മഹിന്ദ, ബേസിൽ; വിദേശയാത്ര വിലക്ക് നീട്ടി സുപ്രീം കോടതി
Mail This Article
കൊളംബോ ∙ ശ്രീലങ്കയിൽ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ, സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സെ എന്നിവർ രാജ്യം വിട്ടുപോകുന്നതിനുള്ള വിലക്ക് സുപ്രീം കോടതി ഓഗസ്റ്റ് 2 വരെ നീട്ടി. ശ്രീലങ്കയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം രാജപക്സെ സഹോദരൻമാരുടെ ദുർഭരണമാണെന്ന് ആരോപിച്ച് സിലോൺ ചേംബർ ഓഫ് കൊമേഴ്സ് മുൻ ചെയർമാൻ ചന്ദ്ര ജയരത്നെയുൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് നടപടി. ഈ കേസിൽ പ്രസിഡന്റ് റനിൽ വിക്രമസിംഗയെ കോടതി നടപടികളിൽ നിന്നൊഴിവാക്കിയും സുപ്രീംകോടതി ഉത്തരവ് നൽകി.
ഈസ്റ്റർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലും പ്രസിഡന്റ് പദവിയുടെ പരിരക്ഷയുള്ളതിനാൽ റനിലിനെ കോടതി നടപടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ആദ്യത്തെ കേസിൽ 39 പേർക്കെതിരെയാണ് നിയമനടപടിയാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ, ഗോട്ടബയ പദവി രാജിവച്ചതിനാൽ ഈ പരിരക്ഷയ്ക്ക് അർഹനല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സിംഗപ്പൂരിൽ കഴിയുന്ന മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്ക് 14 ദിവസത്തേക്ക് കൂടി വീസ കാലാവധി നീട്ടിക്കിട്ടി. ജനരോഷത്തെ തുടർന്ന് രാജ്യംവിട്ട് ജൂലൈ 14 നാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്.
English Summary: Sri Lanka's Supreme Court extends overseas travel ban on Rajapaksa brothers