നജീബുല്ലയുടെ മൃതദേഹം വിളക്കുകാലിൽ കെട്ടിത്തൂക്കി; താലിബാൻ ക്രൂരതയ്ക്ക് കാൽനൂറ്റാണ്ട്
Mail This Article
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ആദ്യ വരവറിയിച്ച ആ നടുക്കുന്ന ദൃശ്യത്തിന് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. 1996ലെ ഇതേ ദിവസമാണ് അഫ്ഗാൻ മുൻ പ്രസിഡന്റ് ഡോ. മുഹമ്മദ് നജീബുല്ലയുടെ (49) മൃതദേഹം കാബൂൾ നഗരത്തിലെ വിളക്കുകാലിൽ തൂങ്ങിയാടിയത്. അധികാരപ്രവേശം ആഘോഷിച്ച താലിബാന്റെ ക്രൂരത.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവായിരുന്ന നജീബുല്ല 1986ൽ അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റ് പദമേറ്റതു തന്നെ ആഭ്യന്തര യുദ്ധത്തിന്റെ നടുവിലാണ്. സോവിയറ്റ് പിന്തുണയോടെ സർക്കാർ സേനയും യുഎസ്, പാക്ക് പിന്തുണയോടെ മുജാഹിദീനുകളും തുടർച്ചയായി ഏറ്റുമുട്ടിയ കാലം. 1989ൽ സോവിയറ്റ് സൈന്യം പിൻവാങ്ങിയതോടെ കമ്യൂണിസ്റ്റ് സർക്കാരിന്റെ പതനവും തുടങ്ങി.
ജനറൽ അബ്ദുൽ റഷീദ് ദോസ്തം ഉൾപ്പെടെ സൈനിക നേതൃത്വം മുജാഹിദീൻ പക്ഷത്തേക്ക് മാറിയതോടെ അധികാരമൊഴിയാൻ അദ്ദേഹം നിർബന്ധിതനായി. 1992ൽ ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കാബൂളിലെ യുഎൻ മന്ദിരത്തിൽ അഭയം തേടി. നാലുവർഷം അവിടെ കഴിഞ്ഞു.നജീബുല്ലയ്ക്ക് രാജ്യം വിടാനായില്ലെങ്കിലും ഭാര്യയും മക്കളും ഇന്ത്യയിലെത്തിയിരുന്നു.
1996ൽ മുജാഹിദീൻ വിഭാഗങ്ങളെ തോൽപിച്ച് താലിബാൻ കാബൂളിൽ പ്രവേശിച്ചതിനു പിന്നാലെ നജീബുല്ലയെയും സഹോദരൻ ഷാഹ്പുർ അഹ്മദ്സിയെയും പിടികൂടുകയായിരുന്നു. ക്രൂരമായി മർദിച്ചശേഷം വാഹനത്തിനു പിന്നിൽ കെട്ടിവലിച്ചു. വെടിവച്ചു. 1996 സെപ്റ്റംബർ 27ന് കാബൂൾ ഉണർന്നത് ക്രൂരമർദനമേറ്റ പാടുകളോടെ തൂങ്ങിക്കിടന്ന ആ മൃതദേഹങ്ങളുടെ കാഴ്ചയിലേക്കാണ്.
English Summary: Former Afghan president Najibullah death anniversary