സുഡാനിൽ അരാജകത്വം; മുൻ ഏകാധിപതിയും കൂട്ടരും ജയിൽ ചാടി
Mail This Article
ഖാർത്തൂം ∙ വെടിനിർത്തൽ ധാരണയിൽ ആഭ്യന്തര യുദ്ധത്തിന് സുഡാനിൽ നേരിയ ശമനം. യുഎസ് സമ്മർദത്തിൽ ഇന്നു വൈകിട്ടു വരെ വെടിനിർത്തലിനാണ് സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ധാരണയായത്. എന്നാൽ, ജനങ്ങളുടെ ദുരിതത്തിന് തെല്ലും കുറവില്ല.
ഊർജ പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും ചികിത്സാ സൗകര്യത്തിന്റെ അഭാവവും ജനജീവിതം നരകതുല്യമാക്കി. ജലക്ഷാമവും രൂക്ഷമാണ്. കടകൾ മിക്കതും കൊള്ളയടിക്കപ്പെട്ടു. 11 ദിവസം പിന്നിട്ട യുദ്ധം മൂലം സ്ഥിതി ഓരോ ദിവസവും കൂടുതൽ വഷളാവുകയാണ്. കൊള്ളയും കൊള്ളിവയ്പും നിർബാധം തുടരുന്നു. വിദേശരാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോകുന്നതു തുടരുന്നു.
ആഭ്യന്തരയുദ്ധം മുതലാക്കി മുൻ ഏകാധിപതി ഒമർ അൽ ബഷീറും കൂട്ടാളികളും ചികിത്സയ്ക്കെന്ന പേരിൽ ഖാർത്തൂമിലെ കോബർ ജയിൽ വിട്ട് ആശുപത്രിയിലെത്തി അവിടെനിന്ന് രക്ഷപ്പെട്ടതും സ്ഥിതി സങ്കീർണമാക്കുന്നു. ഇവർ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതിയിലാണ് ജനം. 2019 ൽ ഭരണകൂടത്തെ അട്ടിമറിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച അഹമ്മദ് ഹാറൂണും കൂട്ടാളികളും ജയിലിൽനിന്ന് രക്ഷപ്പെട്ടതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.
English Summary: Sudan's ousted ex president Omar al Bashir escaped from jail