ഫിജിയിൽ നിന്ന് ഭാവന
Mail This Article
ഫിജി സന്ദർശിക്കണമെന്നു തോന്നിയതിനു പിന്നിൽ ഒരു കാര്യമുണ്ട്. കിഴക്കോട്ടു സഞ്ചരിച്ചാൽ എത്താവുന്ന അങ്ങേയറ്റത്തെ രാജ്യങ്ങളിലൊന്നാണു ഫിജി ദ്വീപ്; പടിഞ്ഞാറോട്ടു പോയാൽ ഹവായ്‌യിൽ എത്താം എന്നു പറയുന്നതു പോലെ. ഒട്ടേറെ ഇന്ത്യക്കാരുള്ള രാജ്യമാണ് ഫിജി. ഇന്ത്യക്കാർ ഭരണാധികാരികൾ വരെയായിട്ടുണ്ട് അവിടെ. എന്നാൽ ഈയിടെയായി ഫിജിക്കാർക്ക് ഇന്ത്യക്കാരോട് അത്ര താൽപര്യം പോരാ. സ്ഥലം വാങ്ങുന്നതിൽ ഉൾപ്പെടെ ഏറെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ അടുത്ത തലമുറ ഇന്ത്യക്കാർ കൂടുതലും അമേരിക്കയിലേക്കും മറ്റും കുടിയേറുകയാണ്. അങ്ങേയറ്റത്തുള്ള ഫിജിയിലെത്താൻ ഒന്നൊന്നര യാത്ര വേണം.
കൊച്ചിയിൽ നിന്നു മുംബൈയിലേക്ക്. അവിടെ നിന്ന് ഹോങ്കോങ്ങിലേക്കു അവിടെ നിന്നു രാത്രി വിമാനത്തിൽ കയറി പിറ്റേദിവസം രാവിലെയാണു ഫിജിയിലെത്തിയത്. ഇത്രയും നീണ്ട പറക്കൽ കഴിഞ്ഞു കടുത്ത ക്ഷീണിതനായാണു ചെന്നിറങ്ങിയത്. ഇത്രയും കഷ്ടപ്പെട്ട് ഫിജി കാണാൻ പോയത് എന്തിനാണെന്നു പറയാം. ഒരിക്കൽ ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയി. ഞാൻ കയറിയ വിമാനം വൈകിയതിനാൽ അടുത്ത സ്ഥലത്തേക്കു പോകാനുള്ള വിമാനം കിട്ടിയില്ല. ഏതായാലും വിമാനക്കമ്പനി അവിടെ വിമാനത്താവളത്തിൽ തന്നെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം ഏർപ്പാടാക്കിത്തന്നു. വിമാനത്താവളത്തിനു പുറത്തു പോകാൻ കഴിയില്ല. മുറിക്കകത്തിരുന്നു വായിക്കാൻ തുടങ്ങി. അവിടുള്ള മാസികകൾ ഉൾപ്പെടെ വായിച്ചു തീർത്തു. ഒടുവിൽ മുറിയിലുണ്ടായിരുന്ന വെള്ളക്കുപ്പിയിലെ സ്റ്റിക്കർ വരെ വായിച്ചു. അപ്പോഴാണു ഫിജി വാട്ടർ എന്ന പേര് മനസ്സിൽ ഉറച്ചത്.
അവിടത്തെ പോഷകസമൃദ്ധവുമായ ജലമാണ് ഈ കുപ്പിയിൽ എന്നാണ് എഴുതിയിരിക്കുന്നത്. ഖത്തറിലെ ദോഹയിൽ നിന്നു ഭൂമിയുടെ നേരെ എതിർവശത്താണ് ഫിജി. ഏതാണ്ട് 14,000 കിലോമീറ്ററിലധികം അകലെയുള്ള സ്ഥലം. അവിടെ നിന്നു കൊണ്ടുവന്ന ഫിജിയുടെ ധാതുസമൃദ്ധമായ ജലമാണ് ഇതെന്ന് അഭിമാനത്തോടെ എഴുതിയിരിക്കുകയാണ്. ഈ വെള്ളക്കുപ്പി ഒരു അദ്ഭുതമല്ലേ?. പല രാജ്യങ്ങളിലും ഫിജി വാട്ടർ വിൽക്കുന്നുണ്ട്. വിമാനത്തിലും ലഭിക്കും. വിലയും കൂടുതലാണ്. ഫിജിയിൽ ഗോത്രഗ്രാമങ്ങളിലെല്ലാം പോയി. വളരെ പ്രതിസന്ധിയിലായ രാജ്യമാണ്. പുറംലോകം അറിയുന്ന അവരുടെ ഏക ഉൽപന്നം ഈ ജലമാണ്. അതാകട്ടെ അവിടെയുള്ള ഒരു വ്യവസായിയുടെ ആശയമാണ്. അദ്ദേഹമാണ് അതു ലോകം മുഴുവൻ എത്തിക്കുന്നത്. വർഷത്തിൽ ആറുമാസവും മഴ പെയ്തു ശുദ്ധജലം കൊണ്ട് ശല്യമുണ്ടാകുന്ന നാടാണ് നമ്മുടേത്. ശുദ്ധജലം കൊണ്ട് പ്രളയം വരെ ഉണ്ടായ രാജ്യം. അപ്പോഴാണു ശുദ്ധജലം ഇത്രയും പെരുമഴയായി പെയ്തു കടലിലേക്ക് വെറുതേ ഒഴുകിപ്പോകുന്നത്.
അതും ഉത്തരേന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ചുട്ടുപൊള്ളുന്ന ജൂൺ, ജൂലൈ മാസത്തിലാണു നമ്മുടെ നാട്ടിൽ ഇത്രയും ശക്തമായ മഴപെയ്ത് പാഴാകുന്നത്. എന്തു കൊണ്ട് നമുക്ക് ഈ വെള്ളം ബ്രാൻഡ് ചെയ്തു വിറ്റു കൂടാ?. ഫിജി വെള്ളത്തിന്റെ കുപ്പിപോലും ചതുരാകൃതിയിലാണ്. പെട്ടിയിൽ കൂടുതൽ കുപ്പികൾ അടുക്കി വയ്ക്കാനുള്ള സൗകര്യത്തിനാണത്. അവിടത്തെ പ്രകൃതിയുടെ കഥയെല്ലാം വിവരിച്ച് എത്ര ഭംഗിയായാണ് അവർ ലോകത്ത് അതു മാർക്കറ്റ് ചെയ്യുന്നത്. നമ്മൾ ഇതു പോലെ ജലം വിറ്റാൽ എത്ര കോടി രൂപയുടെ വരുമാനമാകും ലഭിക്കുക?. എം.എ യൂസഫലി എന്ന വ്യവസായിയുടെ സൂപ്പർമാർക്കറ്റുകളിലൂടെ വിറ്റാൽ മാത്രം എത്ര കോടി വരുമാനം നമുക്കു നേടാം?. കേരളത്തിൽ ഇതുപോലെ വിൽക്കാവുന്ന വിഭവങ്ങളുടെ കുറവല്ല, ഭാവനയുടെ ദാരിദ്രമാണുള്ളത്. ഭാവനയും അൽപം സൃഷ്ടിപരതയും ഉപയോഗിച്ചാൽ നമുക്കിങ്ങനെ പലതും ലോകകമ്പോളത്തിൽ വിൽക്കാം. കേരളത്തിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള ഫിജി ആകെയുള്ള വിഭവം ഭാവനയുപയോഗിച്ച് വികസിപ്പിച്ച് ലോകത്തേക്കു മുഴുവൻ കയറ്റിവിടുന്നു. ഇങ്ങനെ മഴവെള്ളം വിൽക്കണമെന്ന് നമ്മൾ പറയുമ്പോൾ, ചിലർ ചെലവു കൂടുതലാണ്, ശരിയാകില്ല എന്നെല്ലാം തടസ്സം പറഞ്ഞേക്കാം. അങ്ങനെയുള്ളവർ, ഫിജി എങ്ങനെയാണ് ഈ വെള്ളം വിറ്റു ലാഭം നേടുന്നതെന്നു പഠിക്കണം.