വിമാനത്തിൽ ടൈസന്റെ ബോക്സിങ്; പഞ്ചറായി സഹയാത്രികൻ
Mail This Article
സാൻഫ്രാൻസിസ്കോ ∙ വിമാനയാത്രയ്ക്കിടെ സഹയാത്രികനെ ഇടിച്ചു പഞ്ചറാക്കി മുൻ ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യൻ മൈക്ക് ടൈസൻ. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ ആഭ്യന്തരയാത്രയ്ക്കിടെ ജെറ്റ് ബ്ലൂ വിമാനത്തിലെ ഫസ്റ്റ്ക്ലാസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫ്ലോറിഡയ്ക്ക് പോകാനൊരുങ്ങിയ വിമാനത്തിലാണ് ചോരചീറ്റിയ ബോക്സിങ് രംഗങ്ങൾ അരങ്ങേറിയത്.
സീറ്റിൽ കയറി നിന്ന് പിൻസീറ്റിലെ യാത്രക്കാരനെ ടൈസൻ കണക്കിന് തലക്കടിക്കുന്ന വിഡിയോ വൈറലായി. രക്തമൊലിപ്പിച്ച നിലയിലായിരുന്നു മർദനമേറ്റ യാത്രികൻ. എന്നാൽ, സഹയാത്രികൻ മോശമായ വാക്കുകൾ കൊണ്ട് ടൈസനെ പ്രകോപിപ്പിച്ചെന്നും വെള്ളക്കുപ്പി വലിച്ചെറിഞ്ഞെന്നും ടൈസന്റെ വക്താക്കൾ അറിയിച്ചു. അടിക്കുമുൻപ് ഇയാൾ ടൈസന്റെ മുന്നിൽ നിന്ന് കൈകളുയർത്തി സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നു. ഈ സമയമെല്ലാം നിശ്ശബ്ദനായിരിക്കുകയായിരുന്നു ടൈസൻ.
ഇതേ യാത്രക്കാരൻ വിമാനത്തിൽ കയറുംമുൻപ് വിമാനത്താവളത്തിലെ ബാറിൽ മദ്യപിച്ചു ബഹളം വയ്ക്കുന്നത് കണ്ടതായി മറ്റൊരു യാത്രക്കാരി സാറ ബർക്ക് ഫീൽഡ് പറഞ്ഞു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. പൊലീസുമായി സഹകരിക്കാൻ മർദനമേറ്റയാൾ വിസമ്മതിച്ചു.
മൈക്ക് ടൈസൻ (55) ബോക്സിങ്ങിൽ നിന്ന് വിരമിച്ച ശേഷം നടനായും പോഡ്കാസ്റ്ററായും പുതിയ റോളിലാണിപ്പോൾ. അടുത്തിടെ ഒരു തെലുങ്കു ചിത്രത്തിലും അഭിനയിച്ചിരുന്നു.1987 ൽ 20–ാം വയസ്സിൽ ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനായാണ് ടൈസൻ ബോക്സിങ് രംഗത്ത് വരവറിയിച്ചത്. പീഡനക്കുറ്റത്തിന് 1990 ൽ 3 വർഷം ജയിലിൽ കിടന്നെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടു.
English Summary: Mike Tyson punches airline passenger