ADVERTISEMENT

എല്ലാ മാസാദ്യവും നടത്തുന്ന സാഹിത്യപരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണു ഫൗണ്ടേഷന്റെ ഉടമ വീര ഹോഫ്‌മാനെ ഞാൻ കാണുന്നത്. അന്നത്തെ സായാഹ്നച്ചർച്ച കേൾക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വായനപ്രേമികൾ വന്നിട്ടുണ്ട്. ഫ്രഞ്ച് സാഹിത്യത്തിലെ അതികായനായ എഴുത്തുകാരനാണു റൊമൈൻ ഗാരി. പൊതുവേ ഒരിക്കൽ മാത്രം നൽകുന്ന പ്രശസ്‌തമായ പ്രി ഗോൺഗോർ (Prix Goncourt) അവാർഡ് അദ്ദേഹത്തിനു മാത്രം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. എമിലി അഷാർ എന്ന തൂലികാനാമത്തിൽ എഴുതിയ കൃതിക്കാണു രണ്ടാംതവണ ലഭിച്ചതെന്നു മാത്രം. അദ്ദേഹത്തിന്റെ മരുമകനായ പോൾ പൗലോവിച്ചാണ് എമിലി അഷാറായി അക്കാലത്ത് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. റൊമൈൻ ഗാരിയുടെ മരണശേഷം പോൾ വെളിപ്പെടുത്തുമ്പോഴാണു ലോകം ഇക്കാര്യങ്ങളൊക്കെ അറിയുന്നത്. 80 വയസ്സ് പിന്നിട്ടിരിക്കുന്ന വേളയിൽ ഇതെല്ലാം ഉൾപ്പെടുത്തി പോൾ തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നു. അതു വായിക്കാൻ ഫ്രഞ്ച് സാഹിത്യലോകം ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ആ അവസരത്തിലാണ് എഴുത്തുജീവിതം ആസ്പദമാക്കി പോൾ ഞങ്ങളുടെ ഫൗണ്ടേഷനിൽ വന്നു സംസാരിച്ചത്. സ്വഭാവികമായും അതു കേൾക്കാൻ വായനക്കാർ തടിച്ചുകൂടുമല്ലോ.

പരിപാടി കഴിഞ്ഞ് രാത്രിവിരുന്ന് സംഘടിപ്പിച്ചിരുന്നു. അവിടെ വച്ചാണു ഫൗണ്ടേഷന്റെ ഉടമ വേര മിച്ചൽസ്കി ഹോഫ്‌മാനെ ഞാൻ പരിചയപ്പെടുന്നത്. താൻ ഒരിക്കൽ കൊച്ചിയിൽ പോയിട്ടുണ്ടെന്നും ഹൗസ് ബോട്ടിൽ യാത്ര ചെയ്‌തിട്ടുണ്ടെന്നും ഇവരുടെ കേരളം അതിമനോഹരമാണെന്നും അവർ അക്കൂട്ടത്തിൽ വച്ച് പറഞ്ഞത് എനിക്കു വലിയ അഭിമാന നിമിഷമായിരുന്നു.

സ്വിസിലെ ഏറ്റവും സമ്പന്നയായ വനിതകളിൽ ഒരാളാണ് വേര ഹോഫ്‌മാൻ. വിവിധ പ്രസാധനാലയങ്ങൾ, ഹോട്ടലുകൾ എന്നിവയുടെ ഉടമയാണ് അവർ. റോഷ് (Roche) എന്ന പ്രശസ്‌തമായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഇവരുടെ കുടുംബത്തിന്റേതാണ്. മറ്റൊരു കൗതുകകരമായ കാര്യം എൽഎസ്ഡി എന്ന പേരിൽ അറിയപ്പെടുന്ന ലഹരിമരുന്ന് കണ്ടുപിടിച്ചത് വേരയുടെ ഒരു അമ്മാവനായ ആൽബർട്ട് ഹോഫ്‌മാൻ ആണ്. കെമിസ്റ്റ് ആയിരുന്ന അദ്ദേഹത്തിന്റെ ഒരു മെക്‌സിക്കൻ യാത്രയ്ക്കിടയിൽ കിട്ടിയ കൂണിന്റെ രാസസംയുക്തങ്ങൾ വേർതിരിച്ചാണത്രേ ഈ ലഹരി നിർമിക്കുന്നത്.

ചെറുപ്രായത്തിലേ സാഹിത്യ തൽപരയായിരുന്ന വേര ഹോഫ്‌മാൻ ഭർത്താവായിരുന്ന ഷാൻ മിഷാൽസ്‌കിക്കൊപ്പം ചേർന്നാണ് പ്രസാധനലോകത്തേക്കു വരുന്നത്. 54ാം വയസ്സിൽ അദ്ദേഹം മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പേരിൽ വേര ഒരു ഫൗണ്ടേഷൻ തുടങ്ങുകയും 5000 സ്വിസ് ഫ്രാങ്ക് സമ്മാനത്തുകയുള്ള ഒരു രാജ്യാന്തര സാഹിത്യപുരസ്‌കാരം ഏർപ്പെടുത്തുകയും ചെയ്‌തു.

എൽ സാൽവദോർ എന്ന രാജ്യത്തു നിന്നുള്ള ഗബ്രിയേലയാണ് പാർട്ടിക്കിടെ ഇക്കാര്യങ്ങൾ എനിക്കു പറഞ്ഞു തന്നത്. അക്കൂട്ടത്തിൽ ഗബ്രിയേല ഒരിക്കൽ തിരുവനന്തപുരത്തു വന്നിട്ടുണ്ടെന്നും ആ അനുഭവമാണ് അവരുടെ പുതിയ നോവലിന്റെ വിഷയമെന്നുംകൂടി അവർ വെളിപ്പെടുത്തി. അധികം വൈകാതെ കേരളത്തിന്റെ വിശേഷങ്ങൾ ഫ്രഞ്ച് ഭാഷയിൽ വായിക്കപ്പെടട്ടെ.

മോൺട്രീഷേർ ഗ്രാമത്തിലെ പുൽത്തകിടിയിൽ മേയുന്ന പശുക്കൾ
മോൺട്രീഷേർ ഗ്രാമത്തിലെ പുൽത്തകിടിയിൽ മേയുന്ന പശുക്കൾ

കൂൺ തേടി കാട്ടിലേക്ക്

പിറ്റേന്നു നിനച്ചിരിക്കാതെ മഴ പെയ്‌തു. കാലാവസ്ഥ പൊടുന്നനെ മാറിമറിഞ്ഞു. അതുവരെയുണ്ടായിരുന്ന ചൂടു മാറി രാവിലെ നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. വർഷത്തെ ആദ്യമഴ ദിനം, വൈകിട്ട് കൂൺ തപ്പി കാട്ടിൽ പോകുന്നുണ്ട്, ആരെങ്കിലും കൂടുന്നോ എന്നു ഉച്ചഭക്ഷണ സമയത്ത് അടുക്കളയിലെ സഹായി റൊമൈൻ ചോദിച്ചതും ഞങ്ങൾ നാലുപേർ തയാറായി ചാടിവീണു. നാട്ടിൽ പറമ്പിന്റെ പിന്നിലുള്ള കയ്യാലയിൽ നിന്നു കൂൺ പറിച്ചിട്ടുള്ളതല്ലാതെ കാട്ടിലൊന്നും കൂൺ തേടിപ്പോയ ചരിത്രമില്ല. ആ അവസരം സ്വിസിലാണ് ഒരുക്കിയിരിക്കുന്നതെങ്കിൽ പിന്നെ എന്തിനു വേണ്ടെന്നു വയ്ക്കണം.

ഫൗണ്ടേഷനു പിന്നിലുള്ള ജൂറ പർവതത്തിലെ കാടുകളിലേക്കു തന്നെയാണ് ഞങ്ങൾ പുറപ്പെട്ടത്. പ്രാണികൾ കടിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ മരുന്നു പുരട്ടി, ഫുൾ സ്ലീവ് ഷർട്ട് ധരിച്ച്, ബൂട്ടും ധരിച്ചാണ് യാത്ര. ആദ്യമായിട്ടാണ് ഇങ്ങനെ ശുദ്ധമായ ഒരു കാട്ടിനുള്ളിലേക്കു പ്രവേശിക്കുന്നത്. മെത്തപോലെ അടിക്കനത്തിൽ കിടക്കുന്ന കരിയിലകൾ ചവിട്ടി നടക്കുന്നതിന്റെയും നേർത്തകാറ്റ് മുഖത്തെ തഴുകിപ്പോകുന്നതിന്റെയും സുഖം. അവിടവിടെ ചില കിളിയൊച്ചകൾ. പാമ്പുകളില്ലാത്ത കാടായതിനാൽ പേടിയില്ലാതെയാണു മുൾച്ചെടികളും ചുള്ളിക്കമ്പുകളും വകഞ്ഞുമാറ്റിയുള്ള നടത്തം. ചൂണ്ടയിടാൻ പോകുന്ന പോലെയോ ലോട്ടറിയെടുക്കുന്ന പോലെയോ ആണു കാട്ടിൽ കൂൺ തേടിപ്പോകുന്നതും. അവസാനിപ്പിച്ചു മടങ്ങാൻ തോന്നില്ല. അടുത്ത നിമിഷം ഭക്ഷ്യയോഗ്യമായ ഒന്നു കണ്ണിൽപ്പെടും എന്ന പ്രതീക്ഷയിൽ മുന്നോട്ടു തന്നെ നടന്നുകൊണ്ടേയിരിക്കും. ചെറുകുന്നുകൾ കയറിയും ഇറങ്ങിയും ഏതാണ്ടു രണ്ടു മണിക്കൂർ നേരം ഞങ്ങൾ കാട്ടിലൂടെ അലഞ്ഞു. പല തരത്തിലും വലുപ്പത്തിലുമുള്ള കൂണുകൾ കണ്ണിൽപ്പെട്ടെങ്കിലും അതിൽ കഴിക്കാൻ കൊള്ളാവുന്നവ ആകെ നാലോ അഞ്ചോ എണ്ണം മാത്രം. എന്നാലും ആ കാട്ടുനടത്തം മാത്രം മതിയായിരുന്നു ആ ദിവസത്തെ ധന്യമാക്കാൻ. ഓരോ ദിവസം ഓരോ തരം അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണു കടന്നുപോകുന്നത്.

അദ്ഭുതപ്പെടുത്തും പുൽത്തകിടികൾ

എങ്ങനെയാണ് ഈ ദേശത്തെ പുൽത്തകിടികൾ ഇത്ര മനോഹരമായി നിൽക്കുന്നതെന്ന് എനിക്കൊരു കൗതുകമായിരുന്നു. നാട്ടിലായിരുന്നു ഇത്രയും വെളിമ്പ്രദേശങ്ങൾ ഉണ്ടായിരുന്നതെങ്കിൽ അതു കാടുകയറി നശിച്ചു പോകുമായിരുന്നല്ലോ എന്നു ഞാനോർത്തു. എന്നാൽ അതങ്ങനെ വെറുതേ സുന്ദരമായി നിൽക്കുന്നതല്ല, മുന്നു മാസം കൂടുമ്പോൾ കൃത്യമായി വെട്ടി നിർത്തുന്നതാണെന്നു പിന്നെ മനസ്സിലായി. ഒരുദിവസം വൈകിട്ട് ട്രാക്‌ടർ പോലൊരു വണ്ടി വന്നു. പിന്നിൽ കറങ്ങുന്ന ഒരു വലിയ ബ്ലേഡ്. പത്തു മിനിറ്റിനുള്ളിൽ ഒരു വലിയ പറമ്പിലെ പുല്ലു മുഴുവൻ കോതിമിനുക്കിയിട്ട് അത് അടുത്ത പറമ്പിലേക്കു നീങ്ങി. വെട്ടിയ പുല്ല് രണ്ടു ദിവസം അവിടെക്കിടന്ന് ചെറുതായി ഒന്നുണങ്ങി. അതുകഴിഞ്ഞപ്പോൾ മറ്റൊരു വണ്ടി വന്നു. അത് ഈ പുല്ല് വലിച്ചെടുത്ത് അടുക്കുകളാക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് അട്ടിയാക്കി വച്ചിട്ടു പോയി. പിന്നാലെ ഒരു ട്രക്ക് വന്ന് അതെല്ലാം അതിൽ കയറ്റിപ്പോയി. അടുത്ത തണുപ്പുകാലത്ത് പശുക്കൾക്കു കൊടുക്കാനായി ശേഖരിക്കുന്നതാണ്. എല്ലാറ്റിനും കൂടി ഒരാളെ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഏറ്റവും കൗതുകകരമായ കാര്യം. പിന്നെ പലപ്പോഴും കൃഷിയിടങ്ങളുടെ പരിസരങ്ങളിലൂടെ ഞാൻ സൈക്കിൾ ചവിട്ടി പോയിട്ടുണ്ട്. അപ്പോഴൊക്കെ പല തരം ട്രാക്‌ടറുകൾ നിലം ഉഴുന്നതും വിത്തു പാകുന്നതും കള പറിക്കുന്നതും വിളവെടുക്കുന്നതുമൊക്കെ കണ്ടു. 

   എല്ലാം ചെയ്യുന്നത് ഒരു യന്ത്രവും ഒരു മനുഷ്യനും മാത്രം. കുറഞ്ഞത് 20 ഹെക്‌ടറിലെങ്കിലും കൃഷി ഉണ്ടെങ്കിലേ അതു ലാഭകരമാവൂ എന്ന് അവിടെക്കണ്ട ഒരാൾ എന്നോടു പറഞ്ഞിരുന്നു. നമ്മളും മാറിച്ചിന്തിക്കാൻ കാലമായിരിക്കുന്നു.

സ്വിസ് വാച്ചുകളുടെ ചരിത്രം

ഒരു വാരാന്ത്യത്തിൽ പ്രഭാതഭക്ഷണത്തിനു ജനീവയിൽ നിന്നുള്ള എഴുത്തുകാരി ആനി ബ്രെക്കാർട്ടിന്റെ ഭർത്താവും എനിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹം ഒരു മനോരോഗ വിദഗ്ധനാണ്. എഴുപതിനടുത്ത് പ്രായം കാണണം. എന്നാൽ ചെറുപ്പക്കാരുടെ ചുറുചുറുക്കും കൗതുകവും വർത്തമാനവും.

എൽഎസ്ഡിയുടെ ചരിത്രം പറഞ്ഞപ്പോൾ യൂറോപ്പിൽ പലയിടത്തും ഇപ്പോഴതു മനോദൗബല്യത്തിനു മരുന്നായി കൊടുത്തു തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഇംഗ്ലിഷ് അത്ര വശമുണ്ടായിരുന്നില്ല. എന്നാൽ പരിമിതമായ ഭാഷാപരിചയം വച്ച് അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കു വാക്കുകൾ കിട്ടാതെ വരുമ്പോൾ ഭാര്യയോടു ചോദിച്ചു വാക്കുകൾ കണ്ടെത്തിയാണു സംസാരം. അതിൽ അദ്ദേഹത്തിനു ഒരു നാണക്കേടും ഉണ്ടായിരുന്നില്ല. ‘നിങ്ങൾക്ക് ഇംഗ്ലിഷ് അറിയില്ല എന്നതിനർത്ഥം നിങ്ങൾക്കു മറ്റൊരു ഭാഷ നന്നായി അറിയാം എന്നാണ്’ എന്നൊരു വാചകം തന്നെ ഉണ്ടല്ലോ. ഭാഷ ഗമ കാണിക്കാനുള്ളതല്ല, ആശയവിനിമയത്തിനുള്ളതാണ് എന്ന് ഈ യാത്രയിൽ ഉടനീളം എത്രയോ വട്ടം ഞാൻ മനസ്സിലാക്കി.

ഭക്ഷണം കഴിഞ്ഞാലുടൻ രണ്ടുപേരും കൂടി ഒരു നീണ്ട നടത്തത്തിനു പോകുന്നു. ജൂറ പർവതത്തിന്റെ മറുവശത്തെ തടാകക്കരയിൽ ചില റിസോർട്ടുകളുണ്ട്. അവിടെ ഒരു ദിവസത്തെ താമസമാണു ലക്ഷ്യം. ഇവിടെ വണ്ടിയുണ്ട് ഞാൻ കൊണ്ടുവിടാം എന്നൊരു മണ്ടത്തരം ഞാൻ വച്ചുകാച്ചി. അവിടെ പോകുക എന്നതല്ല, അവിടം വരെ കാട്ടിലൂടെയുള്ള അഞ്ചു മണിക്കൂർ നീളുന്ന നടത്തം ആസ്വദിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പിറ്റേന്ന് അഞ്ചു മണിക്കൂർ തിരിച്ചു നടന്ന് ഇവിടെ എത്തും. അങ്ങനെ കാടുകയറിപ്പോകുന്ന പല വൃദ്ധദമ്പതികളെയും ആ ദിവസങ്ങളിൽ ഞാൻ കണ്ടിരുന്നു. യൂറോപ്യന്മാർക്ക് നടത്തം ഒരു ഹരമാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ സൈക്കിൾ. ഗബ്രിയേല എന്ന എഴുത്തുകാരി ഇപ്പോൾ താമസിക്കുന്ന ഫ്രാൻസിലെ ഗ്രെനോബിൾ എന്ന പട്ടണത്തിൽ നിന്ന് 200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് വന്നിരിക്കുന്നത്. അൻപതു കഴിയുന്നതോടെ പ്രായമായി എന്നു പറഞ്ഞു വീട്ടിൽ ചടഞ്ഞിരിക്കുന്ന നമുക്കൊക്കെ അവരൊരു പാഠമാകേണ്ടതാണ്.

ആഹാരത്തിനിടെ ഡോക്ടർ ആ പ്രദേശങ്ങളുടെ ചരിത്രം പറഞ്ഞു. പണ്ട് ആഹാരത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്ന കാലം. കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങൾ, കാലാവസ്ഥ. തണുപ്പ് ആയാൽ പിന്നെ പറയുകയും വേണ്ട. വർഷത്തിൽ ആറുമാസക്കാലം മുറിയടച്ചിരിക്കേണ്ടി വന്നവർ കണ്ടുപിടിച്ചതാണ് വാച്ചു നിർമാണം. പഴയ സ്വിസ് വീടുകൾ ശ്രദ്ധിച്ചാലറിയാം വിശാലമായ ജനലുകൾ കാണാം. അത് സൂക്ഷ്‌മമായ വാച്ചുപണിക്കു വേണ്ടത്ര വെളിച്ചം കിട്ടുന്നതിനുവേണ്ടി നിർമിക്കപ്പെട്ടവയായിരുന്നു.

ആ കുടിൽവ്യവസായം മെച്ചപ്പെട്ടപ്പോൾ അവ കമ്പനികളായി ലുസാനിലേക്കും ജനീവയിലേക്കും മലയിറങ്ങിപ്പോയി. എന്നാൽ കുറച്ചുകാലത്തിനു മുൻപ് അവ വീണ്ടും മലകയറി വന്നു. പണ്ടുണ്ടായിരുന്ന കുടിൽ വ്യവസായത്തിന്റെ കഥ വിൽക്കുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നിൽ. പഴയ കഥകൾക്ക് എല്ലായിടത്തും വിൽപന മൂല്യമുണ്ടെന്ന് അവർക്കറിയാമായിരുന്നു. 

English Summary:

Sunday Special About Swiss Watches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com