സ്ത്രീവേഷത്തിൽ വീൽചെയറിൽ എത്തി, കേക്കിലെ ക്രീം വാരിത്തേച്ചു; അതിക്രമം മോണ ലീസയോട്
Mail This Article
പാരിസ് ∙ ചക്രക്കസേരയിൽ ഉരുണ്ടുനീങ്ങി ലൂവ്ര് മ്യൂസിയം കാണാൻ വന്ന ചിത്രകലാപ്രേമിയായ പാവം സ്ത്രീ. ലോകപ്രശസ്ത പെയിന്റിങ്ങായ മോണ ലീസ മായാസ്മിതവുമായി നിൽക്കുന്ന ചുവരിനു സമീപം എത്തിയപ്പോൾ അവരുടെ വിധം മാറി. കൃത്രിമമുടി ധരിച്ച സ്ത്രീ ചക്രക്കസേരയിൽനിന്ന് ചാടിയെഴുന്നേറ്റു. എല്ലാവരും നോക്കുമ്പോൾ പെൺവേഷം കെട്ടിയ പുരുഷൻ!
ഇറ്റാലിയൻ പ്രതിഭ ലിയൊനാർഡൊ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന ചില്ലുകൂട് ഇടിച്ചു തകർക്കാനായി കക്ഷിയുടെ ശ്രമം. അതു പരാജയപ്പെട്ടപ്പോൾ, കയ്യിലിരുന്ന കേക്ക് വലിച്ചെറിഞ്ഞ് അതിലെ ക്രീമെല്ലാം ചില്ലിനുമേൽ മെഴുകി. പിന്നെ കുറേ റോസാപ്പൂക്കൾ നിലത്തു വാരി വിതറി.
മറ്റു സന്ദർശകർ ഞെട്ടിത്തരിച്ചു നിൽക്കുമ്പോൾ സുരക്ഷാഉദ്യോഗസ്ഥർ ഓടിവന്ന് കഥാപാത്രത്തെ പിടിച്ചുകൊണ്ടുപോയി. ‘ഭൂമിയുടെ കാര്യം ഓർത്തുനോക്ക്; മനുഷ്യരെല്ലാം ഭൂമിയെ നശിപ്പിക്കുകയാണ്’ എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്ന ഇയാൾ പരിസ്ഥിതി ആക്ടിവിസത്തിന്റെ മറവിൽ ശ്രദ്ധ പിടിച്ചുപറ്റാനായി കാട്ടിയ അടവായിരുന്നു മോണ ലീസയുടെ നേർക്കുള്ള അതിക്രമമെന്നു കരുതുന്നു.
ഡാവിഞ്ചി ഇറ്റലിയിലെ ഫ്ലോറൻസിൽ താമസിക്കുമ്പോൾ, 1503 നും 1519 നും ഇടയിലെപ്പൊഴോ ആണു മോണ ലീസ പൂർത്തിയാക്കിയത്. ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലെത്തിയ ശേഷം 1956 ൽ ഈ പെയിന്റിങ്ങിനുനേരെ ആസിഡ് ആക്രമണം നടന്നു. അടിഭാഗം മുഴുവൻ അന്ന് കേടു പറ്റി. അതിനു ശേഷമാണു സുരക്ഷ ശക്തമാക്കി മോണ ലീസയെ ബുള്ളറ്റ്പ്രൂഫ് ചില്ലുകൂട്ടിൽ കയറ്റിയത്.
English Summary: Man dressed as elderly lady throws cake at Mona Lisa in Paris