ADVERTISEMENT

ഞങ്ങൾ താമസിക്കുന്നിടത്തു നിന്ന് ഏതാണ്ട് അര മണിക്കൂർ യാത്രാാദൂരം മാത്രമുള്ള സാവിനി (Savigny) എന്ന ഗ്രാമത്തിൽ ഒരു ഏകദിന ഫിലിം ഫെസ്റ്റിവൽ നടക്കുന്നു. അതു കാണാനാണ് ഉച്ച കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടത്. അനിമേഷൻ സിനിമകളുടെ പ്രദർശനമാണ്. ഞങ്ങളോടൊപ്പം റസിഡൻസിയായിട്ടുള്ള ഫ്രഞ്ച് എഴുത്തുകാരിയും സിനിമ പ്രവർത്തകയുമായ സ്റ്റിഫാനി കഡോരെറ്റ് അതിന്റെ ജൂറിയാണ്. മറ്റൊരു റസിഡൻസിയായ മെരിലു റിറ്റ്സ് സാവിനി സ്വദേശിയും. അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഫൗണ്ടേഷൻ വക കാറിൽ യാത്ര തിരിച്ചു.

കാറിൽ കയറും മുൻപ് മെരിലു ഒരു കാര്യം പറഞ്ഞു ‘വണ്ടി ഓടിക്കുമ്പോൾ എനിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ കഴിയില്ല. ടെൻഷനാവും. ഫ്രഞ്ച് മാത്രമേ പറയൂ’ ഞാൻ മിണ്ടാതെയിരുന്നു കാഴ്ചകൾ കണ്ടുകൊള്ളാം എന്നു വാക്കുകൊടുത്തു. സ്വിസിന്റെ മറ്റൊരു ദൃശ്യമാണ് ആ മൗനയാത്രയിൽ എന്റെ മുന്നിൽ തെളിഞ്ഞു വന്നത്. നിറയെ കുന്നുകൾ, ചെങ്കുത്തായ കയറ്റങ്ങൾ, കൊക്കകൾ, കൊടുമുടികൾ, ഹെയർപിൻ വളവുകൾ. ഒരു ഇടത്തരം ഗ്രാമമാണു സാവിനി. വളരെ അടുത്തായി ആൽപ്സ് പർവതനിരകൾ കാണാം. അവിടെ ഒരു ഓഡിറ്റോറിയത്തിലാണ് അനിമേഷൻ ഫിലിം ഫെസ്റ്റിവൽ സാവിനി സംഘടിപ്പിച്ചിരിക്കുന്നത്.

അതിന്റെ ഏഴാമത് എഡീഷനാണ് ഇ വർഷം നടക്കുന്നത്. ഏകദേശം 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം. ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. കാലത്ത് മുതൽ അവിടെ പല പ്രായത്തിലുള്ളവർക്ക് വേണ്ടിയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. പതിനാറു മുതൽ മുകളിലേക്കുള്ളവരുടെ മൂന്നു സെഷനുകളിലായി 26 ചിത്രങ്ങളാണു പിന്നത്തെ നാലു മണിക്കൂർ സമയം കൊണ്ട് ഞങ്ങൾ കണ്ടുതീർത്തത്. വെറും 27 സെക്കൻഡ് മുതൽ പതിനെട്ട് മിനിറ്റ് വരെ ദൈർഘ്യമുള്ളവ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇറാൻ, ജപ്പാൻ, കൊറിയ, ചൈന, യുകെ, അമേരിക്ക, ഫ്രാൻസ്, എസ്റ്റോണിയ, കോംഗോ, ക്രൊയേഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു.

മിക്കവയും പരിസ്ഥിതി, ഐഡന്റിറ്റി, പ്രവാസം, ലഹരിമരുന്ന്, ആത്മഹത്യ, അഭയാർഥിത്വം തുടങ്ങിയ ഗൗരവമുള്ള വിഷയങ്ങളിൽ ഊന്നിയവയായിരുന്നു. ചില വ്യക്തികളെ അഭിമുഖം ചെയ്‌ത ശേഷം ആ ശബ്ദരേഖ പിന്നണിയിൽ ഉപയോഗിച്ചുള്ള അനിമേഷൻ ഒരു ട്രെൻഡ് ആയി കണ്ടു. ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ട ആൾ, ലഹരിമരുന്നിന് അടിമ, മാനസിക പ്രശ്നത്തിനു മരുന്നു കഴിക്കുന്ന ആൾ, അന്ധനായ ഒരാളുടെ കാഴ്ച (അത് ഉഗ്രൻ ഫിലിം ആയിരുന്നു. അതിനാണ് ജൂറി അവാർഡ് ലഭിച്ചത്) കുടിയേറ്റത്തിന്റെ വ്യഥ അനുഭവിക്കുന്ന സ്ത്രീ എന്നിവയൊക്കെ ഞാൻ ഓർക്കുന്നു. പലതിന്റെയും സംവിധായകരായ ചെറുപ്പക്കാർ അവിടെ നേരിട്ടെത്തുകയും അവരുടെ അനിമേഷൻ അനുഭവങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു.

സഹ എഴുത്തുകാർക്കൊപ്പം ബെന്യാമിൻ
സഹ എഴുത്തുകാർക്കൊപ്പം ബെന്യാമിൻ

അക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഒരെണ്ണം പോലുമില്ലല്ലോ എന്നു ഞാൻ സങ്കടപ്പെട്ടു. അനിമേഷന്റെ സാധ്യതകൾ നമ്മൾ ഇനിയും വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല എന്നാണ് അവിടെയിരുന്നപ്പോൾ എനിക്കു തോന്നിയത്. നമ്മുടെ മലയാളത്തിലെ എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ, ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി, സക്കറിയയുടെ തേൻ, ഒ.വി.വിജയന്റെ കടൽത്തീരത്ത് തുടങ്ങിയ കഥകളൊക്കെ വലിയ അനിമേഷൻ സാധ്യതകളുള്ളതാണല്ലോ എന്നും ഓർത്തു. സെഷന്റെ ഇടവേളയിൽ മെരിലുവിന്റെ മാതാപിതാക്കളെ പരിചയപ്പെട്ടു.

പിതാവ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രശസ്‌ത കമ്പനി നെസ്‌ലെയുടെ കെമിക്കൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. പാൽ സമൃദ്ധമായി കിട്ടുന്ന രാജ്യങ്ങളിൽ ഒന്നാണല്ലോ സ്വിറ്റ്സർലൻഡ് എന്ന് അപ്പോഴാണു ഞാനോർക്കുന്നത്. ഈ ചെറിയ രാജ്യത്ത് ഇരുപതിനായിരത്തിൽ അധികം ക്ഷീര കർഷകരും ആറു ലക്ഷത്തിൽ അധികം പശുക്കളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശാലമായ പുൽത്തകിടികളും അതിൽ യഥേഷ്‌ടം മേഞ്ഞു നടക്കുന്ന പശുക്കളെയും കണ്ടപ്പോൾ കന്നുകാലികൾക്കു തീറ്റ കണ്ടെത്താൻ കഷ്ടപ്പെടുന്ന നാട്ടിലെ പാവം ക്ഷീരകർഷകരെ ഞാനോർത്തു.

മെരിലുവിന്റെ മാതാപിതാക്കൾക്കൊപ്പം ഒരു പയ്യനും ഉണ്ടായിരുന്നു. അവളുടെ സഹോദരൻ എന്നാണു ഞാൻ കരുതിയത്. അങ്ങനെ ആയിരുന്നില്ല. സഹോദരൻ പാരിസിലാണെന്നും ഇവൻ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സ്കൂൾ എക്‌സ്ചേഞ്ച് പ്രകാരം സ്വിസിൽ വന്നതാണെന്നും മെരിലു വിശദീകരിച്ചു. അവർ ഓരോരോ വീടുകളിലാണ് താമസം. കഴിഞ്ഞ ആറുമാസമായി അവൻ ഇവർക്കൊപ്പമുണ്ട്. ഒരു വർഷം പൂർത്തിയായാൽ മടങ്ങിപ്പോകും. ഞാനൊരിക്കൽ നിങ്ങളുടെ പ്രാഗിൽ വന്നിട്ടുണ്ടെന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരം അതാണെന്നും പറഞ്ഞപ്പോൾ, അങ്ങനെ പലരും പറയാറുണ്ടെങ്കിലും ഞങ്ങൾ ഒസ്‌ട്രാവക്കാർ ഒരിക്കലും അതു സമ്മതിച്ചു തരില്ല എന്നും അവൻ തിരിച്ചടിച്ചു.

ഒരിക്കൽ ഒസ്‌ട്രാവ സന്ദർശിക്കാൻ എന്നെ ക്ഷണിക്കുകയും ചെയ്‌തു. വീട്ടിൽ മറവി രോഗമുള്ള പിതാവ് ഒറ്റയ്‌ക്കാണെന്നും അദ്ദേഹത്തിനു മരുന്നും ഭക്ഷണവും കൊടുക്കാന്നുണ്ടെന്നും പറഞ്ഞ് മെരിലുവിന്റെ പിതാവ് ഒരു സൈക്കിളിൽ കയറി മടങ്ങി. അമ്മ ഞങ്ങൾക്കൊപ്പം ബാക്കി സിനിമകൾ കാണാനായി തങ്ങി. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ നിശ്ചയമായും ആ അമ്മയാവണം വീട്ടിലേക്കു മടങ്ങേണ്ടിയിരുന്നത്. വീടിന്റെ ഉത്തരവാദിത്തങ്ങളൊക്കെ സ്ത്രീകൾക്കുള്ളതാണല്ലോ. അതാണു യൂറോപ്പും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം.

രാത്രി പത്തു മണിക്കു ശേഷമാണു വിധി പ്രഖ്യാപനം. കുട്ടികളുടെ ചിത്രങ്ങൾക്കു നാലു കുട്ടികൾ തന്നെയാണു ജൂറി എന്നതു വളരെ അനുകരണീയമായിത്തോന്നി. പിന്നെ പ്രേക്ഷക അവാർഡ്, ജൂറി അവാർഡ് ഒക്കെയുണ്ടായിരുന്നു. അവസാനം ഫെസ്റ്റിവൽ ഡയറക്‌ടർ സംവിധാനം ചെയ്‌ത ഒരു അനിമേഷൻ ചിത്രത്തിന്റെ പ്രദർശനം കൂടി കഴിഞ്ഞാണ് ഇനി അടുത്തവർഷം ഒത്തുകൂടാം എന്ന ആശംസയോടെ ആ ഗ്രാമീണർ അവിടെ നിന്നു പിരിയുന്നത്. നഗരകേന്ദ്രീകൃതമായ വലിയ ഫെസ്റ്റിവലുകൾക്ക് പകരം ഗ്രാമങ്ങളിൽ ഇത്തരം ചെറു ഫെസ്റ്റിവലുകൾ നമുക്കും പരീക്ഷിക്കാവുന്നതാണ്.

ട്രാക്‌ടർ ഓട്ടമത്സരം

ഓരോ ഗ്രാമത്തിനും അതിന്റേതായ ഉത്സവങ്ങളും ആഘോഷങ്ങളുമുണ്ട്. ഒരുദിവസം എഴുന്നേറ്റു നോക്കുമ്പോൾ ഞാൻ താമസിക്കുന്ന ഗ്രാമത്തിലെ കൃഷിയിടത്തിൽ വലിയ ഒരുക്കങ്ങൾ നടക്കുന്നു. വലിയ വാഹനങ്ങൾ വരുന്നു. ടെന്റുകൾ കെട്ടുന്നു. കളമൊരുക്കുന്നു. തോരണങ്ങൾ വലിച്ചു കെട്ടുന്നു. ഉച്ചഭാഷിണിയിൽ നിന്നു പാട്ടുകൾ കേൾക്കുന്നു. ഉച്ചയായപ്പോഴേക്കും അവിടെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. മൈക്കിലൂടെ എന്തൊക്കെയോ അനൗൺസ്‌മെന്റുകൾ കേൾക്കാം. എന്താണെന്നറിയാൻ ഞാൻ സൈക്കിളെടുത്ത് അങ്ങോട്ടു പോയി. അവിടെ എത്തിയപ്പോഴാണ് അത് മോൺട്രീഷേർ എന്ന കാർഷിക ഗ്രാമത്തിന്റെ വാർഷികാഘോഷമാണെന്നു മനസ്സിലാവുന്നത്.

നൂറുകണക്കിനു ട്രക്‌ടറുകളാണു ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് എത്തിയത്. അതും പല വലുപ്പത്തിലും രൂപത്തിലുമുള്ളവ. ചുറ്റുമുള്ള ടെന്റുകളിൽ ആഹാരം, ബിയർ, വൈൻ കാപ്പി, എന്നിവയുടെയൊക്കെ കച്ചവടം പൊടിപൊടിക്കുന്നു. കുട്ടികൾക്കുള്ള കളിപ്പാട്ടക്കടകളിൽ നിറഞ്ഞിരിക്കുന്നത് ട്രാക്‌ടറുകൾ, മണ്ണുമാന്തികൾ, കന്നുകാലികൾ എന്നിവയുടെ ചെറുരൂപങ്ങൾ. മൈതാനം നിറഞ്ഞു കാണികൾ. മിക്കവരും കുടുംബമായിട്ടാണ് എത്തിയിരിക്കുന്നത്. എങ്ങും ആരവവും ബഹളവും. ആവേശത്തോടെയുള്ള കമന്ററി. നാട്ടിലെ കർഷകർ കാളയോട്ടമത്സരം നടത്തുമ്പോൾ അവർ ട്രാക്‌ടറോട്ടമത്സരം നടത്തുന്നു. സത്യത്തിൽ അത് ഓട്ടമത്സരമല്ല. ട്രാക്‌ടർ വലി മത്സരമാണ്.

അതായത് അയഞ്ഞ മണ്ണിലൂടെ വലിയ ഭാരം വലിച്ചുകൊണ്ട് നിശ്ചിത ദൂരം പോകണം. ഏറ്റവും കുറഞ്ഞ സമയത്തിനു ഫിനിഷിങ് പോയിന്റിൽ എത്തുന്നവർക്ക് സമ്മാനം. പലർക്കും ആ ഓട്ടം പൂർത്തിയാക്കാൻ പോലും കഴിയുന്നില്ല. ഒരു ഘട്ടം കഴിയുമ്പോൾ ട്രാക്‌ടർ ചെളിയിൽ പുതഞ്ഞ് നിന്നുപോകുന്നു. ഓരോ ഓട്ടം കഴിയുമ്പോഴും റോഡ് റോളറുകൾ വന്നു നിലം ഉറപ്പിക്കുകയും നിരപ്പാക്കുകയും ചെയ്യുന്നു. അവയെല്ലാം ചെയ്യുന്നത് പെൺകുട്ടികളാണ്. അവസാനം പുരുഷ കേസരികളെ തോൽപിച്ച് മിടുക്കിയായ ഒരു പെൺകുട്ടി ഓടിച്ച ട്രാക്‌ടറിനാണ് സമ്മാനം ലഭിച്ചതും. അവളും കുടുംബവും ട്രാക്‌ടറിലെ വൈക്കോൽ കെട്ടുകളുടെ മുകളിലിരുന്നു ഗ്രാമം ചുറ്റി പ്രകടനം നടത്തി ആഘോഷപൂർവമാണ് മടങ്ങിയത്. അതാണ് ഒരു ഗ്രാമത്തിന്റെ തനത് ഉത്സവം.

ഗ്രാമീണ വിഭവങ്ങൾ

ഏതു ദേശത്തു ചെന്നാലും അവിടത്തെ തനത് ആഹാരം രുചിക്കുമ്പോഴാണ് ആ ദേശത്തെ അറിയുക എന്നതു സഞ്ചാരത്തിന്റെ ബാലപാഠമാണ്. ഫൗണ്ടേഷനിൽ എല്ലാ ദിവസവും വ്യത്യസ്ത തരം ആഹാരങ്ങളാണ് ഒരുക്കുന്നത്. എങ്കിലും അവയെ തനതു ഗ്രാമീണാഹാരങ്ങൾ എന്നു വിളിക്കാൻ കഴിയുമായിരുന്നില്ല. എങ്കിൽ അങ്ങനെയൊന്നു രുചിക്കാൻ പോകാമെന്ന് എഴുത്തുകാർ എല്ലാം കൂടി ചേർന്നു തീരുമാനിച്ചു. ഞങ്ങളുടെ ഗ്രാമത്തിനു പിന്നിലുള്ള ജൂറാ പർവതത്തിന്റെ ഉച്ചിയിൽ ഷന്റാൽ എന്നൊരു റസ്റ്ററന്റ് ഉണ്ടെന്നും അവിടെ തനി നാടൻ ഭക്ഷണം കിട്ടുമെന്നും അറിഞ്ഞ് ഞങ്ങൾ ഒരു ഉച്ചയ്ക്ക് അങ്ങോട്ടു വച്ചു പിടിച്ചു. വനത്തിനിടയിലൂടെയുള്ള ചെറിയ പാതയിലൂടെ അവിടേക്കുള്ള യാത്ര തന്നെ മനോഹമായിരുന്നു. ആ മലമുകളാവട്ടെ പ്രകൃതി ദൃശ്യം കൊണ്ട് സമ്പന്നവും. അവിടെ നിന്നാൽ ആൽപ്സ് പർവതവും ജനീവ തടാകവും ചുറ്റുമുള്ള നഗരങ്ങളും കൃഷിയിടങ്ങളും ഒക്കെ ഏറ്റവും നന്നായി ആസ്വദിക്കാം. 

സ്വിസ് ഗ്രാമങ്ങളിൽ നിന്നു ലഭിക്കുക എന്തെങ്കിലും പാൽ വിഭവമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്നു ഞങ്ങൾ രുചിച്ച ആഹാരത്തിന്റെ പേര് ചീസ് ഫോണ്ടേ എന്നായിരുന്നു. ഒരു ചരുവത്തിൽ ധാരാളം ചീസിട്ട് തിളപ്പിച്ച് ടേബിളിൽ കൊണ്ടുവയ്ക്കും. അതിൽ റൊട്ടി മുക്കി കഴിക്കുക. എല്ലാവരും ഒരു പാത്രത്തിൽ നിന്നു തന്നെയാണ് കഴിക്കുക. അതാണ് ചീസ് ഫോണ്ടേ. നമ്മൾ വട്ടം കൂടിയിരുന്ന് ശർക്കരപ്പാനിയിൽ തേങ്ങ മുക്കി കഴിക്കുന്ന പോലെ തന്നെ. കോളസ്‌ട്രോളിനെ പേടിയില്ലാത്തവർക്ക് ആസ്വദിച്ച് കഴിക്കാവുന്ന ഒരു വിഭവമാണത്. പിന്നീടൊരു ദിവസം റെക്‌ലെറ്റ് എന്നുപേരായ ഒരു ചീസ് വിഭവവും കഴിച്ചു. അതാണെങ്കിൽ ഒരു വലിയ ചീസ് കട്ട പഴുത്ത ഇരുമ്പ് പ്ലേറ്റിൽ വച്ച് ഉരുക്കിയെടുക്കും. അതു പ്ലേറ്റിലേക്കു ചുരണ്ടിയൊഴിച്ച് പുഴുങ്ങിയ ചെറിയ ഉരുളക്കിഴങ്ങും ബേക്കണും ചേർത്തു കഴിക്കുന്നതാണ്. രണ്ടു വിഭവങ്ങളുടെയും രുചി ഇപ്പോഴും നാവിൽ ബാക്കിയാണ്.

English Summary:

Sunday Special about benyamins europe journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com