ADVERTISEMENT

തകർന്ന വീടുകൾ, തീപിടിച്ച് നശിച്ച പെട്രോൾ പമ്പുകൾ, ഷെല്ലാക്രമണത്തിൽ നശിച്ച ഫാക്ടറികൾ...മരിയുപോൾ നഗരത്തിന്റെ വടക്കുള്ള വെലിക നോവോസിൽക്ക ശരിക്കും പ്രേതനഗരമാണ്. 

അപൂർവം വീടുകൾ മാത്രമാണ് തലയുയർത്തി നിൽക്കുന്നത്. ഈ വീടുകളുടെയും തകർന്ന ജനാലകളും ചുമരുകളും സമീപപ്രദേശങ്ങളിലുണ്ടായ മിസൈലാക്രമണങ്ങളുടെ ആഘാതം കാണിച്ചുതരുന്നു. ഇത്തരമൊരു വീടാണ് യുക്രെയ്ൻ സൈന്യം നിരീക്ഷണത്തിന് ആസ്ഥാനമാക്കിയിട്ടുള്ളത്. ഭൂഗർഭ അറയിൽ നിന്നാണു പ്രവർത്തനം. 

നോവോസിൽക്ക നഗരത്തിലേക്ക് നാട്ടുകാരെമാത്രമേ കടത്തിവിടുന്നുള്ളൂ. സമീപനഗരമായ ബോഹതറിൽനിനാണ് ഞാൻ അവിടേക്ക് പോയത്. യാത്രയ്ക്കിടയിൽ രാത്രി ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി എനിക്കു തോന്നി. തൊട്ടുപിന്നാലെ വാലുപോലെ വെളുത്ത എന്തോ കൂടി കണ്ടു. അതൊരു വാൽനക്ഷത്രമാണല്ലോ എന്നു തോന്നി. 

എന്റെ കൗതുകം കണ്ടപ്പോൾ ഡ്രൈവർ യൂറോസ്​ലോവ് പറഞ്ഞു: അതൊരു മിസൈൽ ആണ്. ഒരുപക്ഷേ റഷ്യൻ മേഖലയിലേക്ക് യുക്രെയ്ൻ സൈന്യം തൊടുത്തതാകാം. സോവിയറ്റ് കാലത്തു

അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ടിച്ചിട്ടുള്ള ഭടനാണു യൂറോസ്​ലോവ്. എന്നോട് മൊബൈൽ ഫോൺ എയർപ്ലേ​ൻ മോഡിലേക്ക് മാറ്റാൻ യൂറോസ്​ലോവ് നിർദേശിച്ചു. നഗരത്തിലേക്ക് അടുക്കുമ്പോൾ സ്ഫോടനങ്ങളുടെ ശബ്ദം ഉയർന്നു. 

കമാൻഡ് സെന്ററിലെത്തിയപ്പോൾ അർധരാത്രിയായി. ‘ഫ്രെഞ്ച്’ എന്ന പേരിലറിയപ്പെടുന്ന കമാൻഡർ എന്നെ സ്വാഗതം ചെയ്തു. പകൽ പോലെ രാത്രിയും അവിടെ തിരക്കാണ്. ജോലി കഴിഞ്ഞെത്തിയ സൈനികർ ഉറങ്ങുന്നു. ബാക്കി സ്ഥലം നിറയെ യന്ത്രത്തോക്കുകൾ നിറച്ചിരിക്കുന്നു.

 ചുമരിൽ വലിയ ടിവി സ്ക്രീനിൽ റഷ്യൻസേന നിൽപ്പുറപ്പിച്ച സ്ഥലങ്ങളുടെ ദൃശ്യങ്ങൾ ഡ്രോണുകൾ രാത്രി പകർത്തിയതു കാണിക്കുന്നു. റഷ്യൻ സൈനികരുടെ നീക്കം മനസിലാക്കി കാട്ടിനുള്ളിലെ യുക്രെയ്ൻ ഒളിപ്പോരാളികൾക്ക് നിർദേശം നൽകുന്നു. 

ടെലികമ്യൂണിക്കേഷൻ ബിരുദധാരിയായ അലക്സിന് (23) ആണ് നിയന്ത്രണം. അലക്സ് വാക്കി ടോക്കി വഴി ഡ്രോൺ പ്രവർത്തിപ്പിക്കുന്നയാൾക്ക് നിർദേശം നൽകുന്നു. ഇതിനിടെ പെട്ടെന്ന് ഒരു റഷ്യൻ ഭടൻ ഭൂഗർഭഅറയിൽ നിന്ന് പുറത്തേക്ക് വരുന്നതു കാണുന്നു. പെട്ടെന്നു കമാൻഡ് സെന്റർ ഉണർന്നു. 

വിശ്രമിക്കുന്നവരെല്ലാം സ്ക്രീനിനു സമീപമെത്തി റഷ്യൻ സൈനികനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. അലക്സിന്റെ നിർദേശമനുസരിച്ച് ഡ്രോൺ പറത്തുന്നയാൾ കൂടുതൽ അടുത്തേക്ക് ചെല്ലാനും സൂം ചെയ്യാനും തുടങ്ങി. പെട്ടെന്ന് റഷ്യൻ സൈനികനെ കാണാതായി. അതോടെ മുറിയിലുള്ള എല്ലാവരും നിരാശരായി. 

കമാൻഡർ ‘ഫ്രെഞ്ച്’ പലവട്ടം നേരിട്ടെത്തി നിർദേശം നൽകുന്നുണ്ടായിരുന്നു. യുക്രെയ്ൻ സേനയുടെ വിജയം ഉറപ്പാക്കാൻ താൻ 24 മണിക്കൂറും അധ്വാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള കമാൻഡ് സെന്ററുകളിൽ നിന്നു നൽകുന്ന വിവരങ്ങളും രഹസ്യങ്ങളും യുദ്ധത്തിൽ വളരെ നിർണായകമാണ്. 

ഡ്രോൺ വഴിയുള്ള രഹസ്യാന്വേഷണവും നിരീക്ഷണവും യുദ്ധരംഗത്തുള്ളവർക്ക് നിർദേശം നൽകാൻ ഉപയോഗിക്കുന്നു. റഷ്യൻ പട്ടാളത്തെ ലക്ഷ്യമാക്കി ടാങ്കുകൾ നീങ്ങുന്നതും മിസൈലുകൾ തൊടുക്കുന്നതും ഈ വിവരങ്ങൾ ഉപയോഗിച്ചാണ്. യാത്രയ്ക്കിടെ ഞാൻ കണ്ട റോക്കറ്റും ഇതുപോലുള്ള കമാൻഡ് സെന്ററുകളിൽ നിന്നുള്ള നിർദേശം അനുസരിച്ച് തൊടുത്തതായിരിക്കും. 

 

റഷ്യൻ മിസൈൽ ഏറ്റ് ഒരുമരണം, പുരാതന പള്ളിയും തകർത്തു

 

 

കീവ്∙ യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിൽ‌ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. ഇതിൽ 4 കുട്ടികളുമുണ്ട്. 6 വീടുകളും ആക്രമണത്തിൽ തകർന്നു. ധാന്യക്കയറ്റുമതി നടത്തുന്ന തുറമുഖത്തിലേക്ക് റഷ്യ അടുത്തിടെയായി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 

യുഎൻ പൈതൃക പട്ടികയിലുള്ള ഓർത്തഡോക്സ് പള്ളിയായ ട്രാൻസ്ഫിഗറേഷൻ കത്തീഡ്രലും തകർന്നു. 1794ൽ സ്ഥാപിക്കപ്പെട്ട പള്ളി രണ്ടാം തവണയാണ് നശിപ്പിക്കപ്പെടുന്നത്. 1936ൽ സ്റ്റാലിൻ ഭരണകാലത്ത് പള്ളി തകർത്തിരുന്നു.

 1991ൽ സോവിയറ്റ് യൂണിയൻ തകർന്ന് യുക്രെയ്ൻ സ്വതന്ത്ര രാഷ്ട്രമായപ്പോഴാണ് പുനർനിർമിച്ചത്. 

എന്നാൽ യുക്രെയ്ൻ ആക്രമണത്തിലാണ് പള്ളി തകർന്നതെന്നാണ് റഷ്യ പ്രതികരിച്ചത്.

 

English Summary: Russian attack on Odesa kills one, damages cathedral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com