ത്രികക്ഷി സഖ്യം ധാരണയിലെത്തി: ജർമനിയിൽ ഷോൽസ് ചാൻസലറാകും
Mail This Article
ബർലിൻ ∙ ജർമനിയിൽ പുതിയ മന്ത്രിസഭയുണ്ടാക്കാൻ സോഷ്യൽ ഡമോക്രാറ്റ്സ് (എസ്പിഡിആർ), ഗ്രീൻ പാർട്ടി, ഫ്രീ ഡമോക്രാറ്റ്സ് (എഫ്ഡിപി) എന്നിവ ധാരണയിലെത്തിയതായി എസ്പിഡി നേതാവും നിയുക്ത ചാൻസലറുമായ ഒലാഫ് ഷോൽസ് അറിയിച്ചു. സഖ്യ ഉടമ്പടിക്ക് പാർട്ടികളുടെ അനുമതി ലഭിച്ചാൽ ത്രികക്ഷി സഖ്യസർക്കാർ നിലവിൽ വരും.
അംഗല മെർക്കലിന്റെ പിൻഗാമിയായി എസ്പിഡി നേതാവും ഇപ്പോഴത്തെ വൈസ് ചാൻസലറും ധനമന്ത്രിയുമായ ഒലാഫ് ഷോൽസ് പുതിയ ചാൻസലറാകും. കൽക്കരി ഉപയോഗിച്ചുള്ള ഊർജ ഉൽപാദനം അവസാനിപ്പിക്കുന്നത് 2038 ൽ നിന്ന് 2030ലേക്കു മാറ്റണമെന്ന ഗ്രീൻസിന്റെ ആവശ്യവും നികുതി വർധന അരുതെന്ന എഫ്ഡിപിയുടെ ആവശ്യവും എസ്പിഡി അംഗീകരിച്ചിട്ടുണ്ട്.
സഖ്യ ഉടമ്പടി പ്രകാരം എഫ്ഡിപി നേതാവ് ക്രിസ്റ്റ്യൻ ലിൻഡർ ധനമന്ത്രിയാവും. ഗ്രീൻസിന്റെ റോബർട് ഹാബക് പരിസ്ഥിതി മന്ത്രിയും. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജർമനിയിൽ നിന്നല്ലെങ്കിൽ രാജ്യത്തിന്റെ യൂറോപ്യൻ കമ്മിഷണറെ നാമനിർദേശം ചെയ്യാനുള്ള അധികാരം ഗ്രീൻസിനായിരിക്കും. ജർമനി നാറ്റോയുടെ ഭാഗമായി തുടരും. യൂറോപ്യൻ യൂണിയനെ ശക്തിപ്പെടുത്താൻ 3 പാർട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും ഉടമ്പടിയിൽ പറയുന്നു.
English Summary: Olaf Scholz to be German chancellor