ADVERTISEMENT

ക്രിസ്മസ് പപ്പായെക്കുറിച്ചുള്ള കഥകൾ നിറഞ്ഞ മനസ്സുമായാണു തെക്കൻ ഇറ്റലിയിലെ സെന്റ് നിക്കോളാസ് പള്ളിയിലെത്തിയത്. വിശുദ്ധ നിക്കോളാസിന്റെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സാന്താ ക്ലോസ് എന്ന കഥാപാത്രം ജനിച്ചത് എന്നു വായിച്ചിട്ടുണ്ട്. ക്രിസ്മസ് പാപ്പായുടെ പൂർവികനായി കരുതുന്ന നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചതായി കരുതുന്ന പള്ളിയാണിത്. ഇറ്റലിയിലെ ഗ്രവീന ഇൻ പൂലിയ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്ന എമിലി എന്ന സുഹൃത്താണ് ഈ പള്ളിയെപ്പറ്റി കൂടുതൽ പറഞ്ഞു തന്നത്.

കൊച്ചി സന്ദർശനത്തിന് എത്തിയപ്പോഴാണ് എഡി 270 - 347 കാലഘട്ടത്തിൽ ജീവിച്ചിരുന്ന നിക്കോളാസിന്റെ കഥകൾ എമിലി പറയുന്നത്. കഥപറയുമ്പോൾ പലപ്പോഴും ആ കാലത്തിലൂടെ സ്വയം മറന്ന് അവൾ നടന്നു. നേരിൽ കണ്ടപോലെ എമിലി കഥകളുടെ തൂവൽ എന്റെ മനസ്സിലേക്ക് കുടഞ്ഞിട്ടു. ധനികരായ മാതാപിതാക്കളുടെ ഏക മകനായിരുന്നു നിക്കോളാസ്. ജനിച്ചത് തുർക്കിയിലെ പഠാര എന്ന ഗ്രാമത്തിൽ. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചതിനാൽ ഒരുപാടു സ്വത്തിന് അദ്ദേഹം അവകാശിയായി.

മറ്റുള്ളവരെ സഹായിക്കുന്നതിലാണ് നിക്കോളാസ് ആനന്ദം കണ്ടെത്തിയത്. അക്കാലത്ത് ഒരു വ്യാപാരിക്കു തന്റെ മൂന്നു പെൺമക്കളെ വിവാഹം ചെയ്ത് അയയ്ക്കാൻ പണം ഇല്ലാതെ വന്നപ്പോൾ അദ്ദേഹം അവരെ വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ നിക്കോളാസ് സ്വർണ നാണയങ്ങൾ അടങ്ങിയ സഞ്ചി ജനാലയിലൂടെ വീടിനുള്ളിലേക്ക് എറിഞ്ഞു കൊടുത്തു. അതു ചെന്നു വീണതാകട്ടെ നെരിപ്പോടിനടുത്ത് ഉണക്കാനിട്ട കാലുറയുടെ സമീപം. ഇതിനാലാണു പാശ്ചാത്യർ ക്രിസ്മസ് ദിനത്തിൽ സാന്താക്ലോസ് കൊണ്ടുവരുന്ന സമ്മാനമിടാനായി കാലുറ തൂക്കുന്നത്.

ഡച്ച് കുട്ടികളാകട്ടെ സാന്താക്ലോസിന്റെ മാനുകൾക്കു കഴിക്കാനായി കാലുറക്കുള്ളിൽ കാരറ്റ് വയ്ക്കുമത്രേ. നിക്കോളാസ് ക്രിസ്തീയ വിശ്വാസങ്ങളിൽ തൽപരനായിരുന്നു. വിശ്വാസം പിന്തുടരാൻ മൈറ എന്ന പട്ടണത്തിലേക്കു താമസം മാറി. അവിടെ അദ്ദേഹം ധാരാളം അദ്‌ഭുതങ്ങൾ പ്രവർത്തിച്ചു. ക്രൂരനായ ഒരു കശാപ്പുകാരൻ തന്റെ മൂന്ന് കുട്ടികളെ ഇറച്ചിക്കായി വെട്ടി നുറുക്കി എന്നറിഞ്ഞ ‌‌നിക്കോളാസ് ദൈവത്തോടു കേണപേക്ഷിച്ചു കുട്ടികളെ പുനരുജ്ജീവിപ്പിച്ചുവത്രേ. അദ്ദേഹത്തെ ചുറ്റിപ്പറ്റി ഇങ്ങനെ ഒട്ടേറെ കഥകൾ നാട്ടിൽ പ്രചരിച്ചു. അങ്ങനെ, ചെറുപ്രായത്തിൽ തന്നെ മൈറയിലെ ബിഷപ്പായി അവരോധിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ തുർക്കിയിൽ ഭക്ഷ്യസാധനങ്ങൾക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു.

വേറെയെങ്ങോട്ടോ ഗോതമ്പുമായി പോയിരുന്ന കപ്പൽ മൈറയിലെത്തിയപ്പോൾ നിക്കോളാസ് അവരുടെ കൈയ്യിൽ നിന്നു കുറച്ചു ഗോതമ്പ് ചോദിച്ചു വാങ്ങി. അദ്ദേഹത്തിന്റെ അത്ഭുത ശക്തിയാൽ രണ്ടുവർഷത്തേക്ക് നാട്ടുകാരുടെ പട്ടിണി അകറ്റാൻ ആ ഗോതമ്പ് മതിയായി. കപ്പൽ ലക്ഷ്യസ്ഥാനത്തെത്തി ഗോതമ്പിറക്കിയപ്പോൾ അളവിലൊട്ട് കുറവുമുണ്ടായില്ല. കുട്ടികളെ ഒരുപാട് സ്നേഹിച്ചിരുന്ന നിക്കോളാസ് അവർക്കൊപ്പം സമയം ചെലവഴിക്കുന്നതിലും സമ്മാനം നൽകുന്നതിലും സമയവും സന്തോഷവും കണ്ടെത്തി.

എ.ഡി 343 ഡിസംബർ ആറിന് നിക്കോളാസ് മൈറയിൽ അന്തരിച്ചു. മൈറയിലെ ബസിലിക്കയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. മരണശേഷവും നിക്കോളാസിന്റെ അനുഗ്രഹം തേടി ലക്ഷങ്ങൾ മൈറ പട്ടണം സന്ദർശിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ അറബികൾ തുർക്കി ആക്രമിക്കാൻ തുടങ്ങി. പള്ളിയിൽ സൂക്ഷിച്ചിരുന്ന പലതും നശിപ്പിച്ചു. 1087 ൽ നിക്കോളാസിന്റെ തിരുശേഷിപ്പുകൾ കടത്തിക്കൊണ്ടുവരാനായി ബാരിൽനിന്ന് അറുപത്തിരണ്ടു നാവികർ മൂന്നു കപ്പലിലായി മൈറയിലേക്കു പോയി. മൈറ പള്ളിക്കു കാവൽ നിന്നവരെ ഭീഷണിപ്പെടുത്തി പള്ളിക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിക്കോളാസിന്റെ പേടകം കണ്ടെത്തി.

അതു തുറന്നപ്പോൾ അതിലുണ്ടായിരുന്നത് നിറയെ സുഗന്ധമുള്ള വെള്ളം. ഒരു നാവികൻ ആ വെള്ളത്തിലിറങ്ങിയാണ് നിക്കോളാസിന്റെ എല്ലുകൾ ശേഖരിച്ചത്. തലയോട്ടിയും വലിയ എല്ലുകളും പെറുക്കിയെടുത്ത ശേഷം ഉടനെ തന്നെ നാവികർ തിരികെ ബാരിയിലെത്തി. ആ തിരുശേഷിപ്പുകൾ പള്ളിയിൽ സൂക്ഷിച്ചു. മേയ് പതിനൊന്നിന് ഞാൻ ബാരിയിൽ എത്തുന്ന വിവരം പറയാൻ എമിലിയെ വിളിച്ചിരുന്നു. ഏഴാം തീയതി മുതൽ മൂന്നു ദിവസം പള്ളിയിൽ പെരുന്നാളാണെന്നും ആ ദിവസങ്ങളിൽ എത്താനും അവൾ പറഞ്ഞു. ഞാൻ തീയതി മാറ്റിയില്ല. അതൊരു വലിയ നഷ്ടമായി എന്നു പിന്നീടു തോന്നി. പള്ളി സന്ദർശനത്തിന്റെ തലേന്ന് എമിലിയുടെ ഗ്രാമത്തിലാണു തങ്ങിയത്. 

രാവിലെ അവിടെ നിന്ന് ബസിൽ ബാരിയിലെത്തി. റോഡിലെ അലങ്കാരങ്ങൾ എടുത്തു മാറ്റുന്ന തിരക്കിലാണ് ആളുകൾ. വഴിയിൽ കാർഡ്ബോർഡ് കൊണ്ടുണ്ടാക്കിയ വലിയൊരു കപ്പൽ കണ്ടു. ഇതാണ് കാരവെല്ല. നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുവന്ന കപ്പലിന്റെ ഓർമയ്ക്കായി എല്ലാ വർഷവും എട്ടാം തീയതി നിക്കോളാസിന്റെ പ്രതിമയും കാരവെല്ലയുമായി പട്ടണത്തിൽ വലിയൊരു ഘോഷയാത്ര നടക്കാറുണ്ട്. ഇതു കാണാൻ ദൂരദേശങ്ങളിൽ നിന്നു പോലും ആളുകളെത്തും. തലേദിവസം ചെറിയൊരു ഘോഷയാത്രയുമുണ്ട്.

ഭൗതികാവശിഷ്ടങ്ങളുമായെത്തിയ കപ്പൽ നങ്കൂരമിട്ട സാൻ ജോർജിയോ ബേയിൽ നിന്നു നിക്കോളാസിന്റെ ചിത്രം വള്ളത്തിൽ ബാരിയിലെ തുറമുഖത്തേക്ക് എത്തിക്കും. അവിടെ നിന്ന് ജാഥയുടെ അകമ്പടിയോടെ പള്ളിയിലേക്ക് കൊണ്ടു വരും. എട്ടാം തീയതി ഘോഷയാത്ര അവസാനിക്കുന്നത് കടൽ തീരത്താണ്. അവിടെ നിന്നു നിക്കോളാസിന്റെ പ്രതിമ കപ്പലിൽ കയറ്റി കുറെ ദൂരം കൊണ്ടുപോയ ശേഷം തിരിച്ചെത്തിക്കും. തൊട്ടടുത്ത ദിവസമാണ് ഫീസ്റ്റ് ഓഫ് ട്രാൻസ്‍ലേഷൻ. അന്നാണു നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങൾ ബാരിയിൽ എത്തിച്ച ദിവസം. തിരുശേഷിപ്പുകൾ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു മാറ്റുന്നതിനെ ട്രാൻസ്‌ലേഷൻ എന്നാണു പറയുക. വിശുദ്ധ നിക്കോളാസ് ബസിലിക്കയുടെ മുന്നിലായി കറുത്ത മാർബിൾ കൊണ്ടുണ്ടാക്കിയ ഒരു പ്രതിമ കണ്ടു.

കഷണ്ടിയും വട്ടമുഖവും ചെറിയ കുറ്റിത്താടിയുമുണ്ട്. ഇടതു കൈയ്യിൽ അദ്ദേഹത്തോളം പൊക്കമുള്ള അറ്റം വളഞ്ഞ ഒരു വടി. ഉടുപ്പിൽ നിറയെ പലതരം ഡിസൈനുകൾ. ഇതാണ് വിശുദ്ധ നിക്കോളാസ്. ക്രിസ്മസ് പാപ്പയുടെ മുൻഗാമി എന്ന നിലയിൽ നീളൻ താടിയെങ്കിലും കാണുമെന്നാണു കരുതിയത്. ചുവന്ന ഉടുപ്പിട്ട്, റെയിൻഡിയെറിനെ തെളിച്ചു വരുന്ന സാന്താ ക്ലോസിനെയാണല്ലോ എല്ലാവരും പ്രതീക്ഷിക്കുക. അങ്ങനെയൊരു സങ്കൽപം ഉണ്ടായത് പത്തൊമ്പതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്’ എന്ന കവിതയിൽ നിന്നാണ്. നിക്കോളാസിനെ പറ്റി എഴുതിയ കവിതയുടെ ചുവടു പിടിച്ചാണ് അദ്ദേഹത്തിന് കുടവയറും വെളുത്തു നീണ്ട താടിയും ചുവന്ന കോട്ടുമെല്ലാം നൽകിയത്.

വലിയൊരു കോട്ട പോലെയാണു പള്ളി. അധികം അലങ്കാരങ്ങളില്ലാത്ത , വെള്ള മാർബിൾ കൊണ്ടു പണിത കോട്ട. അതിന്റെ വാതിലുകൾക്ക് ഇരുവശവും രണ്ടു കാളകളുടെ പ്രതിമ. തുറമുഖത്തെത്തിച്ച നിക്കോളാസിന്റെ തിരുശേഷിപ്പുകൾ കാളവണ്ടിയിലാണു ബാരിയിലെ ബസിലിക്കയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഈ പള്ളി നിന്ന സ്ഥലത്തെത്തിയപ്പോൾ കാളകൾ മുന്നോട്ടു പോകാൻ കൂട്ടാക്കിയില്ല. അങ്ങനെയാണ് തിരുശേഷിപ്പുകൾ സൂക്ഷിക്കാൻ ഈ സ്ഥലത്ത് പള്ളി പണിയാൻ തീരുമാനിച്ചത്.

അകത്തു വിശാലമായ ഹാൾ. ഫ്ലോറെൻസിലും വെനീസിലും  മറ്റുമുള്ള പള്ളികളിൽ കണ്ട അത്യാഡംബരം ഒന്നും തന്നെയില്ലായിരുന്നു. വെള്ളിയിൽ പണിത നിക്കോളാസിന്റെ അർധകായ പ്രതിമയുണ്ട്. മേൽക്കൂര ആകർഷകമായ പെയിന്റിങ്ങുകൾ കൊണ്ടലങ്കരിച്ചിരുന്നു. ഭൂഗർഭ അറയിലാണ് നിക്കോളാസിന്റെ കല്ലറ. ഇരുപത്തിയാറു തൂണുകളിൽ ഇലകൾ, മുന്തിരിക്കുലകൾ തുടങ്ങിയവ കൊത്തിയിട്ടുണ്ട്. ചുവന്ന മാർബിൾ കൊണ്ട് പണിത ഒരു തൂൺ മാത്രം കണ്ണാടിക്കൂട്ടിനുള്ളിലായിരുന്നു.

അതു മിറക്കിൾ കോളം അഥവാ അദ്‌ഭുത തൂണാണ് . ഈ പള്ളി നിർമിക്കുന്ന സമയത്ത് ഒരു തൂണിന്റെ കുറവ് വന്നു. കടലിൽ ഒഴുകി വന്ന ഈ തൂണുപയോഗിച്ചാണ് പ്രശ്നം പരിഹരിച്ചത്. ആ തൂണ് മൈറയിൽ നിന്നു നിക്കോളാസിന്റെ ദിവ്യശക്തി കൊണ്ടെത്തിയതാണെന്നാണു വിശ്വാസം. ഈ തൂണിന് മൂന്നു തവണ വലം വച്ചാൽ വിവാഹം നടക്കുമെന്നും പെൺകുട്ടികൾ വിശ്വസിക്കുന്നു. നടുക്കു കണ്ട അൾത്താരയ്ക്കു കീഴെയാണു നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നത്. കല്ലറയുടെ ഒരു ഭാഗത്ത് ചെറിയ ഒരു ഗ്രിൽ കൗതകമുണർത്തി. 

ഗ്രില്ലിലൂടെ  തലയിട്ടാണ് ‘മന്ന’ എന്ന ദിവ്യഔഷധം ശേഖരിക്കുന്നതെന്ന് കൂടെ വന്ന എമിലി പറഞ്ഞു. നിക്കോളാസിന്റെ എല്ലുകൾ സൂക്ഷിക്കുന്ന സ്ഥലത്തു വെള്ളം പോലത്തെ ദ്രാവകം രൂപപ്പെടും. അതിനു ദിവ്യശക്തിയുണ്ടെന്നു വിശ്വാസം. എല്ലാ വർഷവും മേയ് ഒൻപതിനു നടക്കുന്ന ചടങ്ങിൽ ഗ്രില്ലിലൂടെ ഒരു പാതിരി മന്ന എടുക്കും. 50 മില്ലിലിറ്ററിനടുത്താണ് ഉണ്ടാവുക. അതു കൂടുതൽ വെള്ളത്തിൽ കലക്കി ചെറിയ കുപ്പികളിലാക്കി വിശ്വാസികൾക്കു നൽകും. ആവശ്യപ്പെട്ടത്. പണ്ട് മൈറയിലെ പള്ളിയിൽ നിക്കോളാസിന്റെ അവശിഷ്ടങ്ങൾ എടുക്കാൻ പോയ നാവികൻ പേടകത്തിനുള്ളിൽ കണ്ടതും മന്നയായിരുന്നു. 

വർഷങ്ങൾ കൊണ്ട് ഊറുന്ന  മന്ന. അന്നു നാവികർ ഉപേക്ഷിച്ച ചെറിയ എല്ലുകൾ പല രാജ്യങ്ങളിലെ പള്ളികളിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ വെള്ളം ഊറുന്ന പ്രതിഭാസം അവിടെയെങ്ങുമില്ല. തുറമുഖ നഗരത്തിലെ ഭൂഗർഭ അറയിൽ ഉണ്ടാകാവുന്ന ഈർപ്പം മാത്രമാണെന്നാണു ശാസ്ത്രജ്ഞരുടെ വിശദീകരണം. എന്നാൽ ബാരി നിവാസികളെ സംബന്ധിച്ചടത്തോളം മന്ന പവിത്രമാണ് . രോഗശാന്തി ലഭിക്കുന്ന പുണ്യ തീർഥമാണ്.

English Summary:

Sunday Special about journey to the Church of St. Nicholas in Southern Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com