വേദനകൾതാണ്ടി മന്ദസ്മിതം
Mail This Article
ജനിച്ചിട്ടില്ലാത്ത, മുഖം പോലും കാണാത്ത, തന്റെയുള്ളിലുള്ള കുരുന്നുജീവനുവേണ്ടി ഏതു വേദനയും ഏറ്റെടുക്കാൻ സ്മിത തയാറായിരുന്നു. പ്ലാസന്റ, ഗർഭപാത്രത്തോടു കൂടുതൽ ചേർന്നിരിക്കുന്ന ‘പ്ലാസന്റ ഇൻക്രീറ്റ’ എന്ന അവസ്ഥയിലായിരുന്നു സ്മിത. അന്ന് ആ കുരുന്നു ജീവനു വെറും 28 ദിവസം മാത്രം പ്രായം.
അബോർഷൻ നടത്തി അമ്മയുടെ ജീവനെങ്കിലും സുരക്ഷിതമാക്കണം എന്നായിരുന്നു ഡോക്ടർമാർ നൽകിയ നിർദേശം. എന്നാൽ സ്മിത അതിനു തയാറായിരുന്നില്ല. ജീവൻ പറിച്ചെടുക്കുന്ന വേദനകൾ താണ്ടി കൊടുമൺ തട്ട പാറക്കര ചൈതന്യജ്യോതിയിൽ സ്മിത നേടിയെടുത്ത ദേവ് ജ്യോതിക്ക് ഇന്ന് വയസ്സ് 9. ഒരമ്മയുടെ പോരാട്ടവീര്യത്തിന്റെ നിത്യസ്മാരകം.
‘പ്ലാസന്റ ഇൻക്രീറ്റ’ എന്ന അവസ്ഥമൂലം സ്മിതയുടെ ഗർഭപാത്രത്തിനു ചെരിവുണ്ടായിരുന്നു. അഞ്ചാം മാസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് അറിയിച്ചു. പ്രസവത്തിനു സങ്കീർണതകൾ ഉണ്ടാകുമെന്നും ഡോക്ടർമാർ മുൻകൂട്ടി പറഞ്ഞു. ആറാം മാസം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. കുട്ടി ആരോഗ്യവാനായിരുന്നെങ്കിലും കൂടുതൽ ശ്രദ്ധകിട്ടുന്നതിനായി എൻഐസിയുവിലേക്കു മാറ്റി.
പക്ഷേ ഡോക്ടർമാർ അന്ന് മുൻകൂട്ടി പറഞ്ഞ ദുരിതാവസ്ഥയിലേക്കായിരുന്നു സ്മിത കടന്നുചെന്നത്. സിസേറിയനുശേഷം രണ്ടു ഞരമ്പുകളിൽനിന്നുള്ള രക്തസ്രാവം നിലച്ചില്ല. ഇതുമൂലം ഓപ്പറേഷനുശേഷം വയർ തുന്നിക്കെട്ടിയില്ല. പിന്നീട് ഒരാഴ്ച നീണ്ടുനിന്ന സങ്കീർണ ശസ്ത്രക്രിയകൾ. പ്ലേറ്റലറ്റും പ്ലാസ്മയും ആർബിസിയും വേർതിരിച്ച് 135 കുപ്പി രക്തമാണ് സ്മിതയുടെ ശരീരത്തിൽ കയറ്റിയത്. സന്നദ്ധപ്രവർത്തകർ വഴി ദാതാക്കളെ കണ്ടെത്തി. പിന്നീട് ഞരമ്പുകൾ കരിച്ച് രക്തസ്രാവം കുറയ്ക്കാനുള്ള ശ്രമങ്ങളിലേക്ക് ഡോക്ടർമാർ തിരിഞ്ഞു. വീണ്ടും ശസ്ത്രക്രിയ നടത്തി.
ഇടയ്ക്കിടെ ബോധം തെളിയുമ്പോൾ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ സ്മിത ശ്രമിച്ചിരുന്നു. ചിലപ്പോൾ ഭ്രാന്തമായി നിലവിളിക്കും. മുറിവിന്റെ തുന്നലുകൾ പൊട്ടാതിരിക്കാൻ കൈകാലുകൾ കട്ടിലുമായി കൂട്ടിക്കെട്ടേണ്ടിവന്നു. കാലിലെ ഞരമ്പു വലിഞ്ഞ് വേദന മുറുകിയ ദിനങ്ങളായിരുന്നു അത്. ഇന്നും ആ വേദനയുടെ ശേഷിപ്പുകൾ സ്മിതയുടെ ശരീരത്തിലുണ്ട്.
അബോധാവസ്ഥയിലായിരുന്ന സ്മിതയ്ക്ക് 20–ാം ദിവസമാണ് ബോധം തെളിഞ്ഞത്. പിന്നീട് ജീവിതത്തിലേക്ക് പതിയെ നടന്നുകയറിയതിന്റെ ഓർമകൾ മാത്രം. വൈദ്യശാസ്ത്രത്തിനെ തന്നെ അദ്ഭുതപ്പെടുത്തിയാണ് സ്മിത ജീവിതം തിരിച്ചുപിടിച്ചതെന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോ.ബി.പ്രസന്നകുമാരി പറയുന്നു. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയയും മറ്റു ചികിത്സകളും നടത്തിയത്. തുടർചികിത്സ അടൂർ ലൈഫ്‌ലൈനിലും. ഇന്ന് ദേവ് ജ്യോതിക്കും മൂത്ത മകൻ ധ്യാൻ ജ്യോതിക്കും ഭർത്താവ് കൊടുമൺ തട്ട പാറക്കര ചൈതന്യജ്യോതിയിൽ ജ്യോതിഷ് കുമാറിനുമൊപ്പം സ്മിത തന്റെ കൊച്ചു സംരംഭവുമായി മുന്നോട്ടുപോവുകയാണ്.