനും അമ്മയ്ക്കും അഭിമാനം തോന്നിയിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പിറവിയെടുത്തത് ഒരു ഡോക്ടർ മാത്രമല്ല; 20 വർഷം ഒളിപ്പിച്ചു വച്ച വിഭയുടെ സ്വത്വം കൂടിയാണ്. വിപിനിൽ നിന്ന് ഡോ.വിഭയിലേക്കുള്ള യാത്ര സങ്കീർണമായിരുന്നു. അതിനെല്ലാം നിമിത്തമായത് ഒരു പ്രണയാഭ്യർഥനയും.

രണ്ടാം വർഷ എംബിബിഎസ് പഠനകാലത്താണ് പെൺസുഹൃത്ത് പ്രണയാഭ്യർഥന നടത്തുന്നത്; ബുള്ളറ്റിൽ മാച്ചോ മാനായി ചെത്തിനടക്കുന്ന വിപിനോടുള്ള പ്രണയം. പുറമേ കാണുന്ന വിപിന്റെ ഉള്ളിൽ മറ്റൊരാളുണ്ടെന്ന് ആദ്യമായി പങ്കുവയ്ക്കുന്നത് ആ സുഹൃത്തിനോടാണ്. കളിയാക്കലോ പുച്ഛമോ ആയിരുന്നില്ല പ്രതികരണം. അഞ്ചു വയസ്സു മുതലുള്ള ആഗ്രഹം നിറവേറ്റാൻ അവൾ കൂടെ നിന്നു. ലോക്ഡൗൺ കാലത്താണു വിഭ ആത്മസംഘർഷങ്ങളുടെ കൊടുമുടിയിലെത്തുന്നത്. ഒറ്റയ്ക്കിരിക്കുംതോറും മനസ്സു കലുഷിതമായി. സുഹൃത്തായ പി.സി.അർജുൻ പറഞ്ഞതനുസരിച്ച് കൗൺസിലർ എൻ.പി.രഷ്മിയുടെ സഹായം തേടുന്നതപ്പോഴാണ്. സ്ത്രീയാകാൻ ആഗ്രഹിക്കുന്നത് എന്തോ മാനസിക പ്രശ്നമാണെന്നു ധരിച്ചിരുന്നയാളിൽ നിന്നു പെണ്ണായി ജീവിക്കാനുള്ള അവകാശമുണ്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്നത് ആ സംഭാഷണങ്ങളിൽ നിന്നാണ്.

സംഘർഷങ്ങളുടെ കടലിലൂടെ കടന്നു പോകുമ്പോഴും കുടുംബത്തിലെ ആരോടും ഒന്നും തുറന്നു പറയാനാകാതെ വീർപ്പുമുട്ടുകയായിരുന്നു വിഭ. അവിചാരിതമായാണ് അമ്മ അധ്യാപികയായ ഉഷയ്ക്കു മുൻപിൽ സങ്കടക്കെട്ടഴിക്കുന്നത്. ലോകം തലകീഴായി മറയുന്ന പ്രതീതിയായിരുന്നെങ്കിലും അമ്മ മുഖം ചുളിച്ചില്ല. വിട്ടുപോവരുതെന്നും കടുംകൈ ചെയ്യരുതുമെന്നുമാണ് അമ്മ പറഞ്ഞത്. ആദ്യമൊക്കെ അമ്മയും വിപിനും വീട്ടിൽ രണ്ടിടത്തായി മാറിയിരുന്നു കരഞ്ഞു. എന്നാൽ അമ്മ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.

vibha-2
ശസ്ത്രക്രിയയ്ക്കു മുൻപ് വിഭ (വിപിൻ)

വാട്‌സാപിലേക്കു ട്രാൻ‍സ്ജെൻഡർ വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ അയച്ചു കൊടുക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. ആ അധ്യാപികയ്ക്ക് തീർത്തും ഔട്ട് ഓഫ് സിലബസായ വിഷയം. ആത്മാർഥതയുള്ള വിദ്യാർഥിയെപ്പോലെ അതെല്ലാം അമ്മ വായിച്ചു മനസ്സിലാക്കി. അവരുടെ മാത്രം ലോകത്ത് അവർ അമ്മയും മകളുമായി. പാവാട ധരിക്കാൻ ആഗ്രഹമുണ്ടന്നറിഞ്ഞപ്പോൾ  കടയിൽ കൊണ്ടുപോയി  സെയിൽസ് ഗേളിനോടു പറഞ്ഞു ‘‘എന്റെ അനിയത്തിക്കൊരു പാവാട വേണം. ഏകദേശം എന്റെ മോന്റെ വലുപ്പമുണ്ട്’’. വിഭയെ നോക്കി അമ്മ കണ്ണിറുക്കി. സഹോദരനും വിഭയ്ക്ക് ഒപ്പം നിന്നു.

വീട്ടിൽ നിന്നു കിട്ടിയ ഊർജവുമായാണു കോളജിലേക്ക് ലോക്ഡൗണിനു ശേഷമുള്ള മടക്കം. എൽജിബിടിക്യു സൗഹൃദമായിരുന്ന ക്യാംപസിൽ വിവേചനം നേരിടേണ്ടി വരില്ലെന്ന് അറിയാമായിരുന്നെങ്കിലും പൂർണമായി ട്രാൻസ്‌വുമനായി മാറാൻ വിഭയ്ക്കായില്ല. മാറ്റത്തിനു നിമിത്തമായത് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കയ്യിൽ നെയിൽപോളിഷിട്ട് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതോടെ കോളജിലെ എല്ലാ സുഹൃത്തുക്കളും അതു ഷെയർ ചെയ്യുകയും ട്രാൻസ് വുമനായി വിഭ പുറത്തുവന്നെന്ന വാർത്ത പരക്കുകയും ചെയ്തു. ആരും മുഖം തിരിച്ചില്ല. ചോദ്യം ചെയ്തില്ല. പലരും വിഭയെ കാണാനെത്തിയത് സമ്മാനങ്ങളുമായാണ്. കൺമഷി, കുപ്പിവള, കമ്മൽ, നെയിൽ പോളിഷ് അങ്ങനെ വാങ്ങാൻ ആഗ്രഹിച്ചതെല്ലാം സമ്മാനമായി ലഭിച്ചു. ശേഷം മുടി വളർത്തി, ഇഷ്ടമുള്ളതു പോലെ നടക്കാൻ തുടങ്ങി. ചെന്നൈയിലെ ഒരു കല്യാണവും അവിടെ നടന്ന പ്രൈഡ് മാർച്ചിലുമെല്ലാം പങ്കെടുത്തത് ഇഷ്ടരൂപത്തിലാണ്. അവിടെ നിന്നു വിഭ ‘വിപിനെ’ പൂർണമായി ഉപേക്ഷിച്ചു തുടങ്ങി. അവസാന വർഷം എംബിബിഎസ്

പഠനത്തിന്റെ നാളുകളിലാണു ഹോർമോണൽ തെറപ്പി എടുക്കുന്നത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും സഹിച്ചു കൊണ്ടു തന്നെ പഠനവും ഹൗസ് സർജൻസിയും പൂർത്തിയാക്കി. എംബിബിഎസ് പൂർത്തിയാക്കിയപ്പോഴും ഒരു വിഷമം ബാക്കിയുണ്ടായിരുന്നു. അച്ഛൻ വിഭയെ അംഗീകരിച്ചിരുന്നില്ല. ആശയോടെ കുത്തിയ മൂക്കുത്തി അഴിപ്പിച്ചു. സാരിയുടുത്താണു സർട്ടിഫിക്കറ്റ് വാങ്ങുന്നെന്നറിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്ന ചടങ്ങിൽ നിന്ന് അച്ഛൻ വിട്ടു നിന്നു. എന്നാൽ ഇന്നാ വിഷമമില്ല. വളരെ പതുക്കെയാണെങ്കിലും അച്ഛൻ വിഭയെ മനസ്സിലാക്കിത്തുടങ്ങി. എന്റെ മോൻ എന്നു തന്നെയാണ് ഇന്നും അച്ഛൻ വിളിക്കുന്നത്. 

സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം ചെയ്യാൻ യുകെയിലേക്കു പോകാൻ തയാറെടുക്കുകയാണ് വിഭ ഇപ്പോൾ. ആദ്യഘട്ട പരീക്ഷ പാസാവുകയും ചെയ്തു. നിലവിൽ പാലക്കാട് പുത്തൂരിലെ സ്വകാര്യ ക്ലിനിക്കിൽ പ്രാക്ടിസ് ചെയ്യുന്നുണ്ട്. തന്നെപ്പോലെ ഇരുട്ടിൽ പെട്ടുപോയ മനുഷ്യരുടെ ജീവിതത്തിൽ ചെറുവെട്ടമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണു വിഭ. വൈറ്റിലയിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ക്ലിനിക്കിലും ലേക്‌ഷോർ, ആസ്റ്റർ തുടങ്ങിയ ആശുപത്രികളിലും ഡോ.വിഭ ജോലി ചെയ്തു.‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിൽ നിന്നു ബേസിക് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇനിയുമേറെ ദൂരം പോകാനുണ്ട്. ഒരു കയ്യിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും മറു കയ്യിൽ സ്തെതസ്കോപുമായി വിഭ പ്രയാണം തുടരുന്നു. 

English Summary:

Sunday Special about DR Vibha usha radhakrishnan, first transwoman doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com