ADVERTISEMENT

കാളയും മനുഷ്യനും തമ്മിലുള്ള പോരാട്ടവീര്യത്തിൽ ഇന്ത്യയുടെ ‘ലസ് വെന്റാസ്’ ആകാൻ തയാറെടുക്കുകയാണ് മധുര ജില്ലയിലെ അളങ്കാനല്ലൂരിനു സമീപം കീഴക്കരൈ ഗ്രാമത്തിലെ ‘കലൈഞ്ജർ സെന്റിനറി ജല്ലിക്കെട്ട് അരീന’. സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ ഓർമിക്കും വിധം തമിഴിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ടിനു സ്ഥിരം വേദിയൊരുക്കിയത് തമിഴ്നാട് സർക്കാരാണ്.77,000 ചതുശ്രഅടി വലുപ്പത്തിൽ രണ്ടു മ്യൂസിയങ്ങളും മിനി തിയറ്ററും ആശുപത്രികളും ഡോർമിറ്ററിയുമൊക്കെ ഉൾക്കൊള്ളിച്ച് 60 ഏക്കറിൽ പരന്നുകിടക്കുന്ന മെഗാ പ്രോജക്ട് വെറും 9 മാസം കൊണ്ടു പൂർത്തിയാക്കി ജല്ലിക്കെട്ടിന്റെ വേഗവും വീര്യവും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനൊരുങ്ങുകയാണു തമിഴ്നാട്...

മണ്ണും പുല്ലും മ‍ഞ്ഞളും പാറുന്ന കളത്തിൽ കാളയും വീരനും പോരടിക്കുമ്പോൾ ഇടയ്‌ക്കൊക്കെ ചോര ചിന്തും, വീരന്റെയും കാളയുടമയുടെയും കണ്ണുനീർ‌ വീഴും, വീരമേ വാകെ സൂടും... ഇതാണ് 2000 വർഷങ്ങളായി തമിഴ് വീരത്തിന്റെ അടയാളമായ ‘ജല്ലിക്കെട്ട്’. മധുര കേന്ദ്രമായി നടന്നുവരുന്ന പ്രധാന ജല്ലിക്കെട്ടുകളെയെല്ലാം സുരക്ഷിതവും കൂടുതൽ ആകർഷകവുമായി ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് ‘കലൈഞ്ജർ സെന്റിനറി ജല്ലിക്കെട്ട് അരീനയുടേത്.

ഇന്ത്യയുടെ ‘ലസ് വെന്റാസ്’

സ്പെയിനിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ കാളപ്പോര് സ്റ്റേഡിയമായ മാഡ്രിഡിലെ ‘ലസ് വെന്റാസിന് സമാനമാണ് അളങ്കാനല്ലൂരിലെ ജല്ലിക്കെട്ട് സ്റ്റേഡിയം. 2021 ജനുവരിയിൽ പ്രഖ്യാപിച്ച് 2022 മാർച്ചിൽ നിർമാണം തുടങ്ങിയ സ്റ്റേഡിയം കഴിഞ്ഞ ഡിസംബറിൽ പണി പൂർത്തിയായി. ഉടൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്ന വേദി അവസാന മിനുക്കുപണികളിലാണിപ്പോൾ.

jellikettu-3
കലൈഞ്ജർ സെന്റിനറി ജല്ലിക്കെട്ട് അരീന ചിത്രങ്ങൾ: റെജു അർനോൾഡ്∙മനോരമ

77,683 ചതുരശ്രഅടി, 50,000 കാണികൾ

കാളയും വീരനും പരസ്പരം ഏറ്റുമുട്ടുന്ന ഒറ്റക്കല്ലിൽ തീർത്ത ശിൽപമാണ് ജല്ലിക്കെട്ട് സ്റ്റേഡിയത്തിലേക്ക് കാണികളെ സ്വാഗതം ചെയ്യുന്നത്. കീഴക്കരൈ മലനിരകളുടെ അടിവാരത്ത് നൂറേക്കറിൽ പരന്നുകിടക്കുന്ന ഭൂമിയുടെ നടുക്ക് 66 ഏക്കർ വിസ്തൃതിയിൽ 65 കോടി രൂപ മുതൽമുടക്കിൽ പണിതുയർത്തിയ ജല്ലിക്കെട്ട് സ്റ്റേഡിയം വിസ്മയക്കാഴ്ചയാണ്. മധുരയ്ക്ക് സമീപം അളങ്കാനല്ലൂർ ഹൈവേയിൽ നിന്ന് 3 കിലോമീറ്റർ പ്രത്യേകമായി നിർമിച്ച നാലുവരിപ്പാതയിലൂടെയാണ് സ്റ്റേഡിയത്തിലെത്തുക. മുറ്റത്ത് ഉദ്യാനവും ചെറിയ കുളവും പാർക്കും.

പ്രവേശനകവാടത്തിൽ പരമ്പരാഗത ജല്ലിക്കെട്ടിന്റെ ഭീമാകാര ഛായാചിത്രം. ഇത്തരം 22 ഛായചിത്രങ്ങളാണ് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ വരച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലേക്കു കയറുമ്പോ‍ൾ സ്പെയിനിലെ കാളപ്പോര് റിങ്ങുകളെ അനുസ്മരിപ്പിക്കും വിധം ഒരുക്കിയ വിശാലമായ ഗാലറി. മൂന്ന് തട്ടുകളായി 5000 കാണികൾക്ക് സ്ഥിരം ഇരിപ്പിടം, മത്സരസമയത്തു താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഗാലറിയടക്കം 50,000 പേരെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിനാകും. അയ്യായിരം കാളകൾക്ക് മത്സരത്തിൽ പങ്കെടുക്കാനായി കാത്തിരിക്കാൻ പ്രത്യേക പന്തലും തെങ്ങ്/പന തടികൾ കുഴിച്ചിട്ട് കെട്ടിയൊരുക്കുന്ന പരമ്പരാഗത വാടിവാസലിന് പകരം ഇരുമ്പ് കമ്പികളിൽ സുരക്ഷ തീർത്ത് കോൺക്രീറ്റ് ഭിത്തിയും ഗേറ്റുമായി പുത്തൻ വാടിവാസലും മത്സരത്തിൽ മുറിവേൽക്കുന്ന മൃഗങ്ങൾക്കും മത്സരാർഥികൾക്കുമായി പ്രത്യേകം മൃഗാശുപത്രിയും പ്രാഥമികാരോഗ്യ കേന്ദ്രവും.

50,000 ലീറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്ക്, മാലിന്യസംസ്കരണ കേന്ദ്രവും, മത്സരത്തിലേക്ക് എത്താനും തിരികെപ്പോകാനും കാളകൾക്കായി പ്രത്യേകം റോഡുകൾ, വിഐപികൾക്കായി പ്രത്യേകം പവലിയൻ, വിശ്രമമുറികൾ എന്നിവയും സ്റ്റേഡിയത്തിലുണ്ട്. സംഘകാലം മുതലുള്ള ജല്ലിക്കെട്ട് ചരിത്രവും അവശേഷിപ്പുകളും പ്രദർശിപ്പിക്കുന്ന രണ്ടു മ്യൂസിയങ്ങളും ജല്ലിക്കെട്ട് ഡോക്യുമെന്ററി പ്രദർശനത്തിനായി 100 സീറ്റുള്ള മിനി തിയറ്റർ, ലൈബ്രറി, മത്സരാർഥികൾക്ക് താമസിക്കാൻ ഡോർമിറ്ററികൾ, നൂറോളം ശുചിമുറികൾ, ഓഫിസ് മുറികൾ, കോൺഫറൻസ് ഹാൾ, മീഡിയാ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്.

അവസാനിക്കാത്ത ആവേശം

പൊങ്കലിനോട് അനുബന്ധിച്ചു മാത്രം നടത്തിയിരുന്ന ജല്ലിക്കെട്ട് സ്റ്റേഡിയം വരുന്നതോടെ വർഷം മുഴുവൻ സംഘടിപ്പിക്കുകയാണ് സർക്കാർ ശ്രമം. പ്രധാന ജല്ലിക്കെട്ട് മത്സരങ്ങൾ പരമ്പരാഗത വേദിയിൽ നിന്നു മാറ്റുന്നതിൽ എതിർപ്പുള്ളതിനാൽ ഈ വർഷം പ്രദർശന ജല്ലിക്കെട്ടുകളാണ് നടത്തുക. വർഷത്തിലെ ഏതു സമയത്തും ജല്ലിക്കെട്ട് സംഘടിപ്പിക്കാൻ സാധിക്കും.

ഓരോ ഊരിനെയും കാളകളെയും പ്രത്യേകം ക്ഷണിച്ചുവരുത്തി മത്സരം ഒരുക്കാനാണ് ആദ്യഘട്ടത്തിലെ നീക്കം. പിന്നീട് അവശ്യാനുസരണം ഓരോ ജല്ലിക്കെട്ട് സമിതിക്കും സ്റ്റേഡിയം വിട്ടുകൊടുക്കും. നേരത്തേ കലണ്ടർ തയാറാക്കി വിനോദസഞ്ചാരികൾക്കായി പ്രദർശന മത്സരവും സ്റ്റേഡിയത്തിൽ നടത്തും. സ്റ്റേഡിയത്തിനു ചുറ്റുമുള്ള പ്രദേശത്ത് അമ്യൂസ്മെന്റ് പാർക്ക് ഒരുക്കാനും പദ്ധതിയുണ്ട്.

‘എരുതഴുവതൽ’ എന്ന ജല്ലിക്കെട്ട്

മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴിൽ തൈമാസം പിറക്കും. പിന്നെ തമിഴകത്തിന്റെ ഹൃദയമിടിക്കുന്നതുപോലും കാളക്കുളമ്പടിയുടെ താളത്തിലാവും. കൂറ്റൻ കങ്കേയം കാളകളുടെ കൊമ്പുകൾക്കിടയിലൂടെ മരണത്തെ മുഖാമുഖം കാണുമ്പോഴും തമിഴ് മക്കൾ ആർപ്പുവിളിക്കും. കാരണം, ഇതു ജല്ലിക്കെട്ടാണ്; രക്‌തത്തിലലിഞ്ഞ വികാരം. നമ്മുടെ ഓണത്തിന്റെയത്ര കേമമായി തമിഴ്‌നാട്ടുകാർ പൊങ്കലും ജല്ലിക്കെട്ടും ആഘോഷിക്കുന്നു.

‘എരുതഴുവതൽ’ (ഏരു എന്നാൽ കാള. തഴുവതൽ എന്നതിനു പിടിച്ചു നിർത്തുക എന്ന് അർഥം) എന്ന ജല്ലിക്കെട്ട് തമിഴർക്ക് വെറും വിനോദമല്ല; ജീവിതം തന്നെയാണ്. നൂറ്റാണ്ടുകളായി രക്തത്തിൽ അലിഞ്ഞുചേർന്ന ആവേശമാണ്. സൂപ്രീം കോടതിയും സർക്കാരുകളും പല തവണ നിരോധനം ഏർപ്പെടുത്തിയിട്ടും ജല്ലിക്കെട്ട് ഉപേക്ഷിക്കാൻ തമിഴകത്തിനു കഴിയാത്തതിനു കാരണവും മറ്റൊന്നല്ല.

നൂറ്റാണ്ടുകളുടെ പഴക്കം

ക്രിസ്തുവിനു 300 വർഷം മുൻപു മുതൽ തമിഴരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണു ജല്ലിക്കെട്ടിന്റെ ആവേശം. വിളവെടുപ്പ് ഉൽസവമായ പൊങ്കൽ നാളിൽ ജല്ലിക്കെട്ട് നടന്നില്ലെങ്കിൽ അടുത്ത തവണ കൃഷി നശിക്കുമെന്നും പകർച്ചവ്യാധിയും പ്രകൃതിക്ഷോഭവും ഉണ്ടാകുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. മനുഷ്യവംശം പിറവിയെടുത്ത നാൾ എന്നു തമിഴ്‌ജനത വിശ്വസിക്കുന്ന പൊങ്കൽ ദിനത്തിന്റെ അടുത്ത നാളിൽ മൃഗങ്ങൾ പിറന്നതിന്റെ ഓർമയ്‌ക്കായി മാട്ടുപ്പൊങ്കൽ ആചരിക്കും. അന്നാണു മൃഗങ്ങളെ കീഴടക്കാനായി വീരൻമാർ രംഗത്തിറങ്ങുന്നത്.

ഓരോ വർഷവും ജനുവരിയിൽ പൊങ്കൽ ആഘോഷത്തോടെ തുടക്കമിടുന്ന ജല്ലിക്കെട്ട് ഉത്സവം ജൂൺ വരെ തുടരും. മധുര, ശിവഗംഗ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട, സേലം തുടങ്ങിയ ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലായി ചെറുതും വലുതുമായ നാലായിരത്തോളം ജല്ലിക്കെട്ട് നടക്കുന്നുണ്ട്. മധുരയിലെ അളങ്കാനല്ലൂർ, ആവണിയാപുരം, പാലമേട് എന്നിവിടങ്ങളിലെ ജല്ലിക്കെട്ടുകളാണ് ഏറ്റവും പ്രശസ്തം.

jillikettu
ജെല്ലിക്കെട്ട് സ്റ്റേഡിയത്തിന്റെ അകം

രാജകീയം, ഈ കാളജീവിതം

ആനകളെ പോറ്റുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഒരു കാളയെ ജല്ലിക്കെട്ടുവീരനാക്കാൻ. തമിഴർക്കു ജല്ലിക്കെട്ടുകാള വീട്ടിലെ ഇളയ മകനാണ്. സ്വന്തം കിടപ്പുമുറിയിൽപോലും പല തമിഴർക്കും ഫാൻ ഉണ്ടാകില്ല. പക്ഷേ, തൊഴുത്തിൽ എസി ഫിറ്റ് ചെയ്തിട്ടുണ്ടാകും. നാലുനേരവും മൃഷ്ടാന്നഭോജനം; മരുന്നുതേച്ചു കുളി; നല്ല മസിലും ആരോഗ്യവും വരാൻ കൃത്യമായ വർക്ക്ഔട്ട്. തവിട്, പരുത്തി, കാലിത്തീറ്റ, പച്ചരി, തേങ്ങ, പാൽ, മുട്ട, കത്തിരിക്ക, നാടൻ മരുന്നുകൾ, വാഴപ്പഴം എന്നിവയടങ്ങിയതാണു ഭക്ഷണക്രമം. ഒരു ജല്ലിക്കെട്ടുകാളയെ ഒരു മാസം കഷ്ടി തീറ്റിപ്പോറ്റാൻ ഏറ്റവും കുറഞ്ഞത് 50,000 രൂപ വേണം.അതിരാവിലെ കാളയെ എഴുന്നേൽപിച്ച് ഔഷധക്കൂട്ടു നിറച്ച കാടിവെള്ളവും പച്ചപ്പുല്ലും നൽകും.

പിന്നീടു മരുന്നെണ്ണ തേച്ചു കാളയെ പുലർവെയിലിൽ മണിക്കൂറുകളോളം നിർത്തും. ഇനിയാണു കാളയുടെ രാജകീയ കുളി. ആനയെ കുളിപ്പിക്കുന്നതുപോലെയാണു കാളക്കുളി. കഴുത്തൊപ്പം വെള്ളത്തിൽ നിർത്തി രാമച്ചവും കച്ചോലവും ഇഞ്ചയുമൊക്കെ തേച്ചുള്ള നീരാട്ടാണ്. കുളി കഴിഞ്ഞാൽ പാലും മുട്ടയും. ഇതിന്റെയൊക്കെ അളവ് കാളയുടമയുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. എന്തായാലും, വീട്ടിൽ ഉണ്ടാക്കുന്ന സ്പെഷൽ വിഭവങ്ങളിൽ ഒരു ഓഹരി കാളയ്ക്കുകൂടി ശാപ്പിടാനുള്ളതാണ്.വൈകിട്ടും കാളയെ കുളിപ്പിക്കും. എസി മാത്രമല്ല, മിക്ക തൊഴുത്തുകളിലും മ്യൂസിക് സിസ്റ്റം വരെയുണ്ടാകും. വണ്ടുകളെയും പ്രാണികളെയും കൊതുകുകളെയുമൊക്കെ അകറ്റാൻ പുകച്ചിരിക്കുന്ന സുഗന്ധ വസ്തുക്കൾ ശ്വസിച്ചാവും കാളയുറക്കം. അങ്ങനെ, കൈ വളരുന്നുണ്ടോ കാൽ വളരുന്നുണ്ടോ എന്നു നോക്കിയിരുന്ന് ഒരു കാളക്കുഞ്ഞിനെ ആറു വർഷത്തോളം പരിപാലിക്കും. ആറാം വയസ്സിലാകും കാളകളുടെ ആദ്യ ജല്ലിക്കെട്ട്.

വീരൻ ജല്ലിക്കെട്ടുമല്ലൻ

കഠിനമായ പരിശീലനത്തിനുശേഷമാണു തമിഴ് യുവാക്കൾ ജല്ലിക്കെട്ടിനിറങ്ങുന്നത്. ശാരീരികമായും മാനസികമായും നല്ല കരുത്തു നേടിയവർക്കേ കൊമ്പുകുലുക്കിയെത്തുന്ന കാളകളെ കീഴ്‌പ്പെടുത്താനാവൂ. 21 മുതൽ 40 വയസ്സുവരെയുള്ളവരെയാണു ജല്ലിക്കെട്ടിൽ പങ്കെടുപ്പിക്കുക. മദ്യപരെയും പുകവലിക്കാരെയുമൊന്നും പോരിനിറക്കാതിരിക്കാൻ കർശന വൈദ്യപരിശോധനയുണ്ടാകും.

പാഞ്ഞു വരുന്ന കാളകളെ കീഴടക്കാൻ ഇരു വശങ്ങളിലും യുവാക്കൾ നിരന്നു നിൽക്കും. കൊമ്പ് കുലുക്കി വരുന്ന കാളയുടെ ഉയർന്നു നിൽക്കുന്ന മുതുകിൽ മാത്രമായിരിക്കും ഇവരുടെ ശ്രദ്ധ. മുതുകിൽ പിടിത്തമിടുന്നവരെ കുടഞ്ഞെറിഞ്ഞു കാള മുന്നോട്ടു കുതിക്കും. പിടിത്തം വിടാതെ കാളയെ വരുതിയിലാക്കുന്നയാൾ വിജയി. ഒരു കാള കടന്നുപോയാൽ അടുത്ത കാളയെ പിടികൂടാൻ കൂടുതൽ കരുതലോടെ വീണ്ടും ശ്രമം.

English Summary:

Sunday Special about Jallikattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com