യുഎസ് ജനപ്രതിനിധിസഭ: ഫലമറിയാൻ 18 സീറ്റ് കൂടി; മത്സരം കടുത്തു
Mail This Article
വാഷിങ്ടൻ ∙ യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണത്തിനായുള്ള മത്സരം ശക്തമാകുന്നു. 435 അംഗ സഭയിൽ 211 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടി മുന്നിലാണെങ്കിലും 206 സീറ്റുമായി ഡെമോക്രാറ്റുകൾ തൊട്ടു പിന്നിലുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇനിയും 18 സീറ്റിലെ ഫലം കൂടി വരാനുണ്ട്. ഇതിൽ 13 സീറ്റുകളിലെ ഫലം പ്രവചനാതീതമാണ്.
കലിഫോർണിയയിൽ നിന്നുള്ള 10 സീറ്റിലാണ് റിപ്പബ്ലിക്കൻ പ്രതീക്ഷ. ഡെമോക്രാറ്റുകൾ ജോർജിയയിലും പ്രതീക്ഷ വയ്ക്കുന്നു. അരിസോന ഗവർണർ സ്ഥാനത്തേക്കു കടുത്ത മത്സരമാണ് നടക്കുന്നത്. ട്രംപിന്റെ അടുത്ത അനുയായിയും 2020 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് അവകാശപ്പെടുന്നയാളുമായ കാരി ലെയ്ക് പിന്നിലാണ്.
സെനറ്റിന്റെ നിയന്ത്രണം പിടിച്ച ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ജോർജിയയിൽ ഡിസംബർ 6ന് നടക്കുന്ന റൺ ഓഫിൽ വിജയിച്ച് സെനറ്റിൽ വ്യക്തമായ ഭൂരിപക്ഷം നേടാനാവുമെന്ന് ഡെമോക്രാറ്റ് പാർട്ടി പ്രതീക്ഷിക്കുന്നു.
ഇതേസമയം, സ്പീക്കർ സ്ഥാനത്തിനായും കടുത്ത മത്സരത്തിനു സാധ്യത തെളിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെവിൻ മക്കാർത്തി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടിയിലെ ഫ്രീഡം കോക്കസ് മക്കാർത്തിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. ഡെമോക്രാറ്റ് പാർട്ടി പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാക്കിയതിനാൽ സ്പീക്കർ നാൻസി പെലോസി സ്ഥാനമൊഴിയാൻ തിടുക്കം കാട്ടുന്നില്ല.
English Summary: USA House control hinges on tight races after Democrats take Senate