കോവിഡിൽനിന്ന് ജീവിതം തിരിച്ചുപിടിക്കണം, ‘ഓവർടൈം’ ചെയ്ത് വുഹാൻ
Mail This Article
ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ ഇപ്പോൾ ആശ്വാസത്തിലാണ്. വുഹാനിലെ സ്ഥിതിയെക്കുറിച്ച് ചൈനീസ് അക്കാദമി ഓഫ് സയൻസസിൽ ഗവേഷണ വിദ്യാർഥിനിയായ അനില അജയൻ എഴുതുന്നു.
വുഹാനിൽ ഞാനടക്കം കോവിഡ് പരിശോധനയ്ക്കു വിധേയരായിട്ടു ദിവസങ്ങളേയായിട്ടുള്ളൂ. എനിക്കും ഞാനറിയുന്ന ആർക്കും രോഗമില്ലെന്നായിരുന്നു ഫലം. രോഗലക്ഷണമില്ലാത്തവരടക്കം എല്ലാവരെയും ചേർത്ത് കൂട്ട പരിശോധനയായിരുന്നു. 19 ദിവസം കൊണ്ട് ഒരുകോടി ആളുകളെയാണ് പരിശോധിച്ചത്.
ഈ കൂട്ടപരിശോധനയിൽ കോവിഡ് കണ്ടെത്തിയത് 300 പേർക്കു മാത്രം. ഇവരോട് അടുത്തിടപഴകിയ രണ്ടായിരത്തോളം പേർക്കു രോഗമില്ല. രോഗസാധ്യത തിരിച്ചറിഞ്ഞു രോഗികളും അല്ലാത്തവരും എടുക്കുന്ന മുൻകരുതലിന്റെ ഫലമാണിത്. രോഗബാധിതരെയും രോഗസാധ്യതയുള്ളവരെയും ഫെബ്രുവരി അവസാനത്തോടെ തന്നെ ചൈന ആശുപത്രികളിലേക്കു മാറ്റിയിരുന്നു. ഹോം ഐസലേഷൻ അനുവദിക്കാത്തതു വ്യാപനം കുറയാൻ സഹായിച്ചു.
നമ്മുടെ നാട്ടിലെ റസിഡൻസ് അസോസിയേഷനുകളെ പോലെ ഇവിടെ കമ്യൂണിറ്റികളാണ്. ഓരോ കമ്യൂണിറ്റുകളും കേന്ദ്രീകരിച്ചു വീടുവീടാന്തരം നടത്തിയ പരിശോധനയും ഫലപ്രദമായിരുന്നു. ഇതിന് ആരോഗ്യപ്രവർത്തകർ മാത്രമായിരുന്നില്ല. വൊളന്റിയർമാരുമുണ്ടായിരുന്നു. പിന്നൊന്ന്, പ്രതിരോധശേഷി കൂട്ടാൻ സ്വീകരിച്ച നടപടികളാണ്. ഇതിനുള്ള പരമ്പരാഗത മരുന്നുകളുടെ സൗജന്യ വിതരണം വ്യാപകമായി നടത്തി. ഞാനടക്കം ഇതുപയോഗിക്കുന്നുണ്ട്. വുഹാന്റെ സാധാരണ ജീവിതവും കോവിഡ് കാലവും ഇപ്പോഴത്തെ പുതുജീവിതവും കാണാൻ കഴിഞ്ഞു. ഒരുപാടു മാറ്റങ്ങളിലൂടെ, നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം എവിടെയും ദൃശ്യമാണ്.
ഇപ്പോൾ, ചൈനയിലുള്ളവരുടെ മൊബൈൽ ഫോണുകളിലേക്കു വൈകുന്നേരം പ്രത്യേക മെഡിക്കൽ ബുള്ളറ്റിൻ എത്തും. ഇന്ന് എത്ര പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും മറ്റുമുള്ള വിവരങ്ങൾ. ഒപ്പം, ജാഗ്രതാ നിർദേശങ്ങളും. പുതിയ ലോകക്രമത്തിൽ മുൻകരുതലുകളെടുക്കാനും ആശ്വാസത്തോടെ പുറത്തിറങ്ങാനും ഓവർടൈം ജോലി ചെയ്യാനും പ്രേരിപ്പിക്കുന്നത് അതാണ്. നികുതി ഇളവും ജോലി നഷ്ടപ്പെട്ടവർക്കുള്ള പ്രത്യേക പദ്ധതികളും വഴി ആശ്വാസമെത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
English Summary: Wuhan fighting to bring life normal