ADVERTISEMENT

ചെറിയൊരു കുളം. തുടങ്ങുമ്പോൾ അത്രയേ മനസ്സിലുണ്ടായിരുന്നുള്ളു. വെള്ളം കിട്ടാതെ വന്നപ്പോൾ പിന്നെയും പിന്നെയും കുഴിച്ചു. പക്ഷേ പണി തീർന്നപ്പോൾ 100 പടവുകളുള്ള കൂറ്റൻ കുളം. കണ്ടിട്ടും കണ്ടിട്ടും ക്ഷേത്ര കമ്മിറ്റിക്കും നിർമാണം ഒറ്റയ്ക്ക് ഏറ്റെടുത്ത വി.കെ.വിനീഷിനും വിശ്വസിക്കാനായില്ല. കാസർകോട് നീലേശ്വരം പൂവാലംകൈ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിലെ 16 മീറ്റർ താഴ്ചയുള്ള തീർഥക്കുളം ഒറ്റയ്ക്കു പണിത വിനീഷ് അങ്ങനെ നാടിന്റെ ‘വാട്ടർ മാൻ’ ആയി. 

ക്ഷേത്രത്തിൽ സ്വർണ പ്രശ്നം വച്ചപ്പോഴാണ് കുളം നിർമിക്കണം എന്ന് തെളിഞ്ഞത്. ക്ഷേത്ര ഭരണസമിതി വിശ്വാസപൂർവം നൽകിയ ചുമതല കാര്യങ്കോട് ചാത്തമത്ത് സ്വദേശിയായ വിനീഷ് ഏറ്റെടുക്കുകയായിരുന്നു. ക്ഷേത്രങ്ങളിൽ പ്രദക്ഷിണ വഴികളിലും വീടുകളിലും കല്ലുപാകി പരിചയമുണ്ടെങ്കിലും കുളം നിർമിച്ച് പരിചയമുണ്ടായിരുന്നില്ല. പിന്നീട് പല ക്ഷേത്രങ്ങളിലും പോയി കുളങ്ങൾ കണ്ട് ഡിസൈൻ തയാറാക്കിയതും കല്ലുകൾ ചേർത്ത് പടവുകൾ കെട്ടിയതുമെല്ലാം വിനീഷ് തനിച്ചാണ്. 

2022 ഫെബ്രുവരിയിൽ വെട്ടുകല്ല് ഉപയോഗിച്ച് തുടങ്ങിയ നിർമാണം ഒരു വർഷം കൊണ്ട് പൂർത്തിയായപ്പോൾ ആകെ താഴ്ച 16 മീറ്റർ. 40 മീറ്റർ നീളം, 30 മീറ്റർ വീതി. ഉപയോഗിച്ചത് ഒരു ലക്ഷം വെട്ടുകല്ലുകൾ. ക്ഷേത്ര ഭരണ സമിതി ചെലവഴിച്ചത് 80 ലക്ഷത്തോളം രൂപ. മിനുസപ്പെടുത്തിയ ചെങ്കല്ലുകൾ സിമന്റ് ഉപയോഗിക്കാതെ ഇന്റർലോക് രീതി ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. നിർമാണ സ്ഥലത്തേക്ക് കല്ല് എത്തിക്കാനും മിനുസപ്പെടുത്താനും കല്ലുകൾ എടുത്തു വയ്ക്കുന്നതിൽ സഹായിക്കാനും ആദ്യം പണിക്കാർ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ജോലിക്കാരെ ആവശ്യത്തിനും സമയത്തും കിട്ടാതായപ്പോൾ മിനുസപ്പെടുത്തിയ കല്ലുകൾ എത്തിച്ച് മറ്റ് ജോലികളും ഒറ്റയ്ക്കു ചെയ്തു. 

‘മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്താണ് നിർമാണം തുടങ്ങിയത്. പണി തുടങ്ങി താഴേക്ക് പോകുന്തോറും ആഴത്തിൽ കുഴിച്ചിട്ടും വെള്ളമില്ല. 14 മീറ്ററോളം താഴേക്കു പോയപ്പോൾ പെട്ടെന്നതാ നിറയെ വെള്ളം. കാസർ‌കോട് ജില്ലയിലെ കാര്യങ്കോട് പുഴയുടെ ആഴമേറിയ ഭാഗത്തിന്റെ അത്രയും താഴ്ച വരും ഇപ്പോൾ കുളത്തിന്.’– വിനീഷ് പറഞ്ഞു. 

‘ഇപ്പോൾ ക്ഷേത്രക്കുളത്തിനു സമീപത്തെ വീടുകളിലെ കിണറുകളിലും ജലനിരപ്പ് ഉയർന്നു. സോപ്പ് ഉപയോഗിക്കാതെ കുളിക്കാൻ ക്ഷേത്രം അധികാരികൾ ആളുകളെ അനുവദിക്കുന്നുണ്ട്. വെട്ടുകല്ലിന്റെ വിടവിലൂടെ നല്ല ഉറവയുണ്ട് കുളത്തിലേക്ക്. വേനലിൽ 25 പടവ് വരെ എത്തിനിന്ന വെള്ളം മഴ പെയ്തതോടെ ഇപ്പോൾ 70 പടവിലെത്തി. നിർമാണം കയ്യടി നേടിയതോടെ വിവിധ ക്ഷേത്രങ്ങളിൽ നിന്നടക്കം കുളം നിർമിക്കണമെന്ന ആവശ്യവുമായി വിനീഷിനെ തേടിയെത്തുന്നു. 

English Summary:

Historical temple pools Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com