യുക്രെയ്നിനും ലോകത്തിനുമായി ഫാത്തിമയിൽ പ്രാർഥിച്ച് മാർപാപ്പ
Mail This Article
ഫാത്തിമ (പോർച്ചുഗൽ) ∙ യുക്രെയ്നിലും ലോകം മുഴുവനും സമാധാനത്തിനായി ഫാത്തിമമാതാ തീർഥാടന ദേവാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്നു മാർപാപ്പ പല തവണ അഭ്യർഥിച്ചിരുന്നു.
ലിസ്ബണിൽ നിന്ന് ഹെലികോപ്റ്ററിൽ എത്തിയ മാർപാപ്പ ഇവിടത്തെ രോഗികളും ഭിന്നശേഷിക്കാരുമായ അന്തേവാസികൾക്കൊപ്പം ജപമാല പ്രാർഥനയിൽ പങ്കെടുത്തു. തലേദിവസം രാത്രി തന്നെ എത്തി ദേവാലയത്തിലും പരിസരത്തുമായി തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികൾക്കൊപ്പം മാർപാപ്പ ദിവസം മുഴുവൻ ധ്യാനത്തിലും പ്രാർഥനയിലും ചെലവഴിച്ചു. വൈകിട്ട് ലിസ്ബണിലേക്കു മടങ്ങിയ മാർപാപ്പ ലോക കത്തോലിക്കാ യുവജനമേളയുടെ ഭാഗമായ രാത്രി ജാഗരണ പ്രാർഥനയിൽ പങ്കെടുത്തു. ഇന്ന് മാർപാപ്പയുടെ പൊതു കുർബാനയോടെ മേള സമാപിക്കും.
1917 ൽ പരിശുദ്ധ കന്യകാമറിയം ഇടയ സഹോദരങ്ങളായ ഫ്രാൻസിസ്കോയ്ക്കും ജസീന്തയ്ക്കും അവരുടെ ബന്ധു ലൂസിയയ്ക്കും മുന്നിൽ 6 തവണ പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് പ്രസിദ്ധമായ ഫാത്തിമമാതാ തീർഥാടന ദേവാലയം. ഇവരിൽ 2 പേരെ 2017 ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.
English Summary : Pope Francis prays for Ukraine and the world at Fatima