ആളു മാറി; തിരച്ചിൽ പട്ടികയിൽ യുഎസ് വനിതയുടെ ചിത്രം
Mail This Article
കൊളംബോ ∙ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്നവരുടെ കൂട്ടത്തിൽ യുഎസ് വനിതയുടെ ചിത്രം തെറ്റായി ഉൾപ്പെടുത്തി ശ്രീലങ്കൻ പൊലീസ് നാണം കെട്ടു. തിരയുന്നവരുടെ പട്ടികയിലുള്ള 3 സ്ത്രീകളിലൊരാളായ ഫാത്തിമ ഖദിയ എന്ന പേരിൽ പൊലീസ് ട്വിറ്ററിൽ പുറത്തുവിട്ടത് അമാറ മജീദ് എന്ന യുഎസ് മുസ്‌ലിം ആക്ടിവിസ്റ്റിന്റെ ചിത്രമാണ്. ഇവരുടെ മാതാപിതാക്കൾ ശ്രീലങ്കൻ വംശജരാണ്. 2015 ൽ ഡോണൾഡ് ട്രംപ് മുസ്‌ലിംകളെക്കുറിച്ചു നടത്തിയ പരാമർശങ്ങളുടെ പേരിൽ തുറന്ന കത്ത് എഴുതി അമാറ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്വിറ്ററിലൂടെ അമാറ തന്നെയാണു തെറ്റ് ചൂണ്ടിക്കാട്ടിയത്. അബദ്ധം പറ്റിയതായി ശ്രീലങ്കൻ പൊലീസ് വക്താവ് സമ്മതിച്ചു. പിന്നാലെ ശ്രീലങ്ക പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടും അപ്രത്യക്ഷമായി.
ബട്ടിക്കലോവയ്ക്ക‍് സമീപം സ്ഫോടനം; ഏറ്റുമുട്ടൽ
കൊളംബോ ∙ കിഴക്കൻ ശ്രീലങ്കയിലെ ബട്ടിക്കലോവയ്ക്കു സമീപം പരിശോധന തടയാൻ ശ്രമിച്ച സംഘവും സൈന്യവുമായി ഏറ്റുമുട്ടൽ. ഒരു സ്ഥലത്തു സ്ഫോടനമുണ്ടായതറിഞ്ഞ് സൈന്യമെത്തിയപ്പോൾ ചിലർ സംഘം ചേർന്നു തടയുകയായിരുന്നു. ഏറ്റുമുട്ടലിൽ മരണമുണ്ടോ എന്നു വ്യക്തമല്ല.
ടൂറിസം നഷ്ടം 150 കോടി ഡോളർ
കൊളംബോ ∙ ഈ വർഷം ശ്രീലങ്കയിൽ ടൂറിസം രംഗത്ത് 150 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നു ധനമന്ത്രി മംഗള സമരവീര. ടൂറിസ്റ്റുകളുടെ വരവിൽ 30 % ഇടിവുണ്ടായേക്കും. 500 കോടി ഡോളറായിരുന്നു ഈ വർഷത്തെ വരുമാനപ്രതീക്ഷ.
ലങ്ക സ്ഫോടനം: കേരളത്തിലും അന്വേഷണം
തിരുവനന്തപുരം ∙ ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ കേരള പൊലീസും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും അന്വേഷണം ശക്തമാക്കി. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവിടെയുള്ള തമിഴ് വംശജർക്കോ മലയാളികൾക്കോ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കും. ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പിന്റെ കൂടി അടിസ്ഥാനത്തിലാണിത്.
തമിഴ്നാട് ആസ്ഥാനമായുള്ള ചില തീവ്രവാദ ഗ്രൂപ്പുകൾ 2016 മുതൽ സമൂഹമാധ്യമങ്ങളിൽ ശ്രീലങ്കയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ നടത്തിയിരുന്നു. സ്ഫോടനശേഷം ഐഎസ് പ്രചരിപ്പിക്കുന്ന വിഡിയോ എന്ന നിലയിൽ ചില ദൃശ്യങ്ങൾ ഇവർ വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. അതിൽ മലയാളി സംഘങ്ങൾ ഉള്ളതായി ഇതുവരെയുള്ള കണ്ടെത്തിയിട്ടില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരള പൊലീസിന്റെ സൈബർ ഡോമും അന്വേഷണം നടത്തുന്നുണ്ട്. മുൻപു കോയമ്പത്തൂർ സ്ഫോടനം ഉണ്ടായപ്പോൾ അതിനെ പ്രകീർത്തിച്ച ചില സംഘങ്ങളുടെ ഫെയ്സ്ബുക് അക്കൗണ്ട് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
തമിഴ്നാട്ടിലും കർണാടകയിലും കർശന സുരക്ഷ
ചെന്നൈ / ബെംഗളൂരു ∙ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷനുകളിൽ കർശന സുരക്ഷ. ചെന്നൈ സെൻട്രൽ, എഗ്മൂർ, തിരുച്ചിറപ്പള്ളി, മധുര സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധന നടത്തി.
ബെംഗളൂരുവിലെ ഹോട്ടലുകൾ, മാളുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗതാഗത സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും നിർദേശിച്ചു. സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുള്ളവർക്കു മാത്രമേ ഹോട്ടലുകളിലും ലോഡ്ജുകളിലും പ്രവേശനം അനുവദിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.