യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്: ട്രംപിനു വേണ്ടി ഇത്തവണയും പുടിൻ
Mail This Article
വാഷിങ്ടൻ ∙ ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തന്നെ മേൽനോട്ടം വഹിച്ചിരിക്കാമെന്ന് യുഎസ് ഇന്റലിജൻസിന്റെ പുതിയ റിപ്പോർട്ട്. അടിസ്ഥാനരഹിതമായ ആരോപണമെന്നാണ് റഷ്യയുടെ പ്രതികരണം.
തിരഞ്ഞെടുപ്പുഫലം ട്രംപിന് അനുകൂലമാക്കാനുളള ശ്രമങ്ങൾ നടന്നതു പുടിന്റെ അറിവോടെയാണെന്നാണു നാഷനൽ ഇന്റലിജൻസ് ഡയറക്ടർ അവ്റിൽ ഹെയ്നസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. റഷ്യയ്ക്കെതിരെ ജോ ബൈഡൻ ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയായി നറുക്കുവീഴും മുൻപുതന്നെ ജോ ബൈഡനെതിരെ തെറ്റായ വിവരങ്ങൾ പറഞ്ഞു പരത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിന്റെ പ്രചാരണസംഘം ഉദ്യോഗസ്ഥരെ റഷ്യൻ സർക്കാർ സ്വാധീനിച്ചെന്നാണു റിപ്പോർട്ട്.
ബൈഡനും മകനുമെതിരെ യുക്രെയ്നിൽ അഴിമതിക്കേസ് അന്വേഷണത്തിനായി ട്രംപ് ശ്രമം നടത്തിയതിനു പിന്നിൽ ആൻഡ്രി ദെർകാച്ചിനെപ്പോലെ റഷ്യയുടെ പിന്തുണയുള്ള ഏതാനും യുക്രെയ്ൻ രാഷ്ട്രീയ നേതാക്കളാണ്. ട്രംപ് വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ ഇറാന്റെ പരോക്ഷ ഇടപെടലുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. രണ്ടാം തവണയാണു ട്രംപിനു വേണ്ടി പുടിൻ കളത്തിലിറങ്ങുന്നത്. 2016 ൽ ആദ്യം മത്സരിച്ചപ്പോഴും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.