ഇമ്രാൻ ഖാൻ വിശ്വാസവോട്ട് നേടി
Mail This Article
ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിൽ വിശ്വാസ വോട്ടു നേടി. പ്രസിഡന്റ് ആരിഫ് അലവിയുടെ നിർദേശപ്രകാരം വിളിച്ചു കൂട്ടിയ ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പു പ്രതിപക്ഷം ബഹിഷ്കരിച്ചു. 342 അംഗ സഭയിൽ ഇമ്രാൻ ഖാൻ 178 വോട്ട് നേടി. കേവലഭൂരിപക്ഷത്തിനു വേണ്ടത് 172.
പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്കു കഴിഞ്ഞ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ കക്ഷിക്കു ഭൂരിപക്ഷം നേടാനാവാതെ പോയ സാഹചര്യത്തിലാണു വിശ്വാസവോട്ട് നടന്നത്. ധനമന്ത്രി അബ്ദുൽ ഹനീഫ് ഷെയ്ഖ് സെനറ്റിൽ പരാജയപ്പെട്ടതും തിരിച്ചടിയായി.
11 പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ പാക്കിസ്ഥാൻ ഡമോക്രാറ്റിക് മൂവ് മെന്റ് (പിഡിഎം) ഇമ്രാന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. ഇമ്രാൻ ഖാന്റെ കൂട്ടുകക്ഷി സർക്കാരിൽ 181 അംഗങ്ങളാണുള്ളത്. ഒരു എംപി രാജിവച്ചതോടെ 180 ആയി. ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിനു (പിടിഐ) 156 എംപിമാരുണ്ട്.
English Summary: Imran Khan wins trust vote