ഗനി രാജ്യം വിട്ടത് കെട്ടുകണക്കിന് ഡോളറുമായി
Mail This Article
മോസ്കോ ∙ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് കെട്ടുകണക്കിനു ഡോളറുമായി എന്നു റിപ്പോർട്ട്. 4 കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നു കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പണം മുഴുവൻ കോപ്റ്ററിൽ കയറ്റാനായില്ലെന്നും ബാക്കി ഉപേക്ഷിച്ചുവെന്നും വാർത്തയിൽ പറയുന്നു.
രക്തച്ചൊരിച്ചിൽ തടയാൻ രാജ്യം വിട്ടു: അഷ്റഫ് ഗനി
കാബൂൾ ∙ രക്തപ്പുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. താലിബാൻ കാബൂളിലേക്ക് ഇരച്ചുകയറിയതോടെയാണ് ഞായറാഴ്ച ഗനി രാജ്യം വിട്ടത്.
‘താലിബാൻ എന്നെ സ്ഥാനഭ്രഷ്ടനാക്കാനും കാബൂൾ ആക്രമിക്കാനുമാണ് ലക്ഷ്യമിട്ടത്. അതിനെക്കാൾ നല്ലത് രാജ്യം വിട്ടുപോകുന്നതാണെന്ന് ഞാൻ തീരുമാനിച്ചു’. – ഗനി പറഞ്ഞു.
തോക്കും വാളും കൊണ്ടാണ് താലിബാൻ ജയിച്ചത്. ജനങ്ങളുടെ ഹൃദയം കീഴടക്കിയിട്ടില്ല. ജനങ്ങളുടെ അഭിമാനവും സമ്പത്തും ജീവിതവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം താലിബാനുണ്ട്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർ പരസ്യമാക്കണമെന്നും ഗനി പറഞ്ഞു. 2014 സെപ്റ്റംബറിലാണ് ഗനി അധികാരമേറ്റത്.
English Summary: Ashraf Ghani flew with bags full of dollars