അധികാര ദുർവിനിയോഗം: ബ്രസീൽ മുൻ പ്രസിഡന്റിനെ കോടതി വിലക്കി
Mail This Article
ബ്രസീലിയ ∙ ബ്രസീലിലെ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോവിന് പൊതുപദവികൾ വഹിക്കുന്നതിൽനിന്ന് 2030 വരെ കോടതി വിലക്കേർപ്പെടുത്തി. തീവ്ര വലതുപക്ഷക്കാരനായ ബൊൽസൊനാരോ (68) കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായി അധികാരദുർവിനിയോഗം നടത്തിയെന്നും ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് പ്രതിഛായ വളർത്താൻ ശ്രമിച്ചെന്നും ഫെഡറൽ ഇലക്ടറൽ കോടതി കണ്ടെത്തി.
തിരഞ്ഞെടുപ്പിന് മുൻപ് അംബാസഡർമാരുടെ യോഗം വിളിച്ച ബൊൽസൊനാരോ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ക്രമക്കേട് നടത്താൻ കഴിയുന്നതാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെപ്പറ്റി അടിസ്ഥാനരഹിതമായ സംശയങ്ങൾ പൊതുസമൂഹത്തിൽ പരത്തുകയും ചെയ്തുവെന്നു കോടതി കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലുല ഡസിൽവ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പരാജയം സമ്മതിക്കാതെ ബൊൽസൊനാരോ അനുയായികളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടിരുന്നു. 2026ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നത് ബൊൽസൊനാരോയ്ക്ക് തിരിച്ചടിയാണ്. വിചാരണ പ്രഹസനമായിരുന്നുവെന്ന് ആരോപിച്ച ബൊൽസൊനാരോ അടുത്ത തിരഞ്ഞെടുപ്പിൽ ഭാര്യ മിഷേലിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി.
English Summary : Abuse of power, Court bans former president of Brazil