ADVERTISEMENT

‘ടീച്ചറേ, ഒരു കുട്ടി ഉച്ചഭക്ഷണം കളഞ്ഞു...’ – പരാതിയുമായി എത്തിയ വിദ്യാർഥിയോടു ടീച്ചർ പറഞ്ഞു: ‘കോടതിയിലേക്കു പോകൂ’. ‘പരാതിക്കാരൻ’ നേരെ കോടതിയിലേക്കു പോയി. വക്കീലിനെ ഏർപ്പാടാക്കി. ചൂടേറിയ വാദങ്ങൾ‍ക്കു ശേഷം ജ‍‍ഡ്ജി വിധി പറഞ്ഞു: വിദ്യാർഥി ഉച്ചഭക്ഷണം കളഞ്ഞെന്നു കോടതിക്കു ബോധ്യപ്പെട്ടിരിക്കുന്നു. തെറ്റ് ആവർത്തിക്കരുത്. പരിഹാരമായി 3 പുസ്തകങ്ങൾ വായിച്ച് കുറിപ്പ് എഴുതിക്കൊണ്ടുവരണം!!

തിരുത്തലിന്റെ ബാലപാഠങ്ങൾ പഠിക്കാൻ‍ സ്കൂളിൽ കുട്ടികൾക്കു വേണ്ടിയുള്ള കുട്ടിക്കോടതി. കണ്ണൂർ കുറ്റ്യാട്ടൂർ കെഎകെഎൻഎസ്എ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്നാണ് ഈ കോടതി ഒരുക്കിയത്. കോടതി മാത്രമല്ല, പോസ്റ്റ് ഓഫിസും ബാങ്കും സ്റ്റാർട്ടപ് ഇൻക്യുബേഷൻ സെന്ററും കടയുമെല്ലാമുണ്ട് ഈ സ്കൂളിൽ. ഇവയുടെ പ്രവർത്തനങ്ങൾക്കായി ഒഴിവുള്ള സമയത്ത് ക്ലാസ്മുറികൾ തേടി വിദ്യാർഥികൾ അലയേണ്ടതില്ല. ഓരോ ‘സ്ഥാപനത്തിനും’ പ്രത്യേകം കെട്ടിടങ്ങളുണ്ട്. ഇവിടത്തെ ‘കുട്ടി’ ഉദ്യോഗസ്ഥർക്കു ശമ്പളവും യൂണിഫോമുമുണ്ട്. ഇത്തരമൊരു സംരംഭം സംസ്ഥാനത്തു തന്നെ ആദ്യം. ഈ വർഷത്തെ ഇന്നവേറ്റീവ് സ്കൂൾ അവാർഡിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി.

സെൽഫ് സസ്റ്റെയ്നിങ് സ്കൂൾ ഇക്കോ സിസ്റ്റം

പഠിച്ച പാഠങ്ങളുടെ നേരനുഭവം വിദ്യാർഥികൾക്കു നൽകുകയെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ അധ്യയനവർഷം ആരംഭിച്ച പദ്ധതിയാണ് സ്കൂൾ പോസ്റ്റ് ഓഫിസ്. അതിന് അധ്യാപകരും രക്ഷിതാക്കളും പേരിട്ടു: അതിജീവനത്തിന്റെയും നിലനിൽപിന്റെയും പഠനകേന്ദ്രം (സെൽഫ് സസ്റ്റെയ്നിങ് സ്കൂൾ ഇക്കോ സിസ്റ്റം).

സ്കൂൾ കടയിൽ എല്ലാമുണ്ട്

കുട്ടിക്കർഷകരെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ പദ്ധതിയാണ് സ്കൂൾ കട. കുട്ടികൾ വീട്ടിൽ കൃഷിചെയ്തുണ്ടാക്കുന്നവ വിൽക്കാൻ സ്കൂളിൽ ഒരിടം. 10 പയർ, 3 തക്കാളി എന്നിങ്ങനെ കൊച്ചുകൊച്ചു സഞ്ചികളിലാക്കി കുട്ടികൾ കടയിലെത്തും. കട നടത്തിപ്പുകാർ തൂക്കം നോക്കി വിപണിവില നൽകും. വൈകിട്ടു വീട്ടിലേക്കു പോകുമ്പോൾ കടയിൽനിന്നു പച്ചക്കറി വാങ്ങാം. നാട്ടുകാർക്കും സ്കൂൾ കടയെ ആശ്രയിക്കാം. പച്ചക്കറികൾ കൂടാതെ, കുട്ടികളുണ്ടാക്കുന്ന കടലാസുപേന, സോപ്പ്, ഫാൻസി ആഭരണങ്ങൾ എന്നിവയും കടയിലുണ്ട്.

പോസ്റ്റ് ചെയ്യാൻ മറക്കല്ലേ

കുട്ടികൾക്കു പഠനത്തോടൊപ്പം, സ്കൂളിൽത്തന്നെ ജോലിയും ജോലിക്കു മികച്ച വേതനവും ഏർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് ഓഫിസ് തുടങ്ങിയത്. പിഎസ്‌സി പരീക്ഷാ മാതൃകയിൽ ഒഎംആർ ഷീറ്റിൽ പൊതുപരീക്ഷയും അഭിമുഖവും നടത്തിയാണ് പോസ്റ്റ് ഗേളിനെയും പോസ്റ്റ് ബോയിയെയും നിയമിക്കുന്നത്. ഈ പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനങ്ങൾ ഇഷ്ടമായ പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ ഒരു തപാൽ ബോക്സ് സ്കൂളിനു സമ്മാനിച്ചു. ഇതോടെ സ്കൂളിനകത്തു മാത്രമല്ല, പുറത്തേക്കും കത്തുകൾ അയയ്ക്കാമെന്നായി. സ്റ്റാഫ് ഫണ്ടിൽ നിന്നാണു ‘കുട്ടി ജീവനക്കാർ’ക്കു ശമ്പളം നൽകുക. മാസംതോറും 10 രൂപയുടെ ശമ്പളവർധനയുമുണ്ട്.

പ്രത്യേക യൂണിഫോമും തൊപ്പിയും ധരിച്ചാണ് ഇവർ ജോലിയുള്ള ദിവസം സ്കൂളിലെത്തുക. ആഴ്ചയിൽ 2 ദിവസമാണു ജോലി. അധ്യാപകരും കുട്ടികളും സ്കൂളിലെ പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്ന കത്തുകൾ തരംതിരിച്ച് ‘സ്വീകർത്താവിന് ’ നൽകണം. അറിയിപ്പുകൾ, മാതാപിതാക്കൾ അയയ്ക്കുന്ന കത്തുകൾ തുടങ്ങിയവയും തപാൽ വഴി സ്വീകർത്താവിന്റെ കയ്യിലെത്തിക്കും. പിറന്നാൾ സമ്മാനങ്ങളും മറ്റും സ്കൂൾ പോസ്റ്റ്‌ ഓഫിസ് കുറിയർ വഴി വിതരണം ചെയ്യാം.

school-postoffice
കത്തിവിടെ.. സ്കൂളിലെ പോസ്റ്റ് ഓഫിസിൽ കത്ത് പോസ്റ്റ് ചെയ്യാനെത്തിയ കുട്ടികൾ.

കുട്ടിച്ചെക്ക്

സ്കൂൾ ബാങ്കിൽ കുട്ടികൾക്കു പണം നിക്ഷേപിക്കാം, പിൻവലിക്കാം. ഇതിനു ഫോമുകളും ചെക്ക് ലീഫുമൊക്കെയുണ്ട്. പഠനവായ്പയും ഇവിടെനിന്നു ലഭിക്കും. എൽപി വിദ്യാർഥികൾക്ക് 150 രൂപയും യുപി വിദ്യാർഥികൾക്ക് 250 രൂപയുമാണു വായ്പ. വീട്ടിൽ കൃഷിചെയ്തുണ്ടാക്കുന്നവ സ്കൂൾ കടയിൽ വിറ്റുകിട്ടുന്ന കാശുകൊണ്ടു വേണം വായ്പ അടയ്ക്കാൻ. ഈ നിബന്ധനയിൽ ഒപ്പിട്ടാലേ വായ്പ കിട്ടൂ. ബാങ്കിൽ എടിഎം സൗകര്യവുമുണ്ട്. അസിസ്റ്റന്റ് മാനേജർ, കാഷ്യർ, ക്ലാർക്ക്... ബാങ്കിലുമുണ്ട് കുട്ടി ജീവനക്കാർ; ഇവർക്കും ശമ്പളമുണ്ട്.

സംരംഭകർ പിന്നാലെ

സ്കൂൾ ബാങ്കിനൊപ്പം ആരംഭിച്ചതാണ് സ്റ്റാർട്ടപ് ഇൻക്യുബേഷൻ സെന്റർ. കുട്ടികളിലെ സംരംഭക ആശയങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, സ്കൂൾ ബാങ്കിന്റെ സഹായത്തോടെ സംരംഭം തുടങ്ങാൻ പ്രാപ്തരാക്കുക എന്നിവയാണ് സ്റ്റാർട്ടപ് ഇൻക്യുബേഷൻ സെന്റർ ചെയ്യുന്നത്. ഇതിലൂടെ ഒരുവർഷം 100 കുട്ടികൾക്കു സ്വയംതൊഴിൽ പഠിക്കാം. സോപ്പുനിർമാണം, പേനനിർമാണം, ആഭരണനിർമാണം തുടങ്ങി പ്രതിവർഷം 5 സ്റ്റാർട്ടപ്പുകൾ തുടങ്ങാം. 20 പേരടങ്ങുന്ന ഗ്രൂപ്പിനാണ് അവസരം.

English Summary:

Sunday Special about Kuttiattoor School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com