ചൊവ്വയിൽ ‘ടെസ്റ്റ് ഡ്രൈവ്’ നടത്തി പെഴ്സിവീയറൻസ്
Mail This Article
ലൊസാഞ്ചലസ് ∙ എന്നോ അപ്രത്യക്ഷമായ തടാകത്തിന്റെ ശേഷിപ്പുകളിൽ ചക്രപ്പാടുകൾ വീഴ്‌ത്തി, ചെന്നിറങ്ങിയതിന്റെ മൂന്നാം വാരം നാസയുടെ പെഴ്സിവീയറൻസ് പര്യവേക്ഷണ വാഹനം ചൊവ്വ ഗ്രഹത്തിൽ ‘ടെസ്റ്റ് ഡ്രൈവ്’ നടത്തി. ജെസീറോ ക്രേറ്റർ എന്ന 49 കിലോമീറ്റർ വ്യാപ്തിയുള്ള തടാകതടത്തിൽ 33 മിനിറ്റുകൊണ്ട് 6.5 മീറ്റർ സഞ്ചരിച്ചാണു പെഴ്സിവീയറൻസ് ദൗത്യത്തിലേക്കുള്ള നിർണായകകടമ്പ കടന്നത്. നാലു മീറ്റർ മുന്നോട്ടു നീങ്ങിയ പര്യവേക്ഷണ വാഹനം 150 ഡിഗ്രി ഇടത്തേക്കു തിരിഞ്ഞ ശേഷം രണ്ടര മീറ്റർ പിന്നോട്ടു മാറി പാർക്ക് ചെയ്തു. ഇനിയുള്ള യാത്ര ഇവിടെ നിന്നാകും ആരംഭിക്കുക.
ഫെബ്രുവരി 18നു ചൊവ്വയിലിറങ്ങിയതു മുതൽ സ്വയംപരിശോധനകളും സോഫ്റ്റ്‍വെയർ അപ്ഡേറ്റുമെല്ലാം തുടർന്നുവന്ന പെഴ്സിവീയറൻസ് കഴിഞ്ഞയാഴ്ച അതിന്റെ റോബോട്ടിക് കൈകൾ വിടർത്തി യാത്രയ്ക്കു തയാറെടുത്തു. ടെസ്റ്റ് ഡ്രൈവ് കൂടി പൂർത്തിയാക്കിയതോടെ ഇനി ദൗത്യം ആരംഭിക്കും. വാഹനത്തിലെ വിവിധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പരീക്ഷണമെന്ന നിലയ്ക്ക് ടെസ്റ്റ് ഡ്രൈവ് വിജയം നിർണായകമാണെന്നും ഇനിയുള്ള 2 വർഷം ശാസ്ത്രം നയിക്കുന്ന വഴികളിലൂടെയെല്ലാം സഞ്ചരിക്കാൻ പെഴ്സിവീയറൻസ് ഒരുങ്ങിക്കഴിഞ്ഞെന്നും നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി സിസ്റ്റംസ് എൻജിനീയർ അനെയ്സ് സെറിഫിയൻ പറഞ്ഞു.
കാറിന്റെ വലുപ്പവും 6 ചക്രങ്ങളുമുള്ള പെഴ്സിവീയറൻസ് ദിവസേന ശരാശരി 200 മീറ്റർ വീതം സഞ്ചരിച്ച് ചൊവ്വയിലെ ജീവന്റെ സാന്നിധ്യം മുതൽ കാലാവസ്ഥാചരിത്രം വരെ പഠനവിഷയമാക്കും.
English Summary: Perseverance rover test drive in mars